Friday, November 18, 2011

സര്‍ച്ചാര്‍ജ് ഷോക്ക് വീണ്ടും

വൈദ്യുതി ഉപയോക്താക്കള്‍ക്ക് വീണ്ടും സര്‍ച്ചാര്‍ജ് ചുമത്തുന്നു. ഇതിന് അനുമതി ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് കേരള വൈദ്യുതി റഗുലേറ്ററി കമീഷന് അപേക്ഷ നല്‍കി. കഴിഞ്ഞ ഏപ്രില്‍മുതല്‍ സെപ്തംബര്‍വരെയുള്ള ആറുമാസം അധികവില നല്‍കി വൈദ്യുതി വാങ്ങിയതുമൂലമുണ്ടായ 165 കോടിയുടെ അധികബാധ്യത നികത്താനാണ് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്നതെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ഇതുസംബന്ധിച്ച് വൈദ്യുതി ബോര്‍ഡിന്റെയും ഉപയോക്താക്കളുടെയും വാദം കേട്ടശേഷം റഗുലേറ്റി കമീഷന്‍ തീരുമാനമെടുക്കും. 2010 ഒക്ടോബര്‍മുതല്‍ 2011 മാര്‍ച്ചുവരെ പുറത്തുനിന്ന് വിലകൂടിയ വൈദ്യുതി വാങ്ങിയതുമൂലമുണ്ടായ അധികബാധ്യത നികത്താന്‍ യൂണിറ്റിന് 25 പൈസവീതം ഇപ്പോള്‍ത്തന്നെ സര്‍ച്ചാര്‍ജുണ്ട്. ഇത് അടുത്ത മാര്‍ച്ചോടെ അവസാനിക്കും. അതിനുശേഷമാണ് പുതിയ സര്‍ച്ചാര്‍ജ് ചുമത്തുന്നത്.

സാധാരണ ഒക്ടോബര്‍മുതല്‍ മെയ്വരെയുള്ള വേനല്‍ക്കാലത്താണ് സംസ്ഥാനത്തിന് പുറമെനിന്ന് അധികവില നല്‍കി വൈദ്യുതി വാങ്ങുന്നത്. മണ്‍സൂണ്‍ സമയത്ത് അധികം ഉല്‍പ്പാദിപ്പിക്കുന്ന ജലവൈദ്യുതി അധിക വിലയ്ക്ക് മറ്റുള്ളവര്‍ക്ക് നല്‍കി ഈ നഷ്ടം ഭാഗികമായി നികത്തുകയും ചെയ്യും. ബാക്കിയുള്ള ബാധ്യത കണക്കാക്കിയാണ് സര്‍ച്ചാര്‍ജ് ഈടാക്കുന്നത്. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മണ്‍സൂണ്‍ തകര്‍ത്തുപെയ്ത ജൂണ്‍ , ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലടക്കം വൈദ്യുതി അധികവില നല്‍കി പുറമെനിന്ന് വാങ്ങിയതായി കണക്കുകള്‍ കാണിക്കുന്നു. ഈ സമയത്ത് ജലവൈദ്യുതി പുറത്ത് വില്‍ക്കാനും ബോര്‍ഡിന് ലാഭമുണ്ടാക്കാനും കഴിഞ്ഞിട്ടില്ല. 2009-10 സാമ്പത്തികവര്‍ഷത്തില്‍ ഏപ്രില്‍മുതല്‍ സെപ്തംബര്‍വരെ 30 കോടിയും ഒക്ടോബര്‍മുതല്‍ മാര്‍ച്ചുവരെ 161.23 കോടിയുമാണ് വൈദ്യുതി ബോര്‍ഡിന്റെ അധികബാധ്യത. ഇവ രണ്ടുംകൂടി കൂട്ടി റഗുലേറ്ററി കമീഷന്‍ അധികബാധ്യത 181.14 കോടിയായി നിശ്ചയിക്കുകയും ചെയ്തു. ഈ ബാധ്യത നികത്താനാണ് യൂണിറ്റിന് 25 പൈസവീതം സര്‍ച്ചാര്‍ജ് ഇപ്പോള്‍ ഈടാക്കുന്നത്.

എന്നാല്‍ , ഈ വര്‍ഷം ആദ്യ രണ്ടു പാദത്തില്‍തന്നെ അധികബാധ്യത 165 കോടിയായെന്ന് ബോര്‍ഡുതന്നെ പറയുന്നു. വേനല്‍ക്കാലം കടുക്കുന്നതോടെ ഇനിയും കൂടുതല്‍ വൈദ്യുതി പുറമെനിന്ന് വാങ്ങേണ്ടിവരും. അത് കണക്കാക്കി അതിനും സര്‍ച്ചാര്‍ജ് കൂടുതല്‍ തുക ഈടാക്കേണ്ടിവരും. ചുരുക്കത്തില്‍ സര്‍ച്ചാര്‍ജ് വര്‍ഷം മുഴുവന്‍ നീളും. വൈദ്യുതി യൂണിറ്റുനിരക്ക് വര്‍ധിപ്പിച്ചതിന് സമാനമായ സ്ഥിതിയായിരിക്കും ഉപയോക്താക്കള്‍ക്ക് അനുഭവപ്പെടുക.


