Wednesday, September 28, 2011

ദേശീയ വാർത്തകൾ

സ്പെക്ട്രം: ഇനി സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്ന് കേന്ദ്രം

സ്പെക്ട്രം കേസില്‍ ഇനി സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് കേന്ദ്രം. പ്രത്യേക കോടതിയും സിബിഐയും അവരുടെ ചുമതലകള്‍ നിറവേറ്റും. സിബിഐ അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കില്ലെന്ന് പറയാന്‍ ന്യായമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി വിചാരണ കോടതിയെയും സമീപിച്ചിട്ടുണ്ട്. അതുകൊണ്ട് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കേണ്ടതില്ല- സുപ്രീംകോടതിയില്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി പി റാവു പറഞ്ഞു.

സ്പെക്ട്രം അഴിമതിയിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനെതിരെ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ചു. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവാദ കുറിപ്പടക്കം സിബിഐ അന്വേഷിക്കുമെന്നും ജസ്റ്റിസുമാരായ ജി എസ് സിങ്‌വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ റാവു പറഞ്ഞു. ചിദംബരത്തിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണം എന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ധനമന്ത്രാലയത്തിന്റേതായി ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള കുറിപ്പിനെ കുറിച്ച് സിബിഐ അന്വേഷിച്ച് സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും കേന്ദ്രം പറഞ്ഞു. സിബിഐക്ക് വേണ്ടി ഹാജരായ കെ കെ വേണുഗോപാല്‍ സര്‍ക്കാര്‍ വാദത്തെ എതിര്‍ത്തു. സിബിഐ സ്വതന്ത്രമാണ്. സ്വയംഭരണ സ്ഥാപനമാണ്. ചിദംബരത്തെ സിബിഐ സംരക്ഷിക്കുകയാണെന്ന ധാരണ മാധ്യമങ്ങളിലൂടെയും മറ്റും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാല്‍ വാദിച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ വിചാരണ കോടതിക്ക് അധികാരമില്ലാത്തതുകൊണ്ടാണ് താന്‍ സുപ്രീംകോടതിയെ സമീപിച്ചതെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ചിദംബരത്തിനെതിരെ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് പുതിയ വെളിപ്പെടുത്തലുകളാണ്. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്- സ്വാമി പറഞ്ഞു.

വോട്ടുകോഴ: കുല്‍ക്കര്‍ണി അറസ്റ്റില്‍

വോട്ടുകോഴ കേസില്‍ എല്‍ കെ അദ്വാനിയുടെ സഹായിയും ബിജെപി നേതാവുമായ സുധീന്ദ്ര കുല്‍ക്കര്‍ണിയെ അറസ്റ്റു ചെയ്തു. കുല്‍ക്കര്‍ണിയുടെ ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. തുടര്‍ന്ന് തിഹാര്‍ ജയിലിലടച്ചു. ചൊവ്വാഴ്ച കുല്‍ക്കര്‍ണിയുടെ ജാമ്യാപേക്ഷ പരിഗണിച്ച പ്രത്യേക കോടതി ജഡ്ജി സംഗീത ദിങ്‌ര സെഗാള്‍ , ജാമ്യാപേക്ഷയില്‍ പരിഗണിക്കാന്‍ തക്ക ഒന്നുമില്ലെന്നു ചൂണ്ടിക്കാട്ടി. കുല്‍ക്കര്‍ണി സമര്‍പ്പിച്ചിട്ടുള്ള സാധാരണ ജാമ്യാപേക്ഷ ഒക്ടോബറില്‍ കേള്‍ക്കാമെന്നും കോടതി അറിയിച്ചു. അതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയണം. അമേരിക്കയിലായിരുന്ന കുല്‍ക്കര്‍ണി കഴിഞ്ഞ രണ്ടുതവണ കേസ് പരിഗണിച്ചപ്പോഴും ഹാജരായിരുന്നില്ല. ഇനിയും ഹാജരാകാതിരുന്നാല്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിരുന്നു.

വിശ്വാസവോട്ട് അതിജീവിക്കുന്നതിന് ഒന്നാം യുപിഎ സര്‍ക്കാര്‍ നടത്തിയ അഴിമതി തുറന്നുകാട്ടുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് സുധീന്ദ്ര കുല്‍ക്കര്‍ണി പ്രത്യേക കോടതിമുമ്പാകെ പറഞ്ഞു. സാധാരണ ജാമ്യത്തിനുള്ള അപേക്ഷ കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് കുല്‍ക്കര്‍ണി അഭ്യര്‍ഥിച്ചു. അന്വേഷണ ഏജന്‍സിയുമായി എപ്പോഴും സഹകരിച്ചിട്ടുണ്ട്. തന്നെ കസ്റ്റഡിയിലെടുക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ല. അഴിമതി തുറന്നുകാട്ടുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. ഇതിനായി മൂന്ന് ബിജെപി എംപിമാര്‍ക്കും സൊഹൈല്‍ ഹിന്ദുസ്ഥാനിക്കും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു- കുല്‍ക്കര്‍ണി പറഞ്ഞു. കുല്‍ക്കര്‍ണിക്ക് ജാമ്യം അനുവദിക്കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജീവ് മോഹന്‍ എതിര്‍ത്തു. പ്രതികളില്‍ ചിലരെമാത്രം അറസ്റ്റുചെയ്യുകയും മറ്റു ചിലരെ ഒഴിവാക്കുകയും ചെയ്യുന്ന ഡല്‍ഹി പൊലീസിന്റെ നടപടിയെ വാദത്തിനിടെ കോടതി വിമര്‍ശിച്ചു. ഇത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ആസൂത്രണകമീഷന്‍ കണക്ക് അംഗീകരിക്കാനാകില്ല: വിദഗ്ധര്‍


