Friday, November 25, 2011

ജനസമ്പര്‍ക്ക പരിപാടി: ഖദര്‍ധാരികളുടെ "കസേരകളി"യും ഫോണ്‍സല്ലാപവും

ജനസമ്പര്‍ക്കം മാത്രം പോര: ശ്രീരാമകൃഷ്ണന്‍

മലപ്പുറം: ജനങ്ങളെ സഹായിക്കാന്‍ ജനസമ്പര്‍ക്കപരിപാടി മാത്രംപോരെന്ന് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ജനങ്ങളുടെ പരാതി കേള്‍ക്കാനും അതിന് പരിഹാരം കാണാനും ഭരണസംവിധാനത്തിനാകണം. ജനസമ്പര്‍ക്ക പരിപാടിക്കെത്തിയവരുടെ പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും നടപടിവേണമെന്നും അദ്ദേഹം ഉദ്ഘാടന ചടങ്ങില്‍ ആവശ്യപ്പെട്ടു.

വേദിയില്‍ ഖദര്‍ധാരികളുടെ "കസേരകളി"യും ഫോണ്‍സല്ലാപവും

മലപ്പുറം: ചിലര്‍ ഫോണ്‍സല്ലാപത്തിന്റെ തിരക്കില്‍ ; മറ്റുചിലര്‍ ഗൗരവ പത്രവായനയില്‍ . സദസ്സിലെ പരാതിക്കാരോട് കൈവീശിയും നിര്‍ദേശംനല്‍കിയും നേതാവ് ചമഞ്ഞ ഖദര്‍ധാരികളും കുറവല്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത ജനസമ്പര്‍ക്ക പരിപാടിയുടെ വേദി കൈയടക്കിയ കോണ്‍ഗ്രസുകാരുടെ രീതികള്‍ കൗതുകക്കാഴ്ചയായി.

ഉദ്ഘാടന ചടങ്ങിനുശേഷം, വികലാംഗരില്‍നിന്ന് നേരിട്ട് പരാതി സ്വീകരിക്കാന്‍ മുഖ്യമന്ത്രി സദസ്സിലേക്ക് ഇറങ്ങിയപ്പോഴാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഇടിച്ചുകയറിയത്. വേദിയുടെ ഇരു വശത്തിലൂടെയും നേതാക്കള്‍ ചാടിക്കയറി. പൊലീസുകാര്‍ തടഞ്ഞെങ്കിലും അത് കൂട്ടാക്കാതെയായിരുന്നു "മുന്നേറ്റം". മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുന്ന സീറ്റുകളില്‍ ഇടിച്ചുകയറിയവര്‍ മാറിമാറി ഇരുന്നു. പരസ്പരം കുശലംപറഞ്ഞും തമാശ പറഞ്ഞും കുലുങ്ങിച്ചിരിച്ചു. ചിലരുടെ ഫോണ്‍വിളിക്ക് ആദിയുംഅന്തവുമില്ലായിരുന്നു. ടിവിയില്‍ ലൈവുണ്ടെന്ന് വിളിച്ചറിയിക്കുന്നവരും ഉണ്ടായിരുന്നു. കെഎസ്യുവിന്റെ കുട്ടി നേതാക്കള്‍ മുതല്‍ കോണ്‍ഗ്രസ്സിന്റെ മൂത്ത നേതാക്കള്‍വരെ വേദിയില്‍ നിരന്നു. കണ്ടുനിന്ന് സഹികെട്ട് മഹിളാ കോണ്‍ഗ്രസ് നേതാക്കളും വേദിയിലെത്തി. ഖദര്‍ധാരികളുടെ ഈ "സമ്പര്‍ക്ക" പരിപാടി സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ കണ്ടില്ലെന്നുനടിച്ചു. ഉദ്ഘാടന ചടങ്ങില്‍ നേതാക്കള്‍ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ മാത്രമാണ് കടത്തിവിട്ടത്.

