Saturday, September 24, 2011

നെജാദിന്റെ യുഎന്‍ പ്രസംഗം പാശ്ചാത്യര്‍ ബഹിഷ്കരിച്ചു

ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ 66-ാം വാര്‍ഷിക സമ്മേളനത്തില്‍ ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന്റെ പ്രസംഗത്തിനിടെ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇറങ്ങിപ്പോയി. പലസ്തീന്‍ ജനതയെ നിഷ്ഠുരം അടിച്ചമര്‍ത്തുകയും മധ്യപൗരസ്ത്യദേശത്താകെ ഭീഷണിയുയര്‍ത്തുകയും ചെയ്യുന്ന ഇസ്രയേലിനെ പാശ്ചാത്യരാജ്യങ്ങള്‍ പിന്തുണയ്ക്കുന്നതിനെതിരെ അഹ്മദിനെജാദ് തുറന്നടിച്ചപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. പ്രസംഗം ശ്രദ്ധിക്കാന്‍ അമേരിക്ക നിയോഗിച്ചിരുന്ന താണപടിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥനാണ് ആദ്യം എണീറ്റുപോയത്. ഉടനെ 27 ഇയു രാജ്യങ്ങളുടെയും പ്രതിനിധികള്‍ അനുഗമിച്ചു. മുന്‍ വര്‍ഷങ്ങളിലെ നാടകം ആവര്‍ത്തിക്കുകയായിരുന്നു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ .

ഹിറ്റ്ലറുടെ ജൂതകൂട്ടക്കൊലയുടെ പേരില്‍ പാശ്ചാത്യരാജ്യങ്ങള്‍ ഇസ്രയേലിന്റെ അതിക്രമങ്ങള്‍ക്ക് അചഞ്ചലമായ പിന്തുണ നല്‍കുകയാണെന്ന് അഹ്മദിനെജാദ് പറഞ്ഞു. 9/11 ഭീകരാക്രമണം ദുരൂഹമാണെന്ന് അഭിപ്രായപ്പെട്ട അഹ്മദിനെജാദ് അതിനുത്തരവാദിയായി പറയുന്ന ബിന്‍ ലാദനെ കൊന്ന് കടലില്‍ തള്ളിയതിനെയും വിമര്‍ശിച്ചു. ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ടഗോപുരങ്ങള്‍ തകര്‍ക്കുന്നതിന് വിമാനങ്ങള്‍ കൈവശപ്പെടുത്താന്‍ സുരക്ഷിതമായ വഴി ഒരുക്കിയവരെ കണ്ടെത്താന്‍ ബിന്‍ ലാദനെ നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവന്ന് വിചാരണ ചെയ്യുകയായിരുന്നില്ലേ യുക്തിസഹമെന്ന് ഇറാന്‍ പ്രസിഡന്റ് ചോദിച്ചു. പാശ്ചാത്യരാജ്യങ്ങളുടെ താല്‍പ്പര്യങ്ങളും സാമ്രാജ്യത്വ ലക്ഷ്യങ്ങളും നിറവേറ്റാന്‍ കാപട്യവും ചതിയും അനുവദിക്കപ്പെട്ടിരിക്കുകയാണെന്നും അവര്‍ സൈനികാക്രമണങ്ങളിലൂടെ രാജ്യങ്ങളെ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിംബാബ്വെ പ്രസിഡന്റ് റോബര്‍ട് മുഗാബെയും യുഎന്‍ പ്രസംഗത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. പാശ്ചാത്യ നേതാക്കളുടെ കുറ്റകൃത്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് (ഐസിസി) ആഫ്രിക്കന്‍രാജ്യങ്ങളെ വിശ്വാസമില്ലെന്നും മുഗാബെ പറഞ്ഞു. ആഫ്രിക്കന്‍ നേതാക്കളെ വേട്ടയാടാനാണ് അത് നിലകൊള്ളുന്നത്. പച്ചക്കള്ളങ്ങള്‍ പറഞ്ഞ് ഇറാഖില്‍ ആക്രമണം നടത്തിയ ബുഷിനെയും ബ്ലെയറിനെയുംപോലെ അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ ചെയ്ത പാശ്ചാത്യനേതാക്കള്‍ക്ക് നേരെ ഐസിസി പതിവായി കണ്ണടയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഎന്നില്‍ ഇറാന്‍ പ്രസിഡന്റിന് പ്രസംഗിക്കാന്‍ അവസരം കൊടുത്തതിനെ ഇസ്രയേല്‍ വിമര്‍ശിച്ചു. യുഎന്നില്‍ പ്രസംഗിക്കാന്‍ കിട്ടിയ അവസരം അഹ്മദിനെജാദ് വീണ്ടും പാഴാക്കിയെന്ന് അമേരിക്ക കുറ്റപ്പെടുത്തി. അഹ്മദിനെജാദിന്റെ സന്ദര്‍ശനത്തിനെതിരെ അമേരിക്കന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ ന്യൂയോര്‍ക്കില്‍ പ്രകടനങ്ങള്‍ നടന്നിരുന്നു.

