Saturday, November 26, 2011

പുതിയ ബാറിനുള്ള അപേക്ഷകള്‍ മടക്കി

ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള 15 അപേക്ഷ വിശദീകരണം തേടി എക്സൈസ് കമീഷണര്‍ക്ക് തിരിച്ചയച്ചു. പിറവം മണ്ഡലത്തിലെ പാമ്പാക്കുടയിലെ ഹോട്ടലിന് ബാര്‍ അനുമതി നല്‍കിയത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നാണ് മറ്റ് അപേക്ഷകള്‍ വിശദീകരണം ചോദിച്ച് മടക്കിയത്. ബാര്‍ ലൈസന്‍സ് സംബന്ധിച്ച കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പാമ്പാക്കുടയില്‍ ഗ്രീന്‍ പാലസ് ഹോട്ടലില്‍ ബാറിന് അനുമതി നല്‍കിയ ഉത്തരവ് പുഴ്ത്തിവച്ചിരിക്കുകയാണ്. ഇവര്‍ നല്‍കിയ കേസില്‍ ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ഫയല്‍ രഹസ്യമായി സൂക്ഷിക്കാനാണ് നിര്‍ദേശം.

പുതിയ ബാര്‍ ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിലേക്ക് അയച്ച ഫയലുകളൊന്നും തിരിച്ചെത്തിയിട്ടില്ലെന്നാണ് കമീഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. ഹൈക്കോടതിയിലെ കേസ് സംബന്ധിച്ച കാര്യങ്ങളും തങ്ങള്‍ക്ക് അറിയില്ലെന്ന് ഇവര്‍ പറയുന്നു. എക്സൈസ് കമീഷണര്‍ അനില്‍ സേവ്യര്‍ വിദേശപര്യടനം കഴിഞ്ഞ് 29ന് തിരിച്ചെത്തിയശേഷം മറ്റ് ഉത്തരവുകള്‍ പുറപ്പെടുവിച്ചാല്‍ മതിയെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസില്‍നിന്ന് നിര്‍ദേശിച്ചു. ഡല്‍ഹിയിലായിരുന്ന അഡീഷണല്‍ കമീഷണര്‍ രതീഷിനെ അടിയന്തരമായി വിളിച്ചുവരുത്തി കമീഷണറുടെ ചുമതല നല്‍കിയിരുന്നു. എന്നാല്‍ , അദ്ദേഹത്തിന് ഭരണപരമായ ചുമതലമാത്രമേ നല്‍കിയിട്ടുള്ളൂവെന്നാണ് വിശദീകരണം. ദൂരപരിധി, കിസ്ത് കുടിശ്ശിക തുടങ്ങിയവ സംബന്ധിച്ച് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാണ് 15 അപേക്ഷ തിരിച്ചയച്ചത്. 16 ബാറിനുള്ള അപേക്ഷയിലാണ് തിരക്കിട്ട് നടപടി ആരംഭിച്ചത്. ഇതില്‍ എറണാകുളം നഗരത്തില്‍നിന്നുള്ള ഒരപേക്ഷ മടക്കിയിട്ടില്ല.

അതിനിടെ, ബാര്‍ ലൈസന്‍സ് സംബന്ധിച്ച് അനന്തരനടപടി പിറവം ഉപതെരഞ്ഞെടുപ്പിനുശേഷം കൈക്കൊണ്ടാല്‍ മതിയെന്ന് ധാരണയിലെത്തിയിട്ടുണ്ട്. അബ്കാരി ലോബിയും ചില സമുദായ നേതാക്കളും ബാര്‍ അനുമതിക്കുവേണ്ടി നേരിട്ട് രംഗത്തുണ്ട്. അതേസമയം, പിറവം മണ്ഡലത്തിലെ പാമ്പാക്കുടയിലെ ഗ്രീന്‍പാലസ് ഹോട്ടലിന് ബാര്‍ അനുവദിച്ചെന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്ന് എക്സൈസ് മന്ത്രി കെ ബാബു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇതിനകം അനുവദിച്ച ബാര്‍ ലൈസന്‍സ് തികച്ചും നിയമവിധേയവും ഹൈക്കോടതി ഉത്തരവ് പാലിച്ചുകൊണ്ടുള്ളതുമാണ്. അടുത്ത സാമ്പത്തികവര്‍ഷം ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും 2013 മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കും മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

deshabhimani 261111

2 comments:

  1. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള 15 അപേക്ഷ വിശദീകരണം തേടി എക്സൈസ് കമീഷണര്‍ക്ക് തിരിച്ചയച്ചു. പിറവം മണ്ഡലത്തിലെ പാമ്പാക്കുടയിലെ ഹോട്ടലിന് ബാര്‍ അനുമതി നല്‍കിയത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നാണ് മറ്റ് അപേക്ഷകള്‍ വിശദീകരണം ചോദിച്ച് മടക്കിയത്. ബാര്‍ ലൈസന്‍സ് സംബന്ധിച്ച കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പാമ്പാക്കുടയില്‍ ഗ്രീന്‍ പാലസ് ഹോട്ടലില്‍ ബാറിന് അനുമതി നല്‍കിയ ഉത്തരവ് പുഴ്ത്തിവച്ചിരിക്കുകയാണ്. ഇവര്‍ നല്‍കിയ കേസില്‍ ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ഫയല്‍ രഹസ്യമായി സൂക്ഷിക്കാനാണ് നിര്‍ദേശം.

    ReplyDelete
  2. ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കാതിരിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ നിലപാടെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എക്സൈസ് വകുപ്പ്, യുവജനക്ഷേമബോര്‍ഡ് എന്നിവയുമായി ചേര്‍ന്ന് മാജിക് അക്കാദമി ലഹരിക്കെതിരെ സംഘടിപ്പിച്ച "മാജിക് വിത്ത് എ മിഷ"ന്റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരണമെന്നാണ് സര്‍ക്കാര്‍നയം. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഇനി ബാര്‍ ലൈസന്‍സ് അനുവദിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ , ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുടെ കാര്യത്തില്‍ ഈ നിലപാട് എടുക്കാനാവില്ല. ഇതിന് ടൂറിസത്തിന്റെയും മറ്റും സാധ്യതകള്‍ കണക്കിലെടുക്കണം. ബിവറേജസ് കോര്‍പറേഷന്റെ പുതിയ ഔട്ട്ലെറ്റുകള്‍ അനുവദിക്കില്ല. ഭരണപരമായ കാര്യങ്ങളാല്‍ അനുവദിക്കേണ്ടി വന്നാല്‍ ഒന്നുപൂട്ടിയ ശേഷമായിരിക്കും മറ്റൊന്ന് നല്‍കുക. ആത്മഹത്യ, റോഡപകടങ്ങള്‍ , മദ്യപാനം എന്നിവയില്‍ കേരളം ഒന്നാമതായതായും മുഖ്യമന്ത്രി പറഞ്ഞു. എക്സൈസ് വകുപ്പിനെതിരെ ചിലര്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ലഹരിവിരുദ്ധസന്ദേശം നല്‍കിയ മന്ത്രി കെ ബാബു പറഞ്ഞു. മുന്‍കാലങ്ങളിലൊന്നും മദ്യനയത്തിനെതിരെ പ്രതികരിക്കാതിരുന്നവരാണ് ഇപ്പോള്‍ രംഗത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ReplyDelete