Monday, November 28, 2011

സര്‍ക്കാരുകള്‍ക്ക് നിസ്സംഗത; ഭീതിയൊഴിയാതെ ജനങ്ങള്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത തുടരുന്നതും സമവായ ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകാതിരിക്കുന്നതും കാരണം ജനങ്ങളുടെ പ്രതികരണം വൈകാരികതലത്തിലേക്കു നീങ്ങുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ സുപ്രീംകോടതിയെയും ഉന്നതാധികാര സമിതിയെയും കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്താന്‍ കേരളത്തിനാവാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലെ ജനലക്ഷങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. മുല്ലപ്പെരിയാര്‍ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ വണ്ടിപ്പെരിയാറില്‍ കൊല്ലം-തേനി ദേശീയപാത ഉപരോധിച്ചു. രോഷാകുലരായ ജനങ്ങള്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിച്ചു.

ഭീതി ജനിപ്പിക്കുന്ന പ്രസ്താവനകളിലൂടെ വൈകാരിക സമീപനത്തിനു തുടക്കംകുറിച്ചത് മന്ത്രിമാരായ പി ജെ ജോസഫും കെ എം മാണിയുമാണ്. രാഷ്ട്രീയ മുതലെടുപ്പാണ് കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യം. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ കടുത്ത നിസംഗതയിലാണ്. ജനങ്ങളുടെ ആശങ്കയകറ്റാനും ഭൂചലനം സംബന്ധിച്ച് പഠനം നടത്താനും കഴിഞ്ഞദിവസം എത്തിയ സെസ് ഉദ്യോഗസ്ഥരെ നിവാസികള്‍ തടഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധിക്കാന്‍ പോവുകയായിരുന്ന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകിട്ട് വള്ളക്കടവില്‍ തടഞ്ഞു. പുലര്‍ച്ചെയുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് അണക്കെട്ടിന് എന്തെങ്കിലും കേട് സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ മുല്ലപ്പെരിയാര്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡേവിഡ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രസീത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. എന്നാല്‍ , അണക്കെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഇവരെ തടയുകയായിരുന്നു. ഉപ്പുതറ വളകോട് മേഖലയില്‍ ഞായറാഴ്ച രാവിലെ എത്തിയ ഭൗമശാസ്ത്ര പഠനകേന്ദ്ര(സെസ്)ത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയെയും നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇതിനിടെ മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി ചപ്പാത്തില്‍ നടത്തിവരുന്ന സമരം 1801 ദിവസം പിന്നിട്ടു. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
(കെ ടി രാജീവ്)

ഇടതുപക്ഷ എംപിമാര്‍ ഇന്ന് പാര്‍ലമെന്റിനുമുന്നില്‍ സത്യഗ്രഹം നടത്തും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ തിങ്കളാഴ്ച രാവിലെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ സത്യഗ്രഹം നടത്തും. ലോക്സഭയിലെ സിപിഐ എം ഉപനേതാവ് പി കരുണാകരന്‍ അറിയിച്ചതാണിത്. പ്രശ്നത്തില്‍ ഇരുസഭകളിലും സിപിഐ എം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്സഭയില്‍ പി കരുണാകരനും രാജ്യസഭയില്‍ പി രാജീവുമാണ് നോട്ടീസ് നല്‍കിയത്. അണക്കെട്ട് അപകടാവസ്ഥയിലാണെന്നതിനാല്‍ കേരളീയര്‍ ഭീതിയിലാണെന്ന് പി കരുണാകരന്‍ പറഞ്ഞു. തുടര്‍ച്ചയായ ഭൂചലനം അണക്കെട്ടിന് കേടുപാടുണ്ടാക്കിയെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. അണക്കെട്ട് തകര്‍ന്നാല്‍ അഞ്ചു ജില്ല നാമാവശേഷമാകും. ജനങ്ങളുടെ ജീവന്‍വച്ച് പന്താടാനാവില്ല. ജീവന് സുരക്ഷ ഉറപ്പുവരുത്തണം. പുതിയ അണക്കെട്ട് പണിയുന്നതുസംബന്ധിച്ച് തമിഴ്നാടിന്റെ ആശങ്ക ഇല്ലാതാക്കണം. ഇതിന് പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സത്യഗ്രഹം. -കരുണാകരന്‍ പറഞ്ഞു. അതേസമയം, മുല്ലപ്പെരിയാര്‍വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രി പി ജെ ജോസഫ് തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്നുണ്ട്. അണക്കെട്ടിന്റെ സുരക്ഷസംബന്ധിച്ച റൂര്‍ക്കി ഐഐടിയുടെ റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ്സെക്രട്ടറി കെ ജയകുമാര്‍ കേന്ദ്രത്തിന് കൈമാറും.

