Friday, November 25, 2011

12-ാം പദ്ധതി സമീപനം നിരര്‍ഥക വ്യായാമം

കേരളത്തിന്റെ പത്താം പഞ്ചവത്സരപദ്ധതിയുടെ അടങ്കല്‍ത്തുക 24,000 കോടി രൂപയായിരുന്നു. പക്ഷേ, അഞ്ചുവര്‍ഷത്തെ വാര്‍ഷിക പദ്ധതി അടങ്കലുകള്‍ കൂട്ടിയാല്‍ അത്രയും വരുമായിരുന്നില്ല. അത് യുഡിഎഫ് ഭരണകാലം. പതിനൊന്നാം പദ്ധതിക്കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. പദ്ധതി അടങ്കല്‍ 40,222 കോടിയായി ഉയര്‍ത്തി. അഞ്ചുവര്‍ഷത്തെ അടങ്കലുകള്‍ കൂട്ടിയാല്‍ അത് 45,000 കോടിയില്‍പ്പരം വരും. ഇതിന് കാരണമായത് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച അഖിലേന്ത്യാ ശരാശരിയേക്കാള്‍ ഗണ്യമായി കൂടുതലായതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റവന്യൂവരുമാനം വര്‍ഷംതോറും ഏതാണ്ട് 20 ശതമാനംകണ്ട് ഉയര്‍ത്താന്‍ കഴിഞ്ഞതുമാണ്. ഇപ്പോള്‍ നിലവിലുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്)ക്കുപകരം ചരക്കുസേവന നികുതി (ജിഎസ്ടി) ഏര്‍പ്പെടുത്താന്‍ കേന്ദ്രവും സംസ്ഥാനങ്ങളും കൂടി തീരുമാനിച്ചിട്ടുണ്ട്. അത് നടപ്പായാല്‍ കേരളത്തിന്റെ റവന്യൂവരുമാനം ഇപ്പോഴുള്ളതിലും ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയും. അതിനാല്‍ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി സമീപനരേഖയില്‍ വിഭാവനംചെയ്യുന്ന 1,05,000 കോടി രൂപയുടെ അടങ്കല്‍ ഒട്ടും അതിരുകടന്ന മതിപ്പല്ല. എന്നാല്‍ , അതിന്റെകൂടെ ഓര്‍ക്കേണ്ടകാര്യം അന്താരാഷ്ട്ര സാമ്പത്തിക സ്ഥിതിയില്‍ ഉല്‍ക്കണ്ഠയ്ക്ക് ഇടനല്‍കുന്ന ചില സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതാണ്.

യൂറോപ്പിലും അമേരിക്കയിലും പല കാരണങ്ങളാല്‍ ഈട്ടംകൂടിയ സാമ്പത്തികപ്രശ്നങ്ങളും വളര്‍ച്ചാമുരടിപ്പും വര്‍ധിച്ച തൊഴിലില്ലായ്മയും ജനങ്ങളുടെ വാങ്ങല്‍ശേഷിയെ ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിന്റെ നാണ്യവിളകള്‍ക്ക് വേണ്ടത്ര ആവശ്യക്കാരില്ലാതാകും. അവയുടെ വില ഇടിയും. എണ്ണവില ഇടിയുകയോ ഗള്‍ഫ് പ്രദേശത്ത് മറ്റേതെങ്കിലും പ്രശ്നം ഉണ്ടാവുകയോ ചെയ്താല്‍ അത് കേരളത്തിലേക്കുള്ള ഗള്‍ഫ് പണംവരവില്‍ ഇടിവുണ്ടാക്കും. അത് കേരളത്തിന്റെ ഇപ്പോഴത്തെ ശോഭനമായ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. രാജ്യത്തിനകത്തുതന്നെ ഭക്ഷ്യവിലകളും മറ്റ് വിലകളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുന്നത് മൊത്തത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ , കുറഞ്ഞ വരുമാനക്കാരായി അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മിറ്റി ചൂണ്ടിക്കാട്ടിയ (പ്രതിദിനം 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള) 77 ശതമാനം പേരുടെ വാങ്ങല്‍ശേഷി ഗണ്യമായി ഇടിയാന്‍ അത് ഇടയാക്കി. തല്‍ഫലമായി സമ്പദ്വ്യവസ്ഥയില്‍ അനാരോഗ്യകരമായ പല പ്രവണതകളും വളര്‍ന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പന്ത്രണ്ടാം പദ്ധതി എങ്ങനെയായിരിക്കണമെന്ന് വിഭാവനംചെയ്യേണ്ടത്.

