Thursday, November 24, 2011

"കുടുംബശ്രീ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ പണ്ടേ ആത്മഹത്യചെയ്തേനെ"

"കുടുംബശ്രീ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ പണ്ടേ ആത്മഹത്യചെയ്യേണ്ടി വരുമായിരുന്നു." കടക്കെണിയില്‍പ്പെട്ട് വയനാട്ടിലെ ഇഞ്ചികര്‍ഷകന്‍ അശോകന്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ഭാര്യ ഓമന സാമൂഹ്യക്ഷേമമന്ത്രി എം കെ മുനീറിനോട് പറഞ്ഞതാണിത്. ഓമനയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് മന്ത്രി തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കുടുബശ്രീയുടെ പ്രവര്‍ത്തനവും വായ്പാകെണിയില്‍പെട്ട് കര്‍ഷകര്‍ ആത്മഹത്യചെയ്യാന്‍ കാരണമായെന്ന് കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയും കോണ്‍ഗ്രസ് നേതാക്കളായ എം എം ഹസ്സനും എം കെ രാഘവന്‍ എംപിയും ഡല്‍ഹിയില്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പേരെടുത്തുപറയാതെ ഇതിനു മറുപടി പറയുകയായിരുന്നു മന്ത്രി.

കുടുംബശ്രീയുടെ ഘടനയും പ്രവര്‍ത്തനവും അറിയുന്നവര്‍ കുടുംബശ്രീക്കെതിരെ ഇത്തരം പരാമര്‍ശം നടത്തില്ലെന്ന് മുനീര്‍ പറഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം സജീവമായതുകൊണ്ടാണ് പല കുടുംബങ്ങളും പിടിച്ചു നില്‍ക്കുന്നത്. കുടുംബശ്രീ മാതൃകയില്‍ എന്നുപറഞ്ഞു പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സിങ് സ്ഥാപനങ്ങളുമായി കുടുംബശ്രീയുടെ പ്രവര്‍ത്തനം കൂട്ടിക്കുഴയ്ക്കരുത്. വായ്പ എടുക്കുന്നവര്‍ , തിരിച്ചടയ്ക്കുന്നവര്‍ എന്നിങ്ങനെയുള്ള എല്ലാ രേഖയും കൃത്യമായി സൂക്ഷിക്കുന്ന ഇന്ത്യയിലെ ഇത്തരത്തിലുള്ള ഏക സംരംഭമാണ് കുടുംബശ്രീ. കുടുംബശ്രീ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംരംഭമാണ്. സ്ത്രീകള്‍ പരസ്പര സഹകരണമെന്ന നിലയില്‍ ത്രിഫ്റ്റ്വഴി ഒരു ചെറിയ തുക 12 ശതമാനം പലിശയോടെ സഹായിക്കാറുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ പലിശ ഏഴുശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ , നടപ്പായില്ല. ഇത് നടപ്പാക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു.

deshabhimani 241111

1 comment:

  1. "കുടുംബശ്രീ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ പണ്ടേ ആത്മഹത്യചെയ്യേണ്ടി വരുമായിരുന്നു." കടക്കെണിയില്‍പ്പെട്ട് വയനാട്ടിലെ ഇഞ്ചികര്‍ഷകന്‍ അശോകന്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ഭാര്യ ഓമന സാമൂഹ്യക്ഷേമമന്ത്രി എം കെ മുനീറിനോട് പറഞ്ഞതാണിത്.

    ReplyDelete