Wednesday, November 23, 2011

പ്രാണേഷിന്റെ കുടുംബം നേരിട്ടത് വര്‍ഷങ്ങളുടെ ഒറ്റപ്പെടല്‍

ഗുജറാത്ത് പൊലീസ് വെടിവച്ചുകൊന്ന പ്രാണേഷ്കുമാര്‍പിള്ള നരേന്ദ്രമോഡിയെ കൊല്ലാന്‍ ശ്രമിച്ച ഭീകരവാദിയെന്ന് മുദ്രയടിക്കപ്പെട്ടപ്പോള്‍ നാട്ടില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് നേരിടേണ്ടി വന്നത് ക്രൂരമായ അവഗണനയും ഒറ്റപ്പെടലും. പ്രാണേഷിന്റെ പിതാവ് താമരക്കുളം കൊട്ടയ്ക്കാട്ടുശേരി മണലാടി തെക്കതില്‍ ഗോപിനാഥപിള്ളയെയും കുടുംബത്തെയും അന്നോളം ഒപ്പം നിന്നവര്‍പോലും തള്ളിപ്പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഗോപിനാഥപിള്ളയെ സാന്ത്വനിപ്പിക്കാന്‍പോലും കോണ്‍ഗ്രസുകാരെത്തിയില്ല. രാജ്യത്തെ ഒറ്റുകൊടുത്തവന് ജന്മം നല്‍കിയവനെന്ന ആക്ഷേപം ചൊരിഞ്ഞ് ബിജെപി-ആര്‍എസ്എസ് സംഘം നാടെങ്ങും പ്രചാരണം നടത്തി. തീക്ഷ്ണമായ ഒറ്റപ്പെടലിന്റെ കാലത്ത് ഈ കുടുംബത്തിന് താങ്ങായത് സിപിഐ എം പ്രവര്‍ത്തകര്‍ . ~അവരുടെ ദുഃഖത്തില്‍ പങ്കുചേരാന്‍ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും ഗോപിനാഥപിള്ളയുടെ വീട്ടിലെത്തി. ഇതോടെ ബിജെപി-ആര്‍എസ്എസ് നേതൃത്വം സിപിഐ എമ്മിനെതിരെ വാര്‍ത്താസമ്മേളനം നടത്തി ആക്ഷേപം ചൊരിഞ്ഞു.

പാകിസ്ഥാന്‍ തീവ്രവാദികളോടൊപ്പമാണ് പ്രാണേഷ്കുമാറും മരിച്ചുകിടക്കുന്നതെന്നായിരുന്നു ഹിന്ദുത്വവര്‍ഗീയവാദികളുടെ പ്രചാരണം. പ്രാണേഷ് മരിച്ച് വര്‍ഷങ്ങള്‍ക്കുശേഷവും വര്‍ഗീയവാദികളുടെ ഭീഷണിക്കത്തുകള്‍ ഗോപിനാഥപിള്ളയ്ക്ക് ലഭിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം നൂറനാട് പൊലീസിന് കൈമാറിയിട്ടുണ്ട്. സംഘപരിവാറിന്റെ എതിര്‍പ്പു ഭയന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഈ കുടുംബത്തെ കൈവിട്ടു. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയെ കണ്ട് നിവേദനം നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ സഹായം ഗോപിനാഥപിള്ള തേടി. എന്നാല്‍ , കോണ്‍ഗ്രസുകാര്‍ സഹായിച്ചില്ല. ഇക്കാര്യം ഗോപിനാഥപിള്ള പിന്നീട് ശക്തമായി ഉന്നയിച്ചിരുന്നു.

1980ല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുസ്ഥാനം ഒഴിഞ്ഞാണ് ഗോപിനാഥപിള്ള പുണെയിലേക്കു പോയത്. ഇവിടെ സ്വകാര്യകമ്പനിയില്‍ ജോലിനോക്കി. പിന്നീട് പ്രാണേഷിനും അവിടെ സ്വകാര്യകമ്പനിയില്‍ ജോലി തരമാക്കി. വര്‍ഷങ്ങള്‍ക്കുശേഷം ഗോപിനാഥപിള്ള ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയപ്പോള്‍ പ്രാണേഷ് ജോലിയില്‍ തുടര്‍ന്നു. മുസ്ലിംവിഭാഗത്തില്‍പ്പെട്ട പുണെ സ്വദേശി സാജിതയെ പ്രണയിച്ച് വിവാഹം കഴിച്ച പ്രാണേഷ്, ജാവേദ് എന്ന പേര് സ്വീകരിച്ചു. പ്രാണേഷിനെയും ഒപ്പമുള്ളവരെയും ഏറ്റമുട്ടലില്‍ കൊന്നതാണെന്ന ഗുജറാത്ത് പൊലീസിന്റെ വ്യാജപ്രചാരണം ഏറ്റെടുക്കുകയായിരുന്നു സംഘപരിവാര്‍ ശക്തികള്‍ . പ്രാണേഷ്കുമാറിനെ തീവ്രവാദിയാക്കി ചിത്രീകരിച്ച് അമിതപ്രാധാന്യത്തോടെ വാര്‍ത്ത നല്‍കാന്‍ മിക്ക മാധ്യമങ്ങളും ശ്രമിച്ചപ്പോള്‍ മോഡിയുടെ പൊലീസ് ഇവരെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നെന്ന നിലപാടാണ് "ദേശാഭിമാനി" തുടക്കംമുതല്‍ സ്വീകരിച്ചത്.
(ആര്‍ ശിവപ്രസാദ്)

deshabhimani 231111

No comments:

Post a Comment