കേന്ദ്രസര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്ക് 11-ാം പദ്ധതിയില്‍ നല്‍കിയതിലും വളരെ ഉയര്‍ന്ന പങ്ക് നല്‍കുമെന്ന് കേന്ദ്രസമീപനരേഖയില്‍ പറഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണം: 300 പുതിയ പോളിടെക്നിക്കുകള്‍ ആരംഭിക്കുന്നതിന് നിര്‍ദേശിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രണ്ടു കോടി രൂപയും ഭൂമിയും സംസ്ഥാനം നല്‍കണം, കേന്ദ്രം 3 കോടി രൂപ നല്‍കും, സ്വകാര്യ പങ്കാളി 10 കോടിരൂപ എടുക്കണം എന്നാണ് പറയുന്നത്. 40 ശതമാനത്തിലേറെ ചെലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്. അന്തിമ ഗുണഭോക്താവ് സ്വകാര്യമേഖലയും. ഇതാണ് പിപിപി എന്ന് പേരിട്ടിരിക്കുന്ന കേന്ദ്ര-സ്വകാര്യ കൂട്ടായ്മയുടെ ജാതകം. വരുമാനവും ലാഭവും ഗണ്യമായി ഉണ്ടാകുന്ന മേഖലകളെയൊക്കെ നാടനും വിദേശിയുമായ കുത്തകകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . സ്വാഭാവികമായി പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി സംബന്ധിച്ചും അവരുടെ കാഴ്ചപ്പാട് അതുതന്നെ. ആ നയം അരക്കിട്ടുറപ്പിക്കാനാണ് നിരവധി നിയമനിര്‍മാണങ്ങളും നിയമ ഭേദഗതികളും പാര്‍ലമെന്റിന്റെ ഇപ്പോഴത്തെ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തിരക്കുകൂട്ടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നയസമീപനത്തെ പൂര്‍ണമായി അംഗീകരിച്ചുകൊണ്ടുള്ളതാണ് യുഡിഎഫ് സര്‍ക്കാരിന്റെ 12-ാം പദ്ധതി സമീപനരേഖ. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നുപറഞ്ഞതുപോലെയാണ് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ടാകണം ആസൂത്രണബോര്‍ഡിന്റെ സഹായത്തോടെ യുഡിഎഫ് സര്‍ക്കാര്‍ 12-ാം പദ്ധതി സമീപനരേഖ തയ്യാറാക്കി വിവിധ വിഭാഗം ജനങ്ങളുമായി അതേക്കുറിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ കെപിസിസിയുടെ ആഭിമുഖ്യത്തിലുള്ള രാജീവ് ഗാന്ധി വികസന പഠന ഇന്‍സ്റ്റിറ്റ്യൂട്ട് "കേരളത്തിന്റെ 12-ാം പഞ്ചവത്സര പദ്ധതി സമീപനം: നിര്‍ദേശങ്ങള്‍" എന്ന തലക്കെട്ടോടെ ഒരു രേഖ പ്രസിദ്ധീകരിച്ചത്. പദ്ധതി അടങ്കല്‍ 1,05,000 കോടി രൂപയാക്കുന്നത് യാഥാര്‍ഥ്യബോധത്തോടെയല്ല എന്ന അഭിപ്രായം ഉള്‍പ്പെടെ സര്‍ക്കാരിന്റെ പല നിഗമനങ്ങളോടും നിര്‍ദേശങ്ങളോടും ആ രേഖ വിയോജിപ്പ് പ്രകടിപ്പിക്കുന്നു.

