Thursday, November 24, 2011

വിദര്‍ഭ പാക്കേജിന്റെ കാലാവധി കഴിഞ്ഞു സര്‍ക്കാര്‍ ഇടപെടുന്നില്ല

ജില്ലയില്‍ ജപ്തിനടപടി വ്യാപകമാകും

പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ വിദര്‍ഭ പാക്കേജില്‍ ഉള്‍പ്പെടുത്തി പുനഃക്രമീകരിച്ച കര്‍ഷകവായ്പകളുടെ തിരിച്ചടയ്ക്കല്‍ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ജപ്തിനടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകുന്നു. കര്‍ഷക ആത്മഹത്യകള്‍ വ്യാപകമായിട്ടും ഇതിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലയിലെ കര്‍ഷകവായ്പകളാണ് വിദര്‍ഭ പാക്കേജില്‍ ഉള്‍പ്പെടുത്തി പുതുക്കിനിശ്ചയിച്ചത്. ഇതിന്റെ കാലാവധി 2011 ഒക്ടോബര്‍ അവസാനിച്ചു. ജില്ലയിലെ സഹകരണ, ദേശസാല്‍ക്കൃതബാങ്കുകളില്‍ 8,000ലധികം കര്‍ഷകരുടെ 20കോടിരൂപയോളംവരുന്ന വായ്പകളാണ് പുനഃക്രമീകരിച്ചത്. അഞ്ചുവര്‍ഷത്തെ കാലാവധിയും നല്‍കി. 1-7-2006 വരെ എടുത്ത വായ്പകളും അവയുടെ കുടിശ്ശികയും ഉള്‍പ്പെടുത്തിയാണ് ലോണുകള്‍ പുനഃക്രമീകരിച്ചത്. ഇതില്‍ പകുതിയിലേറെ വായ്പകളുടെയും കുടിശ്ശികപോലും തിരിച്ചടച്ചിട്ടില്ല. കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നോട്ടീസ് അയക്കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരായിരിക്കുകയാണ്. കോടതിമുഖേനയോ കലക്ടറുടെ അനുവാദത്തോടെയോ ബാങ്കുകള്‍ ഉടന്‍ നടപടികള്‍ ആരംഭിക്കും.

2000മുതല്‍ എല്ലാവര്‍ഷവും പാലക്കാടിനെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കുന്നുണ്ട്. ജില്ലയിലെ 92 ശതമാനം ഗ്രാമങ്ങളെയും ദുരിതബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി ലാന്‍ഡ് റവന്യു കമീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രകൃതിദുരന്തങ്ങള്‍ക്ക് വിധേയമാകുന്ന സ്ഥലങ്ങളില്‍ ജപ്തിനടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. ഇത് മറച്ചുവച്ചാണ് ബാങ്കുകള്‍ നടപടിക്കൊരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ജില്ലയില്‍ ഇനിയും കര്‍ഷക ആത്മഹത്യകള്‍ക്ക് സാധ്യതയുണ്ട്. സംസ്ഥാനതലത്തില്‍ ബാങ്കേഴ്സ്യോഗം വിളിച്ചുചേര്‍ത്ത് വായ്പയുടെ കാലാവധി നീട്ടി നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെടാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ട്. അല്ലെങ്കില്‍ ജില്ലയിലെ കാര്‍ഷികവായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനോ കര്‍ഷകര്‍ക്ക്ക്ക് ഉറപ്പുനല്‍കാനോ സര്‍ക്കാര്‍ തയ്യാറാകണം. പ്രശ്നം ശ്രദ്ധയില്‍പെട്ടിട്ടും സര്‍ക്കാര്‍ തികഞ്ഞ നിസ്സംഗത തുടരുകയാണ്.
(വി എസ് വിഷ്ണുപ്രസാദ്)

deshabhimani 241111

1 comment:

  1. കേന്ദ്രസര്‍ക്കാരിന്റെ വിദര്‍ഭ പാക്കേജില്‍ ഉള്‍പ്പെടുത്തി പുനഃക്രമീകരിച്ച കര്‍ഷകവായ്പകളുടെ തിരിച്ചടയ്ക്കല്‍ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ജപ്തിനടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകുന്നു. കര്‍ഷക ആത്മഹത്യകള്‍ വ്യാപകമായിട്ടും ഇതിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലയിലെ കര്‍ഷകവായ്പകളാണ് വിദര്‍ഭ പാക്കേജില്‍ ഉള്‍പ്പെടുത്തി പുതുക്കിനിശ്ചയിച്ചത്. ഇതിന്റെ കാലാവധി 2011 ഒക്ടോബര്‍ അവസാനിച്ചു.

    ReplyDelete