Saturday, November 26, 2011

കൂത്തുപറമ്പ് രക്തസാക്ഷികള്‍ക്ക് സ്മരണാഞ്ജലി

വിദ്യാഭ്യാസക്കച്ചവടത്തിനെതിരായ പോരാട്ടത്തില്‍ വെടിയേറ്റുവീണ കൂത്തുപറമ്പ് രക്തസാക്ഷികള്‍ക്ക് നാടിന്റെ സ്മരണാഞ്ജലി. കേരളത്തിന്റെ പോരാട്ടചരിത്രത്തില്‍ സമാനതകളില്ലാത്ത ഏടുകള്‍ എഴുതിച്ചേര്‍ത്ത അഞ്ചു രണധീരരുടെ ഓര്‍മനാളില്‍ നാടെങ്ങും ആയിരങ്ങള്‍ ഒത്തുകൂടി. യുവപോരാളികളുടെ ചുടുനിണം വീണു കുതിര്‍ന്ന കൂത്തുപറമ്പിലും അനുസ്മരണസമ്മേളനങ്ങളിലും നിലയ്ക്കാത്ത പോരാട്ടത്തിന്റെ കാഹളവുമായി യുവാക്കള്‍ ഒഴുകിയെത്തി. രാജീവന്റെയും മധുവിന്റെയും ബാബുവിന്റെയും റോഷന്റെയും ഷിബുലാലിന്റെയും രക്തസാക്ഷിത്വത്തിന്റെ പതിനേഴാം വാര്‍ഷികാചരണം യുവജനങ്ങളുടെ അവകാശപോരാട്ടങ്ങള്‍ക്ക് ആവേശം പകരുന്നതായി.

കൂത്തുപറമ്പില്‍ ആയിരങ്ങളാണ് പോരാട്ട സ്മരണ പുതുക്കാനെത്തിയത്. വെടിയേറ്റു വീണ സ്ഥലത്തുനിന്ന് കൊളുത്തിയ ദീപശിഖകള്‍ അത്ലറ്റുകള്‍ റിലേയായി രക്തസാക്ഷി മണ്ഡപത്തിലെത്തിച്ചു. പുറക്കളത്തുനിന്നും തൊക്കിലങ്ങാടിയില്‍നിന്നും ആരംഭിച്ച റാലിയില്‍ ആബാലവൃദ്ധം അണിനിരന്നു. തുടര്‍ന്ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ദിനാചരണകമ്മിറ്റി ചെയര്‍മാന്‍ എം സുരേന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ രാഗേഷ് സ്വാഗതവും ഷാജി കരിപ്പായി നന്ദിയും പറഞ്ഞു. രക്തസാക്ഷി കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ ആത്മകഥയുടെ പ്രകാശനം മേനപ്രത്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. രക്തസാക്ഷികളുടെ ജന്മനാടുകളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും നടന്ന അനുസ്മരണ സമ്മേളനങ്ങളില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രസെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍ , ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, സെക്രട്ടറി പി ബിജു എന്നിവര്‍ സംസാരിച്ചു.

വെടിയൊച്ചയുടെ ഓര്‍മകളില്‍ സഹനത്തിന്റെ മഹാസൂര്യന്‍

ചൊക്ലി(കണ്ണൂര്‍): "രക്തസാക്ഷി ജീവിത"ത്തിന്റെ അക്ഷരസാക്ഷ്യം ഏറ്റുവാങ്ങുമ്പോള്‍ പുഷ്പന്റെ മനസ്സില്‍ കത്തിനിന്നത് നവംബറിലെ ആ ചുവന്ന മധ്യാഹ്നം. "പുഷ്പന്‍ -സഹനത്തിന്റെ മഹാസൂര്യന്‍" പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രകാശനം ചെയ്തപ്പോള്‍ പുഷ്പന്റെ ഓര്‍മയില്‍ ഒരിക്കല്‍ക്കൂടി വെടിയൊച്ചകള്‍ മുഴങ്ങി. ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് കമ്മിറ്റി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ വിദ്യാഭ്യാസക്കച്ചവടത്തിനെതിരായ സമരത്തിന്റെ അമരക്കാരായ രക്തസാക്ഷികളുടെ സ്മരണകള്‍ നിറഞ്ഞുനിന്നു. നോര്‍ത്ത് മേനപ്രത്തെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വായനശാല പരിസരത്ത് ജന്മനാടിന്റെ സ്നേഹാദരങ്ങള്‍ക്കിടയിലാണ് പുസ്തകം നാടിന് സമര്‍പ്പിച്ചത്. എണ്ണമറ്റ രക്തസാക്ഷിത്വങ്ങളും ജീവസ്സുറ്റ പോരാട്ടങ്ങളുമാണ് ആധുനിക കേരളത്തിന്റെ അടിത്തറയെന്ന് വി എസ് പറഞ്ഞു.