19 തലക്കെട്ടുകളിലായി നിരവധി നിര്‍ദേശങ്ങള്‍ ആ രേഖ സമര്‍പ്പിക്കുകയും ചെയ്യുന്നു. യുഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ സംസാരിക്കുന്നത് പശ്ചാത്തല വികസനത്തിനായുള്ള ചില വന്‍പദ്ധതികളെക്കുറിച്ചാണ്. വിഴിഞ്ഞം തുറമുഖപദ്ധതി, കൊച്ചി മെട്രോ, സംസ്ഥാന റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍ , ജലപാത, കൊച്ചി-കോയമ്പത്തൂര്‍ അതിവേഗ കോറിഡോര്‍ , തെക്കുവടക്ക് അതിവേഗ റെയില്‍വേ എന്നിങ്ങനെ പോകുന്നു അവ. വൈദ്യുതപദ്ധതികളെക്കുറിച്ച് ആദ്യം പറഞ്ഞ വ്യക്തതയോടെ ഇപ്പോള്‍ ഒരു യുഡിഎഫ് മന്ത്രിയും പറയുന്നില്ല. ചീമേനിയില്‍ വന്‍ കല്‍ക്കരി താപവൈദ്യുതപദ്ധതിയെക്കുറിച്ച് ആദ്യം പറഞ്ഞിരുന്നെങ്കിലും പരിസ്ഥിതിപരവും മറ്റുമായ എതിര്‍പ്പുയര്‍ന്നതോടെ ഇപ്പോള്‍ അതേക്കുറിച്ച് മിണ്ടാട്ടമില്ല. ഇവയില്‍ത്തന്നെ എത്രയൊക്കെ സഹായം കേന്ദ്രത്തില്‍നിന്ന് കിട്ടും, ഏതൊക്കെ 12-ാം പദ്ധതിയില്‍ ആരംഭിക്കാന്‍ കഴിയും തുടങ്ങിയ വിശദാംശങ്ങളൊക്കെ അവ്യക്തമാണ്. മുഖ്യമന്ത്രിയും പരിവാരങ്ങളും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളുംകൂടി എന്തൊക്കെയോ വന്‍ നേട്ടങ്ങള്‍ കേരളത്തിനു ലഭിച്ചു എന്ന മട്ടിലാണ് സംസാരിക്കുന്നത്.

വാസ്തവത്തില്‍ ഇവയില്‍ മിക്കതും പരിഗണിക്കപ്പെടാന്‍ തുടങ്ങുന്ന അവസ്ഥയിലേ ആയിട്ടുള്ളൂ. ഇവയില്‍ ജനക്ഷേമകരങ്ങളായ പല പദ്ധതികളും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ ആദ്യം ചെയ്തത്, അത്തരം പല പദ്ധതികളും അവയുടെ ഉദ്ദേശലക്ഷ്യങ്ങളോ ഇതേവരെ കൈവരിച്ച നേട്ടമോ പരിഗണിക്കാതെ നിര്‍ത്തലാക്കുകയാണ്. കൃഷി, പൊതുവിതരണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പല വകുപ്പുകളിലും ഒരു പരിശോധനയോ പരിഗണനയോ കൂടാതെ പല ജനോപകാരപ്രദമായ പദ്ധതികളും നിര്‍ത്തലാക്കി. പലതിനും ബദലായി നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ക്ക് പ്രയോജനകരമായ പല പദ്ധതികളും നടപ്പാക്കുകയുംചെയ്തു. ഇങ്ങനെ വരുത്തിയ മാറ്റങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ഹ്രസ്വകാല- ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് യുഡിഎഫ് നേതൃത്വത്തില്‍ ആരെങ്കിലും പരിഗണിച്ചിട്ടുണ്ടോ? അവരില്‍ പലരുടെയും പ്രതികരണം കേട്ടാല്‍ ഉണ്ടെന്നു തോന്നുന്നില്ല. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിന്റെ തിരക്കുപിടിച്ച പ്രവര്‍ത്തനം നടക്കുന്ന ഈ വേളയില്‍ കഴിഞ്ഞ ആറു മാസമായി കൃഷിവകുപ്പിനു ഡയറക്ടറില്ല. അപ്പോള്‍ ആ വകുപ്പില്‍നിന്ന് ദീര്‍ഘകാല കാഴ്ചപ്പാടോടെ എന്ത് പദ്ധതികള്‍ ഉണ്ടാകാന്‍ ? വയനാട്ടിലും മറ്റു പലേടങ്ങളിലും കര്‍ഷക ആത്മഹത്യ ദിവസേന ഉണ്ടായപ്പോള്‍ , യുഡിഎഫ് സര്‍ക്കാര്‍ ചില നടപടികള്‍ കൈക്കൊണ്ടു.