വിമാനം ഇടിച്ചല്ല ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നത്: അഹ്മദിനെജാദ്

വാഷിങ്ടണ്‍ : അമേരിക്കയില്‍ ലോകവ്യാപാരകേന്ദ്രത്തിന്റെ ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നത് വിമാനങ്ങള്‍ ഇടിച്ചതുകൊണ്ട് മാത്രമല്ലെന്ന് ഇറാന്‍ പ്രസിഡന്റ് നെജാദ് പറഞ്ഞു. എന്‍ജിനിയറെന്ന നിലയില്‍ തനിക്ക് ഇക്കാര്യം കൃത്യമായി പറയാന്‍ കഴിയും. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമുള്ള സ്ഫോടനമാണ് ഇരട്ടഗോപുരങ്ങള്‍ക്കുള്ളില്‍ നടന്നത്. ഇതിനു പിന്നില്‍ അമേരിക്കയെയും സംശയിക്കാമെന്നും നെജാദ് അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ നെജാദിന് അമേരിക്ക അനുമതി നിഷേധിച്ചിരുന്നു. താന്‍ ഇത്തവണയും സന്ദര്‍ശനത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ 20 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം തന്നാല്‍ ഇറാന്‍ അത്രതന്നെ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാമെന്ന് നെജാദ് ന്യൂയോര്‍ക്കില്‍ പറഞ്ഞു. 20 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയംകൊണ്ട് രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാനാകുമെന്നും നെജാദ് പറഞ്ഞു. ഈ ആഴ്ചതന്നെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇതിനു തയ്യാറായാല്‍ സമ്പുഷ്ടീകരണം അപ്പോള്‍ത്തന്നെ നിര്‍ത്തിവയ്ക്കാന്‍ തയ്യാറാണ്. ഇറാന്റെ ആണവപരിപാടി ആഭ്യന്തര ആവശ്യങ്ങള്‍ക്കുമാത്രമാണ്. 20 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ക്യാന്‍സര്‍ ചികിത്സയ്ക്കുമാത്രം ഉതകുന്ന ഒന്നാണ്. ഇതുകൊണ്ട് ആണവനിലയം സ്ഥാപിക്കാന്‍ സാധിക്കില്ലെന്നും അമേരിക്കയടക്കുമുള്ള രാജ്യങ്ങള്‍ക്ക് മറുപടിയായി നെജാദ് പറഞ്ഞു. അണ്വായുധങ്ങള്‍ നിര്‍മിക്കുന്നതിനാണ് ഇറാന്റെ ശ്രമമെന്നാണ് പാശ്ചാത്യരാജ്യങ്ങള്‍ ആരോപിക്കുന്നത്.

ദേശാഭിമാനി 240911

1 comment:

  1. ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ 66-ാം വാര്‍ഷിക സമ്മേളനത്തില്‍ ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന്റെ പ്രസംഗത്തിനിടെ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇറങ്ങിപ്പോയി. പലസ്തീന്‍ ജനതയെ നിഷ്ഠുരം അടിച്ചമര്‍ത്തുകയും മധ്യപൗരസ്ത്യദേശത്താകെ ഭീഷണിയുയര്‍ത്തുകയും ചെയ്യുന്ന ഇസ്രയേലിനെ പാശ്ചാത്യരാജ്യങ്ങള്‍ പിന്തുണയ്ക്കുന്നതിനെതിരെ അഹ്മദിനെജാദ് തുറന്നടിച്ചപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. പ്രസംഗം ശ്രദ്ധിക്കാന്‍ അമേരിക്ക നിയോഗിച്ചിരുന്ന താണപടിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥനാണ് ആദ്യം എണീറ്റുപോയത്. ഉടനെ 27 ഇയു രാജ്യങ്ങളുടെയും പ്രതിനിധികള്‍ അനുഗമിച്ചു. മുന്‍ വര്‍ഷങ്ങളിലെ നാടകം ആവര്‍ത്തിക്കുകയായിരുന്നു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ .

    ReplyDelete