ദാരിദ്ര്യരേഖ നിശ്ചയിക്കുന്നതിനുള്ള വരുമാനപരിധിയായി നഗരങ്ങളില്‍ പ്രതിദിനം 32 രൂപയും ഗ്രാമങ്ങളില്‍ 26 രൂപയുമെന്ന ആസൂത്രണ കമീഷന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രമുഖ സാമ്പത്തികവിദഗ്ധര്‍ . ഏതു മാനദണ്ഡമനുസരിച്ച് ദാരിദ്ര്യം അളന്നാലും രാജ്യത്തെ ദരിദ്രരുടെയും പട്ടിണിക്കാരുടെയും എണ്ണം വിപുലമായിത്തന്നെ തുടരുമെന്ന് 27 സാമ്പത്തികവിദഗ്ധര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും നേരിടുന്നതിന് സാര്‍വത്രിക പൊതുവിതരണസംവിധാനം പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയില്‍ ഇത് സാധ്യമാണ്. എന്നുമാത്രമല്ല ഉയര്‍ന്ന ഭക്ഷ്യവിലകളുടെ പശ്ചാത്തലത്തില്‍ മുന്‍ഗണനയോടെ കാണേണ്ട നയമായി പരിഗണിക്കുകയും വേണം. രാജ്യത്തെ ദരിദ്രരുടെ എണ്ണം, എണ്ണത്തില്‍ കുറവുണ്ടോ തുടങ്ങിയ വിഷയങ്ങളിലെല്ലാം അക്കാദമിക് സംവാദങ്ങള്‍ തുടരാമെങ്കിലും ഭക്ഷ്യലഭ്യതപോലുള്ള അടിസ്ഥാന ആവശ്യങ്ങളെ ഔദ്യോഗിക ദാരിദ്ര്യനിരക്കുമായി ബന്ധപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. ഇത് തെറ്റായ ഫലം സൃഷ്ടിക്കുകയും ചെയ്യും.

പൊതുവിതരണസംവിധാനത്തില്‍ "97ല്‍ വരുത്തിയ എപിഎല്‍ - ബിപിഎല്‍ തരംതിരിവ് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. അര്‍ഹരായ ഒട്ടേറെയാളുകള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടു. പൊതുവിതരണസമ്പ്രദായത്തെ ഏറെക്കുറെ സാര്‍വത്രികമായി നിലനിര്‍ത്തുന്ന സംസ്ഥാനങ്ങളില്‍ ഭക്ഷ്യധാന്യങ്ങളും മറ്റും കൂടുതല്‍ ചെലവാകുകയും ഇതില്‍ ചോര്‍ച്ച കുറയുകയും ചെയ്തു- പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ ബംഗാള്‍ ധനമന്ത്രി അശോക്മിത്ര, അമിയ കുമാര്‍ ബാഗ്ചി, മുന്‍ യുജിസി ചെയര്‍മാന്‍ എസ് കെ തൊറാട്ട്, പ്രഭാത് പട്നായിക്, മധുര സ്വാമിനാഥന്‍ , ധനകമീഷന്‍ അംഗം അതുല്‍ശര്‍മ, ജി എസ് ഭല്ല, എസ് സുബ്രഹ്മണ്യന്‍ , സി പി ചന്ദ്രശേഖര്‍ , ജയതിഘോഷ്, പുലിന്‍ നായക്, മഹേന്ദ്രദേവ്, റിതു ധവാന്‍ , സുനന്ദസെന്‍ , വെങ്കടേഷ് ആത്രേയ, കെ പി കണ്ണന്‍ , നിര്‍മല്‍കുമാര്‍ ചന്ദ്ര, കെ നാഗരാജ്, സഞ്ജയ് റെഡ്ഡി തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

സത്യഗ്രഹത്തിന്റെ ചെലവ്: മോഡിസര്‍ക്കാരിന് ഗവര്‍ണറുടെ നോട്ടീസ്


സമാധാനത്തിനും മൈത്രിക്കും വേണ്ടിയെന്നപേരില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ സത്യഗ്രഹത്തിന്റെ ചെലവുവിവരം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഗവര്‍ണറുടെ നിര്‍ദേശം. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ ഗവര്‍ണര്‍ കാമ്‌ല ബെനിവാള്‍ ആണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. മോഡി സര്‍ക്കാരിനെ വെല്ലുവിളിച്ച് ഗവര്‍ണര്‍ സ്വയം ലോകായുക്തയെ നിയമിച്ചതിന് പിന്നാലെയാണ് സത്യഗ്രഹത്തിന്റെ ചെലവുവിവരം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. വര്‍ഷങ്ങളായി മോഡി സര്‍ക്കാര്‍ ലേകായുക്തയെ നിയമിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ പരാതിയില്‍ ഗവര്‍ണര്‍ ലോകായുക്തയെ നിയമിക്കുകയായിരുന്നു. 17 മുതല്‍ മൂന്ന് ദിവസമാണ് മോഡി സത്യഗ്രഹം നടത്തിയത്. അതിനിടെ, പകര്‍ച്ചവ്യാധി പിടിപെട്ട് 150 പേര്‍ മരിക്കാനിടയായതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ഗുജറാത്ത് നിയമസഭാസമ്മേളനം തടസ്സപ്പെടുത്തി.

No comments:

Post a Comment