പല ജില്ലകളും പനിപിടിച്ച് വിറച്ചപ്പോള്‍ ചില കാര്യങ്ങള്‍ ചെയ്തു. അതൊക്കെ യുഡിഎഫ് സര്‍ക്കാര്‍ ബഹുജന സമ്മര്‍ദത്തിനു വിധേയമായി ചെയ്ത കാര്യങ്ങള്‍ . തദ്ദേശഭരണവകുപ്പ് പലതായി പിച്ചിച്ചീന്തി ഇതേവരെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കീഴില്‍ നടന്നുവന്ന വികസന പ്രവര്‍ത്തനങ്ങളെ കീഴ്മേല്‍ മറിച്ചതുപോലുള്ളവ മറ്റൊരു തരം പ്രവര്‍ത്തനം. അത് യുഡിഎഫിന്റെ തനത് ആസൂത്രിത പ്രവര്‍ത്തനം. ഇവ രണ്ടിലും ജനങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തുന്നതിനോ അവര്‍ക്ക് ആശ്വാസം പകരുന്നതിനോ ആയി വ്യക്തമായ ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനമില്ല. ആസൂത്രിത പ്രവര്‍ത്തനം എന്ന് ആകെ പറയാവുന്നത് മുഖ്യമന്ത്രിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിയാണ്. അതില്‍ ഒരു ദീര്‍ഘകാല കാഴ്ചപ്പാടുമില്ല. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി സമീപനത്തിനും രേഖ ചമയ്ക്കലിനുമൊക്കെ ഓരോരോ ചടങ്ങ് എന്നതില്‍ കവിഞ്ഞ് എന്തു പ്രാധാന്യം?

deshabhimani editorial 251111

1 comment:

  1. കേരളത്തിന്റെ പത്താം പഞ്ചവത്സരപദ്ധതിയുടെ അടങ്കല്‍ത്തുക 24,000 കോടി രൂപയായിരുന്നു. പക്ഷേ, അഞ്ചുവര്‍ഷത്തെ വാര്‍ഷിക പദ്ധതി അടങ്കലുകള്‍ കൂട്ടിയാല്‍ അത്രയും വരുമായിരുന്നില്ല. അത് യുഡിഎഫ് ഭരണകാലം. പതിനൊന്നാം പദ്ധതിക്കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. പദ്ധതി അടങ്കല്‍ 40,222 കോടിയായി ഉയര്‍ത്തി. അഞ്ചുവര്‍ഷത്തെ അടങ്കലുകള്‍ കൂട്ടിയാല്‍ അത് 45,000 കോടിയില്‍പ്പരം വരും. ഇതിന് കാരണമായത് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച അഖിലേന്ത്യാ ശരാശരിയേക്കാള്‍ ഗണ്യമായി കൂടുതലായതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റവന്യൂവരുമാനം വര്‍ഷംതോറും ഏതാണ്ട് 20 ശതമാനംകണ്ട് ഉയര്‍ത്താന്‍ കഴിഞ്ഞതുമാണ്.

    ReplyDelete