പുതിയ അണക്കെട്ടിന് കേന്ദ്രം അനുമതി നല്‍കണം: വി എസ്

കൊല്ലം: നാലു ജില്ലയിലെ 30 ലക്ഷത്തോളം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രശ്നമെന്ന നിലയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള അനുമതിക്ക് പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 116 വര്‍ഷം പഴക്കമുള്ള അണക്കെട്ട് തൊടുന്യായം പറഞ്ഞ് നിലനിര്‍ത്താനാണ് ശ്രമമെങ്കില്‍ അത്യന്തം അപകടകരമായ സ്ഥിതി നേരിടേണ്ടിവരും. ദുരന്തമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അനങ്ങാപ്പാറ നയം സ്വീകരിച്ച കേന്ദ്ര ഭരണാധികാരികള്‍ക്കായിരിക്കുമെന്നും വി എസ് പറഞ്ഞു. സിപിഐ എം ശൂരനാട് ഏരിയസമ്മേളനത്തിന് സമാപനം കുറിച്ച് തഴവ കുറ്റിപ്പുറത്ത് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

അണക്കെട്ടിന്റെ അപകടാവസ്ഥ പ്രധാനമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തിയെന്നാണ് കഴിഞ്ഞ 23ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. യോഗം ചേര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രിമാര്‍ മാറിമാറി ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടെന്ന് പറയുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ല. തമിഴ്നാടിന് വെള്ളം തുടര്‍ന്നും നല്‍കുമെന്ന് കാലാകാലങ്ങളില്‍ സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും ഈ ആവശ്യം അംഗീകരിച്ചതാണ്. തമിഴ്നാടുമായുള്ള പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ട് തീരുമാനമെടുക്കാം. കേന്ദ്രത്തിന്റെയോ തമിഴ്നാടിന്റെയോ ഓഹരിയില്ലാതെ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളത്തിന് അനുമതി നല്‍കണമെന്നും വി എസ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ : കേന്ദ്രം ഉടന്‍ ഇടപെടണം-മാണി

കൊച്ചി: മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി കെ എം മാണി. കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികളെ വിളിച്ച് പ്രശ്നം ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാവണം. കരാര്‍വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാരിന് അധികാരമുണ്ടെന്ന കാര്യം തമിഴ്നാട് മറക്കരുത്. എന്നാല്‍ , ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കൊച്ചിയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ ജനറല്‍ബോഡിയുടെ സമാപനസമ്മേളനം ഉദ്ഘാടന ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര നിസ്സംഗതയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജോസ് കെ മാണി എംപി പാര്‍ലമെന്റിനുമുന്നിലും റോഷി അഗസ്റ്റിന്‍ എംഎല്‍എ സെക്രട്ടറിയറ്റിനുമുന്നിലും ഉപവസിക്കും. കേരള കോണ്‍ഗ്രസ് എം നേതൃത്വത്തില്‍ അഞ്ച് ജില്ലാകേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരും നേതാക്കളും നിരാഹാരം നടത്തുമെന്നും മാണി പറഞ്ഞു. ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്നാട്ടിലെ അഞ്ചു ജില്ലകളില്‍ വരള്‍ച്ചയായിരിക്കും ഫലം. ജലനിരപ്പ് താഴ്ത്തിയാലും തമിഴ്നാടിന് വെള്ളം കിട്ടുമെന്നും മാണി പറഞ്ഞു.

നാലു ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

തിരു: മുല്ലപ്പെരിയാര്‍പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ . പാല്‍ , പത്രം, ആശുപത്രി എന്നിവയും ശബരിമല തീര്‍ഥാടകരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കും.

deshabhimani 281111

5 comments:

  1. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത തുടരുന്നതും സമവായ ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകാതിരിക്കുന്നതും കാരണം ജനങ്ങളുടെ പ്രതികരണം വൈകാരികതലത്തിലേക്കു നീങ്ങുന്നു.

