Saturday, September 24, 2011

കൃഷ്ണഗിരിഭൂമി ഏറ്റെടുത്തില്ലെങ്കില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തണം: വൃന്ദ

എം വി ശ്രേയാംസ്കുമാര്‍എംഎല്‍എ അനധികൃതമായി കൈവശം വെക്കുന്ന കൃഷ്ണഗിരിയിലെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വയനാട്ടുകാര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. വര്‍ഗ ബഹുജനസംഘടനകളുടെ നേതൃത്വത്തില്‍ "ഭൂപരിഷ്കരണം നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയത്തില്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍ .

ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിന് ഒക്ടോബര്‍ ഏഴുവരെയാണ് മുഖ്യമന്ത്രി സമയപരിധി നിശ്ചയിച്ചത്. അതിനുശേഷവും ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും അവര്‍ പറഞ്ഞു. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഭൂവിതരണമല്ല സര്‍ക്കാറിന്റെ ലക്ഷ്യം. ഭൂമി ഏറ്റടുക്കാനാണ് 1894 ലെ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് ഭേദഗതിചെയ്തത്. വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഭൂസ്വത്ത് കൈവശപ്പെടുത്താന്‍ അധികാരം നല്‍കുന്ന ഭേദഗതിയാണിത്. പാവപ്പെട്ടവന് ഭൂമി നല്‍കാന്‍ സമരം ചെയ്യേണ്ട സര്‍ക്കാറാണ് ഭൂമി കൈയേറ്റക്കാര്‍ക്ക് സഹായകരമായ നിലപാടുകളും നിയമങ്ങളും കൊണ്ടുവരുന്നത്. തോട്ടഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താനുള്ള നിയമവും വന്‍കിട കൈയേറ്റകാരെ സഹായിക്കാനാണ്.

കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ഭൂമി ലഭിച്ചാല്‍ മാത്രമേ അവരുടെ ക്രയശേഷി വര്‍ധിക്കുകയുള്ളു. ജനങ്ങളുടെ ക്രയശേഷി വര്‍ധിച്ചാലേ രാജ്യം പുരോഗതി പ്രാപിക്കൂ. ഇന്ത്യയിലെ കൃഷിഭൂമിയുടെ വലിയൊരു പങ്കും വന്‍കിട ഭൂ പ്രക്കന്മാരുടെ കൈവശത്തിലാണ്. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് കുറഞ്ഞ അളവിലേ ഭൂമി കൈവശമുള്ളൂ. ഭൂരിഭാഗം വരുന്ന കര്‍ഷകതൊഴിലാളികള്‍ക്കും ഭൂമിയുടെ ഉടമസ്ഥാവകാശം ഇല്ല. രാാജ്യത്തിന്റെ ഏറ്റവും പ്രധാനവിഭവം ഭൂമിയാണ്. ഇതാണ് ന്യുന പക്ഷം കൈവശപ്പെടുത്തിയത്. ഭൂമിയുടെ വികേന്ദ്രീകരണത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ. ഭൂവിതരണം എന്നത് ജീവകാരുണ്യ പ്രവര്‍ത്തനമല്ല. അതേസമയം അത് പൗരന്റെ ജന്മാവകാശമാണ്.
ബ്രിട്ടീഷുകാര്‍ കുടിയേറ്റം പ്രോത്സാഹിപ്പിച്ചതാണ് വയനാട്ടില്‍ ആദിവാസികള്‍ക്ക് ഭൂമി നഷ്ടപ്പെടാനിടയാക്കിയത്. എന്നാല്‍ സര്‍ക്കാരും ആദിവാസികള്‍ക്ക് ഭൂമി വേണ്ടെന്ന ബ്രിട്ടീഷുകാരുടെ അതേനയമാണ് നടപ്പാക്കുന്നത്. വയനാട്ടില്‍ മാത്രം ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി 26,000 ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുകയാണ്. രാജ്യത്തെ നിയമവ്യവസ്ഥ തന്നെ അട്ടിമറിക്കുന്ന രീതിയില്‍ വിദേശകമ്പനിക്കാണ് ഹാരിസണ്‍ കമ്പനിയുടെ ഉടമസ്ഥാവകാശമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ച അന്വേഷണ കമീഷനും കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി പതിനായിരക്കണക്കിനേക്കര്‍ ഭൂമി ഹാരിസണ്‍ വില്‍പ്പന നടത്തിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണെടുത്തതെന്ന് അറിയണം. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ അവകാശ സമരംചെയ്ത ആദിവാസികളേയും കര്‍ഷകതൊഴിലാളികളേയും ഇറക്കി വിടാനാണ് ഹൈക്കോടതിപോലും ഉത്തരവിട്ടതെന്നും വൃന്ദകരാട്ട് പറഞ്ഞു.

പി കൃഷ്ണപ്രസാദ് പരിഭാഷ നടത്തി. സെമിനാറില്‍ കെ സി കുഞ്ഞിരാമന്‍ അധ്യക്ഷനായി. കേന്ദ്രകമ്മറ്റിയംഗം പി കെ ശ്രീമതി, പി എ മുഹമ്മദ്, സി കെ ശശീന്ദ്രന്‍ , പി സതീദേവി, പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു. എം വേലായുധന്‍ സ്വാഗതവും വി ഉഷാകുമാരി നന്ദിയും പറഞ്ഞു.

deshabhimani 240911

1 comment:

  1. എം വി ശ്രേയാംസ്കുമാര്‍എംഎല്‍എ അനധികൃതമായി കൈവശം വെക്കുന്ന കൃഷ്ണഗിരിയിലെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വയനാട്ടുകാര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. വര്‍ഗ ബഹുജനസംഘടനകളുടെ നേതൃത്വത്തില്‍ "ഭൂപരിഷ്കരണം നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയത്തില്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍ .

    ReplyDelete