സംഘാടനം പാളി; വികലാംഗരും രോഗികളും വലഞ്ഞു

മലപ്പുറം: സംഘാടനത്തിലെ പാളിച്ചമൂലം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ വികലാംഗരും രോഗികളും ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. വ്യാഴാഴ്ച അതിരാവിലെ മുതല്‍ ജില്ലയുടെ വിദൂരസ്ഥലങ്ങളില്‍ നിന്നുമെത്തിയ ഇവര്‍ക്ക് പരാതി നല്‍കാന്‍ രാത്രി വൈകുംവരെ കാത്തുനില്‍ക്കേണ്ടിവന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ പ്രാഥമികാവശ്യം പോലും നിര്‍വഹിക്കാനാവാതെയാണ് കാത്തുകെട്ടിക്കിടന്നത്. നേരമിരുട്ടിയതോടെ പലരും പരാതി നല്‍കാനാവാതെ മടങ്ങി. പരാതിക്കാരുടെ കൂടെയെത്തിയവര്‍ ബഹളംവച്ചത് ഇടയ്ക്ക് സംഘര്‍ഷത്തിനിടയാക്കി. തിരക്കുമൂലം മുഖ്യമന്ത്രിക്കുവേണ്ടി കലക്ടര്‍ എം സി മോഹന്‍ദാസാണ് പല പരാതികളും സ്വീകരിച്ചത്. ബിപിഎല്‍ കാര്‍ഡിനുള്ള അപേക്ഷകരുടെ തള്ളിച്ചയാണ് സംഘാടനം പാളാന്‍ പ്രധാന കാരണം. മുഖ്യമന്ത്രിക്ക് നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത വിഷയത്തില്‍ പരാതി സ്വീകരിക്കുന്നത് ഒഴിവാക്കിയിരുന്നെങ്കില്‍ തിക്കുംതിരക്കും കുറയ്ക്കാമായിരുന്നു. ഇക്കാര്യത്തില്‍ ജില്ലാ ഭരണകേന്ദ്രവും യുഡിഎഫ് നേതൃത്വവും ഒരു പോലെ വീഴ്ചവരുത്തി. പരിപാടിക്ക് ആളെ കൂട്ടാനുള്ള വ്യഗ്രതയാണ് ഇതിന് ഇടയാക്കിയത്.

ഹെല്‍പ്പ് ഡെസ്കുകള്‍വഴി പ്രത്യേക ടോക്കണുകള്‍ നല്‍കുമെന്നും അതനുസരിച്ചാകും മുഖ്യമന്ത്രി പരാതിക്കാരെ കാണുകയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പലരും മണിക്കൂറുകളോളം പൊരിവെയിലത്ത് വരിനിന്ന് ടോക്കണെടുത്തു. എന്നാല്‍ ടോക്കണനുസരിച്ച് പരാതി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കിയിരുന്നില്ല. പ്രാദേശിക ഭരണകക്ഷി നേതാക്കള്‍ അവര്‍ക്ക് താല്‍പ്പര്യമുള്ളവരെ മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാന്‍ ശ്രമിച്ചതോടെ രാവിലെ മുതല്‍ കാത്തുനിന്നവര്‍ അവഗണിക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് രോഗികളുടെ ബന്ധുക്കളില്‍ ചിലര്‍ ബഹളം വച്ചതോടെയാണ് മുഖ്യമന്ത്രി അവരുടെ അടുത്തേക്ക് മടങ്ങിയെത്തിയത്. ദൂരസ്ഥലങ്ങളില്‍ നിന്നും വന്ന പലരും തിരിച്ചുപോകാന്‍ വാഹനം കിട്ടാതെ വലഞ്ഞു. ഗുരുതര രോഗങ്ങള്‍ക്ക് അടിപ്പെട്ടവരും നടക്കാന്‍ ശേഷിയില്ലാത്തവരുമായ പരാതിക്കാരെ അവരുടെ വാഹനങ്ങളിലെത്തിയാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ഹെല്‍പ്പ് ഡസ്ക്കുകളില്‍നിന്നും യഥാസമയം ടോക്കണ്‍ ലഭിക്കാത്തിനാല്‍ ഇത്തരത്തിലുള്ള നിരവധി പേര്‍ക്ക് മുഖ്യമന്ത്രിയ്ക്ക് രേഖാമൂലം പരാതി നല്‍കാനായില്ല. പിന്നീട് വേദിയില്‍ എത്തിച്ചാണ് ഇവര്‍ പരാതി കൈമാറിയത്.