സൗജന്യ വൈദ്യുതി കണക്ഷന്‍ നിര്‍ത്തലാക്കിയത് പിന്‍വലിക്കണം

അപേക്ഷയുടെ മുന്‍ഗണനാ ക്രമമനുസരിച്ച് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 2005ലെ വൈദ്യുതി സപ്ലൈ കോഡ് പ്രകാരം വൈദ്യുതി കണക്ഷനു വേണ്ട മുഴുവന്‍ എസ്റ്റിമേറ്റ് തുകയും ഈടാക്കിമാത്രമേ കണക്ഷന്‍ നല്‍കാവൂ എന്നാണ് പുതിയ ഉത്തരവ്. എസ്റ്റിമേറ്റ് തുക ഈടാക്കാതെ രജിസ്റ്റര്‍ചെയ്ത അപേക്ഷകള്‍ റഗുലേറ്ററി കമീഷന്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ബിപിഎല്‍ കുടുംബങ്ങളെയും എസ്സി എസ്ടി കുടുംബങ്ങളെയും മാത്രമേ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 500 വാട്ടില്‍ കൂടുതല്‍ ലോഡും എസ്സി എസ്ടി കുടുംബങ്ങള്‍ക്ക് 1000 വാട്ടില്‍ കൂടുതല്‍ ലോഡും പാടില്ലെന്ന അധിക നിബന്ധനയുമുണ്ട്.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ഗണന അനുസരിച്ചും പ്രത്യേക മുന്‍ഗണന അനുസരിച്ചും ഉപയോക്താക്കള്‍ക്ക് സൗജന്യ കണക്ഷന്‍ നല്‍കേണ്ടത് ബോര്‍ഡിന്റെ ബാധ്യതയാണെന്ന് നയപരമായ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് സൗജന്യ കണക്ഷനും വ്യവസായങ്ങള്‍ക്കും കൃഷിക്കുമുള്ള മിനിമം ഗ്യാരന്റി കണക്ഷനും നല്‍കിയിരുന്നു. ഈ നിര്‍ദേശം നിലവിലുണ്ട്. നയപരമായ നിര്‍ദേശം നല്‍കാന്‍ 2003ലെ വൈദ്യുതി നിയമം സര്‍ക്കാരിന് അധികാരം നല്‍കുന്നു. ഇതു സംബന്ധിച്ച് ഏതെങ്കിലും തര്‍ക്കമുണ്ടായാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണെന്നും ഈ നിയമം വ്യക്തമാക്കുന്നു. വൈദ്യുതിരംഗത്ത് കേരളം തുടര്‍ന്നു വന്ന ബദല്‍നയത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന തീരുമാനമാണിത്. സാമൂഹ്യനീതിയും ഇതിലൂടെ നിഷേധിക്കപ്പെടും. പാവപ്പെട്ടവര്‍ക്ക് വൈദ്യുതി നിഷേധിക്കപ്പെടുന്ന തീരുമാനം പിന്‍വലിക്കണമെന്നും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

deshabhimani 181111

1 comment:

  1. വൈദ്യുതി ഉപയോക്താക്കള്‍ക്ക് വീണ്ടും സര്‍ച്ചാര്‍ജ് ചുമത്തുന്നു. ഇതിന് അനുമതി ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് കേരള വൈദ്യുതി റഗുലേറ്ററി കമീഷന് അപേക്ഷ നല്‍കി. കഴിഞ്ഞ ഏപ്രില്‍മുതല്‍ സെപ്തംബര്‍വരെയുള്ള ആറുമാസം അധികവില നല്‍കി വൈദ്യുതി വാങ്ങിയതുമൂലമുണ്ടായ 165 കോടിയുടെ അധികബാധ്യത നികത്താനാണ് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്നതെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ഇതുസംബന്ധിച്ച് വൈദ്യുതി ബോര്‍ഡിന്റെയും ഉപയോക്താക്കളുടെയും വാദം കേട്ടശേഷം റഗുലേറ്റി കമീഷന്‍ തീരുമാനമെടുക്കും. 2010 ഒക്ടോബര്‍മുതല്‍ 2011 മാര്‍ച്ചുവരെ പുറത്തുനിന്ന് വിലകൂടിയ വൈദ്യുതി വാങ്ങിയതുമൂലമുണ്ടായ അധികബാധ്യത നികത്താന്‍ യൂണിറ്റിന് 25 പൈസവീതം ഇപ്പോള്‍ത്തന്നെ സര്‍ച്ചാര്‍ജുണ്ട്. ഇത് അടുത്ത മാര്‍ച്ചോടെ അവസാനിക്കും. അതിനുശേഷമാണ് പുതിയ സര്‍ച്ചാര്‍ജ് ചുമത്തുന്നത്.

    ReplyDelete