"പ്രത്യേകിച്ച് ഓര്‍ത്തെടുക്കാന്‍ എന്റെ ജീവിതത്തില്‍ ഒന്നുമില്ല. ആരെയും പോലെ സാധാരണ ജീവിതം. അതിനാല്‍ ഓരോ നിമിഷങ്ങളും ഓര്‍മിച്ചെടുത്ത് ചിട്ടപ്പെടുത്തി ആത്മകഥ പറയാന്‍ എനിക്കാവില്ല. കൂത്തുപറമ്പ് സമരംവരെ ആകസ്മികമായി യാതൊന്നുമില്ലായിരുന്നു അതില്‍"- ആത്മകഥയുടെ ആദ്യഭാഗത്തില്‍ പുഷ്പന്‍ കുറിക്കുന്നു. സഹനത്തിന്റെ കൊടുമുടിയിലും തന്റെ വിശ്വാസപ്രമാണത്തെ ഹൃദയത്തോട് ചേര്‍ക്കുന്നുണ്ട് ഈ പോരാളി. "പോരാട്ടവഴിയിലാണ് ഞാന്‍ വെടിയേറ്റുവീണത്. ഏതു വിപ്ലവകാരിയുടെയും ജ്വലിക്കുന്ന സ്വപ്നത്തിലേക്ക്. ഇനി എത്രകാലം നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവുമെന്നറിയില്ല. ഒന്നറിയാം. ഒരു പോരാട്ടവും ഒരിക്കലും വെറുതെയാകില്ലെന്ന്"-പുഷ്പന്‍ കുറിച്ചിടുന്നു.

സ്നേഹവും സാന്ത്വനവുമായ ആയിരങ്ങളെ ആദരവോടെ പുഷ്പന്‍ സ്മരിക്കുന്നു. കൂത്തുപറമ്പ് രക്തസാക്ഷികള്‍ കെ കെ രാജീവന്‍ , മധു, ബാബു, റോഷന്‍ , ഷിബുലാല്‍ എന്നിവരെക്കുറിച്ചുള്ള ഉറ്റവരുടെ അനുസ്മരണവും പുസ്തകത്തിലുണ്ട്. പുഷ്പനെ ചികിത്സിക്കുന്ന തലശേരി സഹകരണ ആശുപത്രിയിലെ ഡോ. സുധാകരന്‍ കോമത്ത്, റോഷന്റെ അച്ഛന്‍ കെ വി വാസു തുടങ്ങിയവര്‍ കൂത്തുപറമ്പ് സംഭവം ഓര്‍മിക്കുന്നു. ജി ടി കെ അനിലാണ് ആത്മകഥ തയാറാക്കിയത്. പ്രകാശനച്ചടങ്ങില്‍ പത്രാധിപസമിതി ചെയര്‍മാന്‍ പി ഹരീന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചു. പുഷ്പന്റെ അച്ഛന്‍ കുഞ്ഞിക്കുട്ടി, അമ്മ ലക്ഷ്മി, രക്തസാക്ഷി രാജീവന്റെ സഹോദരന്‍ ബാബു, ഷിബുലാലിന്റെ അച്ഛന്‍ നാണു, അമ്മ രാധ, സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, ദേശാഭിമാനി കണ്ണൂര്‍ മാനേജര്‍ എം സുരേന്ദ്രന്‍ , പി സന്തോഷ്, എ എന്‍ ഷംസീര്‍ തുടങ്ങിയവരും സന്നിഹിതരായി. എന്‍ അനൂപ് സ്വാഗതം പറഞ്ഞു.

deshabhimani 261111

1 comment:

  1. വിദ്യാഭ്യാസക്കച്ചവടത്തിനെതിരായ പോരാട്ടത്തില്‍ വെടിയേറ്റുവീണ കൂത്തുപറമ്പ് രക്തസാക്ഷികള്‍ക്ക് നാടിന്റെ സ്മരണാഞ്ജലി. കേരളത്തിന്റെ പോരാട്ടചരിത്രത്തില്‍ സമാനതകളില്ലാത്ത ഏടുകള്‍ എഴുതിച്ചേര്‍ത്ത അഞ്ചു രണധീരരുടെ ഓര്‍മനാളില്‍ നാടെങ്ങും ആയിരങ്ങള്‍ ഒത്തുകൂടി. യുവപോരാളികളുടെ ചുടുനിണം വീണു കുതിര്‍ന്ന കൂത്തുപറമ്പിലും അനുസ്മരണസമ്മേളനങ്ങളിലും നിലയ്ക്കാത്ത പോരാട്ടത്തിന്റെ കാഹളവുമായി യുവാക്കള്‍ ഒഴുകിയെത്തി. രാജീവന്റെയും മധുവിന്റെയും ബാബുവിന്റെയും റോഷന്റെയും ഷിബുലാലിന്റെയും രക്തസാക്ഷിത്വത്തിന്റെ പതിനേഴാം വാര്‍ഷികാചരണം യുവജനങ്ങളുടെ അവകാശപോരാട്ടങ്ങള്‍ക്ക് ആവേശം പകരുന്നതായി.

    ReplyDelete