രാത്രിയായതോടെ വികലാംഗരെ മാത്രമാണ് പരിഗണിച്ചതെന്ന പരാതിയുണ്ടായി. വൃക്കരോഗികളും ക്യാന്‍സര്‍ രോഗികളും അവഗണിക്കപ്പെട്ടു. പുലര്‍ച്ചെ എത്തി രാത്രിയായിട്ടും മുഖ്യമന്ത്രിയെ കാണാന്‍ പറ്റാതായതോടെ പലരും നിരാശരായി മടങ്ങി. പരാതി പരിഹാരത്തിനായി വിവിധ വകുപ്പുകളുടെ 33 കൗണ്ടറുകളാണ് പ്രവര്‍ത്തിച്ചത്. പരാതികള്‍ കൂടുതലുള്ള വകുപ്പുകള്‍ക്കും ഒരു കൗണ്ടര്‍ മാത്രമേ ഉണ്ടായിരുന്നും ഇതും അപേക്ഷകര്‍ക്ക് ദുരിതമായി.

ലീഗ് മന്ത്രിമാരും എംഎല്‍എമാരും കാഴ്ചക്കാരായി

മലപ്പുറം: ജനസമ്പര്‍ക്ക പരിപാടിയില്‍ ഒഴുകിയെത്തിയ പതിനായിരങ്ങളുടെ പരാതി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാടുപെട്ടപ്പോള്‍ മുസ്ലിംലീഗ് മന്ത്രിമാരും എംഎല്‍എമാരും കാഴ്ചക്കാരായി നിന്നു. വൈകിയെത്തിയ മന്ത്രി പി കെ അബ്ദുറബ്ബ് വേദിയിലുണ്ടായിട്ടും പകല്‍ സമയം പരാതി സ്വീകരിക്കുന്നിടത്തേക്ക് ഇറങ്ങിവരാന്‍പോലും തയ്യാറായില്ല. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ ഉണ്ടായിരുന്നു. ഒടുവില്‍ രാത്രി നിവേദനം സ്വീകരിക്കാന്‍ മന്ത്രിയെത്തി. അധ്യക്ഷനായിരുന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കുറഞ്ഞ സമയമാണ് ഇവിടെ ചെലവഴിച്ചത്. അബ്ദുറഹിമാന്‍ രണ്ടത്താണി ഒഴികെയുള്ള എല്ലാ ലീഗ് എംഎല്‍എമാരും ഉദ്ഘാടനസമയത്ത് വേദിയില്‍ എത്തിയിരുന്നു. പിന്നീട് പലരും പലസമയത്ത് മുങ്ങുകയും പൊങ്ങുകയും ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും അനില്‍കുമാറും സംസാരിച്ചു. എംഎല്‍എമാരില്‍ പി ശ്രീരാമകൃഷ്ണനും പി ഉബൈദുള്ളയുമാണ് സംസാരിച്ചത്. കെ ടി ജലീല്‍ എംഎല്‍എയും ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തു.

ബിപിഎല്‍ കാര്‍ഡിന് അപേക്ഷ നല്‍കിയവര്‍ നിരാശയോടെ മടങ്ങി

മലപ്പുറം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയവര്‍ നിരാശരായി മടങ്ങി.നിവേദനം നല്‍കിയാലുടന്‍ ബിപിഎല്‍ കാര്‍ഡ് കിട്ടുമെന്ന് തെറ്റിദ്ധരിച്ചെത്തിയ 30,000ത്തിലധികം പേരാണ് ഒരു ഉറപ്പും ലഭിക്കാതെ മടങ്ങിയത്. ആകെ ലഭിച്ച 46,000ത്തില്‍പ്പരം പരാതികളില്‍ 30,000ത്തിലേറെ ബിപിഎല്‍ കാര്‍ഡിനുള്ളതായിരുന്നു. ബിപിഎല്‍കാര്‍ഡിനുള്ള പരാതി സ്വീകരിക്കുന്നില്ലെന്ന് അറിയിപ്പ് വന്നതോടെ ക്ഷുഭിതരായാണ് പലരും എംഎസ്പി മൈതാനം വിട്ടത്.

