Thursday, November 24, 2011

ബാര്‍ ലൈസന്‍സ് നല്‍കിയത് കേസുണ്ടാകാതിരിക്കാനെന്ന് മുഖ്യമന്ത്രി

യുഡിഎഫ് സര്‍ക്കാര്‍ പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കിയത് ഹോട്ടലുടമകള്‍ കേസിനുപോകുന്ന സാഹചര്യം ഒഴിവാക്കാനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കണമെന്നതടക്കം യുഡിഎഫ് ഉപസമിതി നിര്‍ദേശങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ തീരുമാനമെടുത്തവരോടുതന്നെ ചോദിക്കാനായിരുന്നു മറുപടി.

ഉപസമിതി എന്താണു പറഞ്ഞതെന്ന് അറിയില്ല. യുഡിഎഫാണ് ഇതേക്കുറിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കേണ്ടത്. അടുത്തവര്‍ഷം മുതല്‍ ബാര്‍ലൈസന്‍സ് നല്‍കില്ലെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി യുഡിഎഫ് സര്‍ക്കാര്‍ പുതുതായി അനുവദിച്ച ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് കൊടുക്കുന്നത് സംസ്ഥാന സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യം പ്രോത്സാഹിപ്പിക്കുന്ന ഒരു തീരുമാനവും യുഡിഎഫ് സര്‍ക്കാര്‍ എടുത്തിട്ടില്ല. ബിവറേജസ് കോര്‍പറേഷന്‍ ഒറ്റ പുതിയ വില്‍പ്പനകേന്ദ്രവും തുറന്നിട്ടില്ല. വിവാദ മദ്യനയത്തില്‍ ഈ വര്‍ഷം മാറ്റം വരുത്തുമോയെന്ന് ആവര്‍ത്തിച്ച് ചോദ്യങ്ങളുയര്‍ന്നെങ്കിലും മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറി.

സര്‍ക്കാര്‍ നിലപാട് വി എം സുധീരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്തതെന്തെന്ന ചോദ്യത്തിന് അതു വേറെ കാര്യം എന്നായിരുന്നു മറുപടി. ജൂലൈയില്‍ മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനെതിരെ മുസ്ലിംലീഗും മറ്റും ഇപ്പോള്‍ രംഗത്തുവന്നതിനെക്കുറിച്ച് പ്രതികരിക്കാനും മുഖ്യമന്ത്രി തയ്യാറായില്ല. ബഹുജനസമ്പര്‍ക്കപരിപാടി സംബന്ധിച്ച് ധനവകുപ്പില്‍നിന്ന് ചില നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈകാര്യം ചെയ്യുന്നത്. റവന്യൂ വകുപ്പിനോട് ഇതേക്കുറിച്ച് പ്രതികരണമാരാഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. പന്ത്രണ്ടാം പദ്ധതി നയസമീപനരേഖ സംബന്ധിച്ച് കെപിസിസി ഉന്നയിച്ച വിമര്‍ശനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ക്രിയാത്മകമായ ഏതഭിപ്രായവും സ്വാഗതം ചെയ്യുമെന്നായിരുന്നു മറുപടി. പദ്ധതി ചെലവിന് 1.05 ലക്ഷം കോടി രൂപ ലഭ്യമാക്കുന്നത് അസാധ്യമല്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

deshabhimani 241111

1 comment:

  1. യുഡിഎഫ് സര്‍ക്കാര്‍ പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കിയത് ഹോട്ടലുടമകള്‍ കേസിനുപോകുന്ന സാഹചര്യം ഒഴിവാക്കാനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കണമെന്നതടക്കം യുഡിഎഫ് ഉപസമിതി നിര്‍ദേശങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ തീരുമാനമെടുത്തവരോടുതന്നെ ചോദിക്കാനായിരുന്നു മറുപടി.

    ReplyDelete