Thursday, November 24, 2011

വിവാദമായ 24 ബാര്‍ ലൈസന്‍സ് റദ്ദാക്കേണ്ടെന്ന് യുഡിഎഫ്

വിവാദമായ 24 ബാര്‍ ലൈസന്‍സ് റദ്ദാക്കേണ്ടതില്ലെന്ന് യുഡിഎഫ് ഉപസമിതി. ബാര്‍ ലൈസന്‍സ് നല്‍കിയതിനെതിരെ വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷികളും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ , ലൈസന്‍സ് റദ്ദാക്കാന്‍ യുഡിഎഫ് ഉപസമിതി ശുപാര്‍ശ ചെയ്തില്ല. നിലവിലുള്ള നയത്തിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കിയതെന്നും അതില്‍ തെറ്റില്ലെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് ഉപസമിതി കണ്‍വീനര്‍ എം എം ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും പുതിയതായി ഇനി ലൈസന്‍സ് നല്‍കരുതെന്ന് ശുപാര്‍ശചെയ്യും. പഞ്ചായത്ത് നഗരപാലികാ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നതനുസരിച്ച് ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശസമിതികള്‍ക്ക് നല്‍കും. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയെന്ന പൊതുനയം തുടരും. ബിവറേജസ് കോര്‍പറേഷന്‍ പുതിയ ഔട്ട്ലെറ്റുകള്‍ തുടങ്ങരുതെന്ന് ശുപാര്‍ശ ചെയ്യുമെന്നും ഹസ്സന്‍ പറഞ്ഞു.

മദ്യനയം: സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു- അല്‍മായ കമീഷന്‍

മദ്യനയം സംബന്ധിച്ച പ്രകടനപത്രികയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കാറ്റില്‍പ്പറത്തി യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് സീറോ മലബാര്‍ സഭ അല്‍മായ കമീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഇത്തരം നയങ്ങളെ എന്തുവിലകൊടുത്തും എതിര്‍ക്കും. മദ്യലോബിക്കുവേണ്ടിയുള്ള നിലപാടില്‍നിന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്തിരിയണം. യുഡിഎഫ് ഉപസമിതിയുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്ക്കെടുക്കാവുന്നതല്ല. അധികാരത്തിലെത്തുംമുമ്പ് ജനങ്ങളുടെമുമ്പില്‍ അവതരിപ്പിച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി കാണിക്കണം. പഞ്ചായത്ത് രാജ് നഗരപാലികാ ബില്ലിലെ 232, 247 വ്യവസ്ഥകള്‍ അധികാരത്തിലെത്തി ആറുമാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാതിരുന്നതിന്റെപിന്നില്‍ രഹസ്യഅജന്‍ഡയാണ്. പിറവം ഉപതെരഞ്ഞെടുപ്പിനുമുമ്പുള്ള രാഷ്ട്രീയനാടകത്തിനപ്പുറം മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വ്യക്തമായ നയം പ്രാബല്യത്തില്‍ വരുത്തുന്നില്ലെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കമീഷന്‍ സെക്രട്ടറി അഡ്വ. വി സി സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

deshabhimani 241111

No comments:

Post a Comment