Tuesday, September 27, 2011

കേരള മീനുകളുടെ പേരുകള്‍ ഏകീകരിക്കല്‍ തുടങ്ങി

കൊച്ചി: പ്രാദേശികമായി വിവിധ പേരുകളില്‍ അറിയപ്പെടുന്ന കേരളത്തിലെ ശുദ്ധജലമത്സ്യങ്ങള്‍ക്ക് പൊതുനാമം കൊണ്ടുവരുന്നു. ഇതിനായി സംസ്ഥാന ജൈവവൈവിധ്യബോര്‍ഡും കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി "മീനിനൊരു പേര്" എന്ന പേരില്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാല 30ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടക്കും.

സംസ്ഥാനത്ത് ഏറ്റവുമധികം കണ്ടുവരുന്ന ഇരുന്നൂറ്റി അമ്പതിലധികം ഇനങ്ങളില്‍ അറിയപ്പെടുന്ന 150 എണ്ണത്തിനെങ്കിലും പൊതുനാമം ഏര്‍പ്പെടുത്താനാണ് ലക്ഷ്യം. പൂഞ്ഞാന്‍ (മാനത്തുകണ്ണി, പൂച്ചുട്ടി), വരാല്‍ (ബ്രാല്‍), ചെമ്പല്ലി (കറൂപ്പ്, കല്ലട), മുഴി (മുഷി), സിലോപ്പിയ (തിലോപ്പിയ, തിലാപ്പി, പിലോപ്പി, കേരള കരിമീന്‍) തുടങ്ങി കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായ കരിമീനിനുപോലും ഇരട്ടപ്പേരുണ്ട്- കരിയംപ്ലാച്ചി. ഇവ കൂടാതെ പ്രധാന ശുദ്ധജലമത്സ്യങ്ങളായ പരല്‍ , കാളാഞ്ചി, പുല്ലോന്‍ , ചില്ലന്‍ (ചില്ലന്‍കൂരി), വാള (ആറ്റുവാള), വാഴക്കവരയന്‍ , കണഞ്ഞോന്‍ , കല്ലേമുട്ടി, ചേറുമീന്‍ , ചൂട്ടാച്ചി, കുറുവ, കറ്റി, ചെമ്പല്ലി, ആരോന്‍ , അറിഞ്ഞീല്‍ , ഏട്ട, കൂരല്‍ എന്നിങ്ങനെ കേരളത്തിലെ അറിയപ്പെടുന്ന എല്ലായിനവും വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. ഇത്തരത്തില്‍ ഗവേഷകരെയും മത്സ്യകര്‍ഷകരെയും ഒരുപോലെ വലയ്ക്കുന്ന പേരുകളിലെ വൈവിധ്യം ഒഴിവാക്കാനാണ് "ഏകീകരണം". തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് തയ്യാറാക്കുന്ന ജനകീയ ജൈവവൈവിധ്യ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിന്റെയും ശുദ്ധജലമത്സ്യങ്ങളുടെ ഹാന്‍ഡ്ബുക്ക് തയ്യാറാക്കുന്നതിന്റെയും ഭാഗമായാണ് പേരുകള്‍ ഏകീകരിക്കുന്നത്. ശുദ്ധജലമത്സ്യങ്ങളില്‍ പലതും അനുദിനം കുറയുന്ന സാഹചര്യത്തിലാണ് ബോര്‍ഡിന്റെ നടപടി.

പൊതുനാമം പ്രചരിപ്പിക്കുകവഴി വംശനാശ ഭീഷണിയുള്ള ഇനങ്ങളെ കണ്ടെത്തിയാല്‍ വിവരം ഗവേഷകര്‍ക്കു കൈമാറാനും ഇതുവഴി ഇവയെ സംരക്ഷിക്കാനും കഴിയുമെന്നുമാണ് ജൈവവൈവിധ്യബോര്‍ഡിന്റെ കണക്കുകൂട്ടല്‍ . അമിതമായ കീടനാശിനിപ്രയോഗവും ജലമലിനീകരണവും തോട്ടുമീനുകളുടെ ആയുസ്സെടുക്കുന്നു. നഞ്ചിട്ടും തോട്ടപൊട്ടിച്ചും ഇഴയടുപ്പമുള്ള വല ഉപയോഗിച്ചുമുള്ള മീന്‍പിടിത്തവും ഇതിനു കാരണമാകുന്നു. പുഴകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഏറ്റവുമധികം പ്രചാരമുള്ളതും ഇനത്തിന്റെ പ്രത്യേകതകളോട് ചേര്‍ന്നുനില്‍ക്കുന്നതുമായ പേരുകളായിരിക്കും ചര്‍ച്ചചെയ്ത് സ്വീകരിക്കുകയെന്ന് ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ആര്‍ വി വര്‍മ പറഞ്ഞു. ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി മധുസൂദനക്കുറുപ്പ്, ഗവേഷകര്‍ , ശുദ്ധജലമത്സ്യ വിപണനമേഖലയിലെ പ്രമുഖര്‍ തുടങ്ങി ഇരുപത്തഞ്ചോളം പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.

deshabhimani 270911

3 comments:

  1. പ്രാദേശികമായി വിവിധ പേരുകളില്‍ അറിയപ്പെടുന്ന കേരളത്തിലെ ശുദ്ധജലമത്സ്യങ്ങള്‍ക്ക് പൊതുനാമം കൊണ്ടുവരുന്നു. ഇതിനായി സംസ്ഥാന ജൈവവൈവിധ്യബോര്‍ഡും കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി "മീനിനൊരു പേര്" എന്ന പേരില്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാല 30ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടക്കും.

    ReplyDelete
  2. ബ്രാലോ? കണ്ടിട്ട് കൊല്ലം കൊറേയേറെയായി.. ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ കുളങ്ങളില്‍ കാണാറേയില്ലാ‍ാ‍ാ! പേരുകള്‍ക്കൊപ്പം പടവും ഒന്ന് കൊടുത്താല്‍ പുതിയ പേരുകള്‍ പലരും പറഞ്ഞ് തരുമെന്ന് തോന്നുന്നു!

    ReplyDelete