    ReplyDelete
  2. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.4 അടിയായി ഉയര്‍ന്നു. 13 സ്പില്‍വേയിലൂടെയും വെള്ളം ഒഴുകുന്നുണ്ടെങ്കിലും ആദ്യ നാല് സ്പില്‍വേയിലൂടെയാണ് കാര്യമായി വെള്ളം ഒഴുകുന്നത്. തമിഴ്നാട് കൂടുതല്‍ ജലമെടുത്തിട്ടും ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത മഴയാണ് ജലനിരപ്പുയരാന്‍ കാരണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന ഹര്‍ത്താലിന് ബന്ദിന്റെ പ്രതീതി കൈവന്നു. എല്‍ഡിഎഫ്, യുഡിഎഫ്, പൗരസമിതി, മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി എന്നിവരുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ . വണ്ടിപ്പെരിയാര്‍ , ചപ്പാത്ത്, കുമളി എന്നിവിടങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കുമളിയില്‍ കേരള-തമിഴ്നാട് ചെക്ക് പോസ്റ്റ് സമരക്കാര്‍ ഉപരോധിച്ചു. മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയുടെ 1802ാം ദിവസം പിന്നിടുന്ന സമരപ്പന്തലില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എയും മുന്‍ എംപി പി സി തോമസും നിരാഹാരം ആരംഭിച്ചു. ആയിരങ്ങളാണ് സമരപ്പന്തലില്‍ അണിചേര്‍ന്നിരിക്കുന്നത്. ഇടുക്കിയില്‍ താമസിക്കുന്ന തമിഴ് ജനവിഭാഗവും സമരത്തിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.

    ReplyDelete
  3. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയായി കുറച്ചശേഷം ഇടുക്കിയിലേക്ക് വെള്ളം ഒഴുകുന്നത് ഇത് 15ാമത് തവണ. കാലപ്പഴക്കത്താല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കണക്കിലെടുത്ത് 1979ല്‍ കേന്ദ്ര ജലകമീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142ല്‍ നിന്നും 136 അടിയായി കുറവ് ചെയ്തത്. എന്നാല്‍ 136 ആയി കുറച്ച ശേഷവും ഞായറാഴ്ചത്തെ ഉള്‍പ്പെടെ 15 തവണ ഇടുക്കിയിലേക്ക് വെള്ളം ഒഴുകി. ഇപ്പോള്‍ ആകെയുള്ള ഒന്‍പതില്‍ നാല് സ്പില്‍വേയിലൂടെ വെള്ളം ഇടുക്കിയിലേക്ക് ഒഴുകുന്നുണ്ട്. 32 വര്‍ഷത്തിനിടെ 15ാമത്തെ തവണയാണ് ഇത്തവണത്തെ നീരൊഴുക്ക്. 136 അടി സംഭരണ ശേഷിയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 2009ല്‍ ജലനിരപ്പ് 135.6 അടിയില്‍ എത്തിയപ്പോള്‍ ഇടുക്കിയിലേക്ക് നേരിയ തോതില്‍ വെള്ളം ഒഴുകിയിരുന്നു. 1979ല്‍ ജലനിരപ്പ് 143.70 അടിയിലെത്തി. 1981ല്‍ 138.15ഉം, 1989ല്‍ 142.60, 1990ല്‍ 139.20, 1992ല്‍141.80, 1993ല്‍ 136.90, 1994ല്‍ 136.30, 1995ല്‍ 138.20, 1997ല്‍ 139.70, 1998ല്‍ 139.70, 2005 സെപ്തംബര്‍ മൂന്നിന് 139.10, 2006 നവംബര്‍ 22ന് 138.80, 2007ല്‍ 138.20 എന്നീ ക്രമത്തിലാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പ് 136 അടിയ്ക്ക് അടുത്തുവരെ ഉയര്‍ന്ന വര്‍ഷങ്ങളുമുണ്ട്. 1984ല്‍ 135.55, 1986ല്‍ 134.10, 1991ല്‍ 134.90, 1996ല്‍ 135.10, 1999ല്‍ 135.90 എന്നീ ക്രമത്തില്‍ ജലനിരപ്പെത്തിയിരുന്നു. 2006 നവംബര്‍ 14 മുതല്‍ ഡിസംബര്‍ രണ്ട് വരെയുള്ള 19 ദിവസം കൊണ്ട് ഇടുക്കിയിലേക്ക് 3.943 ടിഎംസി വെള്ളം ഇടുക്കിയിലേക്ക് എത്തി. മുപ്പത് വര്‍ഷത്തെ കണക്ക് പ്രകാരം ശരാശരി പ്രതിവര്‍ഷം 1.1 ടിഎംസി വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുകിയത്. എന്നാല്‍ തമിഴ്നാട് ശരാശരി 20ടിഎംസിക്ക് മുകളില്‍ വെള്ളം വര്‍ഷവും കൊണ്ടുപോകുന്നുണ്ട്.