മുഖ്യമന്ത്രിക്ക് പരാതിനല്‍കിയാല്‍ എപിഎല്‍ കാര്‍ഡ് ബിപിഎല്ലാക്കി നല്‍കുമെന്നാണ് കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകരും നേതാക്കളും പ്രചരിപ്പിച്ചത്. ഇവരുടെ കള്ളപ്രചാരണത്തില്‍ വഞ്ചിതരായ സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെ പതിനായിരങ്ങള്‍ കലക്ടറേറ്റില്‍ അപേക്ഷ നല്‍കിയിരുന്നു. അവര്‍ക്കുപുറമേ പുതിയ അപേക്ഷകരും വ്യാഴാഴ്ച രാവിലെ ആറുമുതല്‍ സിവില്‍സപ്ലൈസ് ഓഫീസ് കൗണ്ടറിനു മുന്നില്‍ വരിനിന്നു. തിരക്ക് കൂടിയതോടെ ബിപിഎല്‍ ലിസ്റ്റിനുള്ളവര്‍ വരിനില്‍ക്കേണ്ടെന്ന് അറിയിപ്പ് വന്നു. ലിസ്റ്റ് തയ്യാറാക്കാന്‍ സര്‍വെ നടത്തുമെന്നും തുടര്‍ന്ന് കാര്‍ഡ് അനുവദിക്കുമെന്നും ജനക്കൂട്ടത്തെ അറിയിച്ചു. കുറച്ചുപേരുടെ നിവേദനം മുഖ്യമന്ത്രി നേരിട്ട് സ്വീകരിക്കാന്‍ ആരംഭിച്ചെങ്കിലും അപേക്ഷകരുടെ തിക്കുംതിരക്കും നിയന്ത്രണാതീതമായതോടെ അത് താളംതെറ്റി. പിന്നീട് മന്ത്രി എ പി അനില്‍കുമാറാണ് ഇത്തരം പരാതികള്‍ സ്വീകരിച്ചത്.

ബിപിഎല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിക്കില്ലെന്ന കര്‍ശന നിലപാട് നേരത്തെ സ്വീകരിച്ചിരുന്നെങ്കില്‍ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു. എന്നാല്‍ യുഡിഎഫ് നേതൃത്വം ഇതിന് തയ്യാറായില്ല. ബിപിഎല്‍ കാര്‍ഡിനുവേണ്ടി നല്‍കിയ അപേക്ഷകളില്‍ ഒന്നും ചെയ്യാനില്ലെന്ന് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് കൈമാറിയ അപേക്ഷകള്‍ കലക്ടറേറ്റില്‍ കെട്ടിക്കിടക്കും. ഫലത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി കലക്ടറേറ്റിലും ഒടുവില്‍ ജനസമ്പര്‍ക്ക പരിപാടിയിലും പണവും സമയവും ചെലവഴിച്ചെത്തിയ ആയിരങ്ങള്‍ വഞ്ചിതരായി. അപേക്ഷയുടെയും ഫോട്ടോസ്റ്റാറ്റിന്റെയും പേരില്‍ പണം തട്ടിയ ഇടനിലക്കാര്‍ക്ക് മാത്രമാണ് ലാഭമുണ്ടായത്.

ജില്ലയില്‍ നിലവില്‍ രണ്ടുലക്ഷം ബിപിഎല്‍ കാര്‍ഡുകളാണുള്ളത്. രണ്ടുവര്‍ഷം മുമ്പ് കുടുംബശ്രീ നടത്തിയ സെന്‍സസ് പ്രകാരം ഒരു ലക്ഷം പേര്‍കൂടി ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. 2009ലെ ബിപിഎല്‍ പട്ടിക പ്രകാരമുള്ള കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കി മാറ്റുന്നതിന് കലക്ടര്‍ക്ക് അധികാരമുണ്ട്. പ്രത്യേക അപേക്ഷ കൂടാതെതന്നെ അര്‍ഹരായ ആളുകളുടെ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ബിപിഎല്‍ ആക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെ പ്രത്യേക സര്‍വെ നടത്തിയാണ് കണ്ടെത്തുന്നത്. ഇതെല്ലാം മറച്ചുവച്ചാണ് പരിപാടിയില്‍ ആളെക്കൂട്ടാന്‍ വ്യാജ പ്രചാരണം നടത്തിയത്.

deshabhimani news

2 comments:

  1. ചിലര്‍ ഫോണ്‍സല്ലാപത്തിന്റെ തിരക്കില്‍ ; മറ്റുചിലര്‍ ഗൗരവ പത്രവായനയില്‍ . സദസ്സിലെ പരാതിക്കാരോട് കൈവീശിയും നിര്‍ദേശംനല്‍കിയും നേതാവ് ചമഞ്ഞ ഖദര്‍ധാരികളും കുറവല്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത ജനസമ്പര്‍ക്ക പരിപാടിയുടെ വേദി കൈയടക്കിയ കോണ്‍ഗ്രസുകാരുടെ രീതികള്‍ കൗതുകക്കാഴ്ചയായി.

    ReplyDelete
  2. ഏതാനും ഫോട്ടോകൾ കൂടി ഉൾപ്പെടുത്താമായിരുന്നു

    ReplyDelete