Wednesday, January 4, 2012

കൊച്ചി മെട്രോ റയില്‍: ഇ ശ്രീധരനില്ലെങ്കില്‍ ആഗോള ടെന്‍ഡറെന്ന് ആര്യാടന്‍ മുഹമ്മദ്

ഇ ശ്രീധരന്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ കൊച്ചി മെട്രോയ്ക്ക് ആഗോളടെന്‍ഡര്‍ കൂടിയേ തീരുവെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷനെക്കാള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതും വിശ്വാസം അര്‍പ്പിക്കുന്നതും ഇ ശ്രീധരനെയാണ്. ശ്രീധരന്റെ സേവനം സംസ്ഥാനത്തിനാവശ്യമാണ്. കൊച്ചി മെട്രൊയുടെ സി എം ഡി ചുമതല വരെ നല്‍കാന്‍ തയ്യാറാണ്. എന്തുചുമതലയും നല്‍കാന്‍ തയാറാണെന്ന കാര്യം മുഖ്യമന്ത്രി തന്നെ നേരിട്ട് അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സമീപനം അനുകൂലമായിരുന്നില്ല. പദ്ധതി സുതാര്യമായി നടപ്പാക്കുന്നതിന് ആഗോളടെന്‍ഡര്‍ ആവശ്യമാണെന്നും ആര്യാടന്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാവിയില്‍ സി എ ജിയുടേത് ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടക്കുമ്പോള്‍ കുഴപ്പമുണ്ടാകാനിടയുള്ളതുകൊണ്ടാണ് ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത്. ലാവ്‌ലിന്‍ കേസിലെ ഒരുപ്രധാന വിഷയം ആഗോള ടെന്‍ഡര്‍ വിളിക്കാതിരുന്നതാണ്. ആഗോള ടെന്‍ഡറില്‍ ഡി എം ആര്‍ സിക്കും പങ്കെടുക്കാവുന്നതാണെന്നും ആര്യാടന്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി. ആഗോള ടെന്‍ഡര്‍ വിളിച്ചാല്‍ അഴിമതി, ഒന്നും ചെയ്യാതെ മറ്റാരെയെങ്കിലും പദ്ധതിയേല്‍പ്പിച്ചാല്‍ അഴിമതിയില്ല എന്ന വിമര്‍ശനത്തോട് യോജിക്കാനാവില്ല. ശ്രീധരനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഒഴിവാക്കുന്നുവെന്ന തരത്തില്‍ ബോധപൂര്‍വമായ വാര്‍ത്തകളാണ് പ്രചരിച്ചത്. ശ്രീധരന്റെ കാര്യത്തില്‍ നിയമപരമായ ബുദ്ധിമുട്ടില്ലാത്ത ഏതു തീരുമാനമെടുക്കാനും സര്‍ക്കാര്‍ തയാറാണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

കൊച്ചി മെട്രോ പദ്ധതിയുടെ പ്രൈമറി ആന്‍ഡ് പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്‍സിയായി നിശ്ചയിച്ചത് ഡി എം ആര്‍ സിയെയാണ്. ഇനി ജനറല്‍ കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിക്കണം. ഈ പദ്ധതിയുടെ പ്രതീക്ഷയര്‍പ്പിച്ചത് ഇ ശ്രീധരനിലായിരുന്നു. എല്ലാ അര്‍ഥത്തിലും യോഗ്യതയും കഴിവും വിശ്വസ്തതയുമുള്ള വ്യക്തിയാണ് ശ്രീധരന്‍. അദ്ദേഹമുണ്ടെങ്കില്‍ ഡി എം ആര്‍ സിയെ എല്‍പ്പിക്കുന്നതില്‍ പ്രയാസമില്ല. ഡിസംബര്‍ ഏഴിന് കൊച്ചി മെട്രോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഡിസംബര്‍ 31ന് ശ്രീധരന്‍ റിട്ടയര്‍ ചെയ്യുന്ന സാഹചര്യത്തില്‍ ഡി എം ആര്‍ സിയില്‍നിന്നും പഴയപോലൊരു സഹായവും ഇടപെടലും പങ്കാളിത്തവും ലഭിക്കുമോയെന്ന സംശയം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലുയര്‍ന്നിരുന്നു.