    ReplyDelete
  4. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഭരണ നേതൃത്വത്തിന്റേയും ഉദ്യോഗസ്ഥരുടേയും കൃത്യതയില്ലാതെയുള്ള കണക്കുകള്‍ തമിഴ്നാടിന് ഗുണമാകും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 15ടിഎംസി വെള്ളമുണ്ടെന്നും അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കിക്ക് താങ്ങാനാവില്ലെന്നുമുള്ള മന്ത്രി പി ജെ ജോസഫിന്റെ കഴിഞ്ഞദിവസത്തെ പ്രസ്ഥാവനയിലാണ് തെറ്റ് കടന്നുകൂടിയത്. ഭൂചല ഭീതിയെ തുടര്‍ന്ന് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സര്‍വ കക്ഷിയോഗം ചേര്‍ന്നശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി കണക്കുകള്‍ തെറ്റായി സൂചിപ്പിച്ചത്. വ്യാഴാഴ്ചത്തെ എല്ലാ മാധ്യമങ്ങളിലും ഇതേ രീതിയിലാണ് കണക്കുകള്‍ അച്ചടിച്ച് വന്നതും. 152 അടി ജലനിരപ്പില്‍ നിര്‍മിച്ച മുല്ലപ്പെരിയാറിന്റെ ആകെ സംഭരണ ശേഷി 15 ടിഎംസിയായിരുന്നു. എന്നാല്‍ 1979ല്‍ അണക്കെട്ട് ബലക്ഷയത്തെ തുടര്‍ന്ന് ജലനിരപ്പ് 136 അടിയായി കുറച്ചു. അണക്കെട്ടില്‍ 136 അടി വെള്ളം നില്‍കുമ്പോള്‍ 11.2 ടിഎംസിയോളം വെള്ളമാണ് അണക്കെട്ടില്‍ ഉണ്ടാകുകയുള്ളു.എന്നാല്‍ മന്ത്രിയുടെ പ്രസ്ഥാവനയില്‍ 15 ടിഎംസി എന്നാണ് സൂചിപ്പിച്ചത്. അതായത് നാല് ടിഎംസിയോളം വെള്ളം കൂടുതലായാണ് മന്ത്രി പറഞ്ഞത്. ഇത്തരത്തില്‍ കൃത്യതയില്ലാതെ കണക്കുകള്‍ പറയുന്നത് പ്രശ്നം തമിഴ്നാടിന് ഉപയോഗിക്കാന്‍ ഇടവരുത്തുകയേയുള്ളു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ബുദ്ധിശൂന്യ നിലപാട് സ്വീകരിക്കുന്ന തമിഴ്നാടിന് കേരളം പറയുന്ന കണക്കുകള്‍ ശരിയല്ലെന്ന് വ്യാഖ്യാനിക്കാന്‍ ഇത് കൂടുതല്‍ സൗകര്യമാകുകയും ചെയ്യും.

    ReplyDelete
  5. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ 35 ലക്ഷം ജനങ്ങള്‍ ആശങ്കയില്‍ കഴിയുമ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടുചുറ്റി നടക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടുക്കിയിലും സമീപ ജില്ലയിലും തുടരെത്തുടരെയുള്ള ഭൂചലനം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുയാണ്. അതിവേഗം ബഹുദൂരം എന്നു പറഞ്ഞതുകൊണ്ടു കാര്യമായില്ല. അടിയന്തരമായി ബാധിക്കുന്ന പ്രശ്നങ്ങളോട് കാതോര്‍ക്കാന്‍ കഴിയണം. അതുകൊണ്ട് എല്ലാ പരിപാടികളും റദ്ദാക്കി ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ട് പ്രശ്നം പരിഹരിക്കണം. പ്രശ്നം തീരാതെ കേരളത്തിലേക്ക് മടങ്ങുകയില്ലെന്ന് പറയാനുള്ള ആര്‍ജവമുണ്ടാവണം. ഇതിന് പ്രതിപക്ഷത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും. നേരത്തെ സര്‍വകക്ഷി യോഗം ചേരുന്നതിനേക്കാള്‍ ഭീതിദമാണ് ഇപ്പോഴത്തെ അവസ്ഥ. സിപിഐ എം കോഴിക്കോട് നോര്‍ത്ത്, ഫറോക്ക് എരിയാസമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവന്‍ എംപിമാരും ഒറ്റക്കെട്ടായിനിന്നിട്ടും കേരളത്തില്‍ നിന്നുള്ള രണ്ട് ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ മൗനം പാലിക്കുകയാണ്. മന്ത്രിമാര്‍ പ്രധാനമന്ത്രിയെ കണ്ട് പുതിയ ഡാം നിര്‍മിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണം. കോടതിക്ക് പുറത്ത് തീരുമാനമുണ്ടാക്കാനാണ് കേന്ദ്രമന്ത്രിമാര്‍ ശ്രമിക്കേണ്ടത്.

    ReplyDelete