Sunday, January 22, 2012

കണ്ണൂരിലെ 12 മണിക്കൂര്‍ കൗണ്ടര്‍ എസ്ബിഐ ഒഴിവാക്കുന്നു

കണ്ണൂര്‍ : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പണമിടപാടിന് സൗകര്യമൊരുക്കാന്‍ കണ്ണൂരിലെ 12 മണിക്കൂര്‍ കൗണ്ടര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴിവാക്കുന്നു. സ്ഥിരമായി പ്രവര്‍ത്തിപ്പിക്കാതെ ഉപഭോക്താക്കളെ അകറ്റിയാണ് കൗണ്ടര്‍ ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്. ഉപഭോക്തൃ സേവനകേന്ദ്രങ്ങളും എടിഎമ്മും സ്വകാര്യകമ്പനികള്‍ക്ക് നല്‍കി സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമാണിത്.

കണ്ണൂരില്‍ നാലു വര്‍ഷമായി കൗണ്ടര്‍ തുടങ്ങിയിട്ട്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയായിരുന്നു കൗണ്ടര്‍ . അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് ഇത് വലിയ അനുഗ്രഹമായിരുന്നു. 200-250 പേര്‍ ദിവസേന ഇവിടെ ബാങ്കിങ് സൗകര്യം ഉപയോഗിക്കാറുണ്ട്. വൈകിട്ട് നാലുമുതല്‍ എട്ടുവരെയുള്ള കൗണ്ടര്‍ പൂര്‍ണമായി നിര്‍ത്തലാക്കി. കൗണ്ടര്‍ നിര്‍ത്തലാക്കിയതായി ഔദ്യോഗികമായി പറഞ്ഞിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞ് കൗണ്ടര്‍ തുറക്കാതിരിക്കുകയാണ്.

മാസങ്ങള്‍ക്കു മുമ്പ് കൗണ്ടര്‍ നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് തീരുമാനം തല്‍ക്കാലം ഒഴിവാക്കിയിരുന്നു. ജീവനക്കാരുടെ കുറവ് പറഞ്ഞാണ് കൗണ്ടര്‍ നിര്‍ത്തലാക്കാന്‍ ഉന്നതതല ഇടപെടല്‍ നടക്കുന്നത്. ക്ലറിക്കല്‍ തസ്തികയിലുള്ള ഒരു ജീവനക്കാരന്‍ മതിയെന്നിരിക്കെ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഇത്തരം കൗണ്ടറുകള്‍ നിര്‍ത്തലാക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. കേരളത്തിലെ എസ്ബിഐയുടെ എടിഎം കൗണ്ടറുകളില്‍ പണം നിക്ഷേപിക്കുന്നത് സ്വകാര്യ ഏജന്‍സികളാണ്. കണ്ണൂര്‍ , തലശേരി ശാഖകളില്‍നിന്ന് ദിവസേന രണ്ടു കോടി രൂപയാണ് എടിഎമ്മില്‍ നിക്ഷേപിക്കുന്നതിന് ബാങ്ക് കൈമാറുന്നത്.
(പി കെ ബൈജു)

deshabhimani 220112

1 comment:

  1. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പണമിടപാടിന് സൗകര്യമൊരുക്കാന്‍ കണ്ണൂരിലെ 12 മണിക്കൂര്‍ കൗണ്ടര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴിവാക്കുന്നു. സ്ഥിരമായി പ്രവര്‍ത്തിപ്പിക്കാതെ ഉപഭോക്താക്കളെ അകറ്റിയാണ് കൗണ്ടര്‍ ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്. ഉപഭോക്തൃ സേവനകേന്ദ്രങ്ങളും എടിഎമ്മും സ്വകാര്യകമ്പനികള്‍ക്ക് നല്‍കി സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമാണിത്.

    ReplyDelete