കൊച്ചിമെട്രോയ്ക്കായി ധനസഹായത്തിന് ജപ്പാനിലെ ജിക്ക എന്ന സ്ഥാപനവുമായി ടോംജോസും സ്‌പെഷ്യല്‍ ഓഫിസര്‍ എലിയാസ് ജോര്‍ജും ചര്‍ച്ച നടത്തിയിരുന്നു. ഒന്നരശതമാനം പലിശയ്ക്ക് പണം നല്‍കുന്നതിന് ജിക്ക മൂന്നു വ്യവസ്ഥകളാണ് മുന്നോട്ടുവച്ചത്. സുതാര്യമായ ആഗോളടെന്‍ഡര്‍, കുടിയൊഴിപ്പിക്കുന്നവര്‍ക്ക് പുനരധിവാസം, പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ നടപടി എന്നിവയാണ് അവര്‍ മുന്നോട്ടുവച്ചത്. ആഗോള ടെന്‍ഡറിനെക്കുറിച്ചാലോചിക്കാന്‍ ഇതും ഒരുകാരണമായെന്നും ആര്യാടന്‍ പറഞ്ഞു.
5000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോയ്ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന നിലപാടില്‍ കേന്ദ്ര ആസൂത്രണകമ്മിഷന്‍ ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെയും നഗരവികസനമന്ത്രി കമല്‍നാഥിനെയും നിരന്തരം സന്ദര്‍ശിച്ചതിന്റെ ഫലമായി ചെന്നൈ മോഡലില്‍ പദ്ധതി നടപ്പാക്കാമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. ആസൂത്രണ കമ്മിഷന്‍  എതിര്‍ത്താലും മന്ത്രിസഭയ്ക്ക് മറികടക്കാനാകും. ചെന്നൈ മോഡലില്‍ 15 ശതമാനം വീതം പങ്കാളിത്തം കേന്ദ്രവും സംസ്ഥാനവും വഹിക്കും. ബാക്കിതുക വായ്പയിലൂടെ കണ്ടെത്തും. ഉടന്‍ ചേരുന്ന പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് യോഗത്തില്‍ ചെന്നൈ മോഡല്‍ പരിഗണനയ്ക്കുവരും. പി ഐ ബി യോഗത്തില്‍ അംഗീകാരം ലഭിച്ചാല്‍ ഇത് ക്യാബിനറ്റിന്റെ പരിഗണയക്കുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് മോണോ റയില്‍ പദ്ധതിക്ക് ആഗോള ടെണ്ടര്‍ വിളിക്കും

കൊച്ചി: കോഴിക്കോട് മോണോ റയില്‍ പദ്ധതിയുടെ ഡി പി ആര്‍ തയ്യാറായതായും പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്കായി ആഗോളടെണ്ടര്‍ വിളിക്കുമെന്നും പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.  കോഴിക്കോട് മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്തവരെ 13 കിലോമീറ്റര്‍ വരുന്ന മോണോ റയില്‍ പൊതു സ്വകാര്യ പങ്കാളിത്തമാതൃകയി(പി പി പി) ലായിരിക്കും നടപ്പാക്കുകയെന്നും 1500 കോടിയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബംഗളൂരു ആസ്ഥാനമായുള്ള വില്‍ബര്‍ സ്മിത്ത് കമ്പനിയാണ് ഡി പി ആര്‍ തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും അധീനതയിലുള്ള 8570 കിലോമീറ്റര്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതു സംബന്ധിച്ച വിജ്ഞാപനം അടുത്തദിവസമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന ജില്ലാ റോഡുകളെയും സംസ്ഥാന ഹൈവെയെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും 1000 കിലോമീറ്റര്‍ റോഡ് ഈ പദ്ധതി പ്രകാരം വികസിപ്പിക്കുന്നതിന് 5100 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ റസ്റ്റ്ഹൗസുകളുടെ നവീകരണത്തിന് പദ്ധതി തയ്യാറാക്കിയതായും ആദ്യഘടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്ന തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റസ്റ്റ് ഹൗസുകളിലെ ശുചീകരണ ജോലികള്‍ പുറം കരാര്‍ നല്‍കുമെന്നും കുടുംബശ്രീക്കായിരിക്കും പുറം കരാര്‍ നല്‍കുകയെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ പൈതൃക മന്ദിരങ്ങളുടെ സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആദ്യഘട്ടത്തില്‍ എട്ട് കെട്ടിടങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പൊതു മരാമത്ത് വകുപ്പില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച ഇ ടെണ്ടര്‍ പദ്ധതി സംസഥാന വ്യാപകമാക്കുമെന്നും ഇ പെയ്‌മെന്റ് സംവിധാനവും അടുത്തുതന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് റോഡ് വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പുമായി സഹകരിച്ച് ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നടപ്പാക്കും.  മന്ത്രി പറഞ്ഞു.

janayugom 040112

1 comment:

  1. ഇ ശ്രീധരന്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ കൊച്ചി മെട്രോയ്ക്ക് ആഗോളടെന്‍ഡര്‍ കൂടിയേ തീരുവെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷനെക്കാള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതും വിശ്വാസം അര്‍പ്പിക്കുന്നതും ഇ ശ്രീധരനെയാണ്. ശ്രീധരന്റെ സേവനം സംസ്ഥാനത്തിനാവശ്യമാണ്. കൊച്ചി മെട്രൊയുടെ സി എം ഡി ചുമതല വരെ നല്‍കാന്‍ തയ്യാറാണ്. എന്തുചുമതലയും നല്‍കാന്‍ തയാറാണെന്ന കാര്യം മുഖ്യമന്ത്രി തന്നെ നേരിട്ട് അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സമീപനം അനുകൂലമായിരുന്നില്ല. പദ്ധതി സുതാര്യമായി നടപ്പാക്കുന്നതിന് ആഗോളടെന്‍ഡര്‍ ആവശ്യമാണെന്നും ആര്യാടന്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete