Wednesday, January 25, 2012

അണയില്ല, ഈ കണ്ണിലെ വെളിച്ചം

അപകടം പ്രാണന്റെ വെളിച്ചം ഊതി അണച്ചെങ്കിലും ഈ ചെറുപ്പക്കാരന്റെ മിഴികള്‍ ഇനിയും തെളിഞ്ഞ് കത്തി കൂരിരുട്ടില്‍ തപ്പിത്തടയുന്ന രണ്ട് ജീവനുകള്‍ക്ക് വഴിവിളക്കാവും. വെളിച്ചമായി ചൊവ്വാഴ്ച രാത്രി എട്ടോടെ കോഴിക്കോട് മാവൂര്‍റോഡിലെ നായനാര്‍ മേല്‍പ്പാലത്തിലുണ്ടായ ദുരന്തത്തില്‍ പൊലിഞ്ഞ ശരത്തിന്റെ കണ്ണുകളാണ് രണ്ട് പേര്‍ക്ക് വഴികാട്ടിയാവുക. ശരത് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് മേല്‍പ്പാലത്തിന് മുകളില്‍നിന്ന് താഴെ വീണായിരുന്നു ദുരന്തം. മകന്റെ വേര്‍പാടിനാല്‍ ഉള്ള് പിടയുമ്പോഴും അച്ഛന്റെ മനസ്സിലുണ്ടായ തെളിച്ചമാണ് ഈ സല്‍കൃത്യത്തിന് വഴിവെച്ചത്. കുന്നംകുളം എല്‍ഐസി ജീവനക്കാരനായ അക്ഷകുമാറാണ് സമചിത്തത വിടാതെ അവയവ ദാനത്തിന് സമ്മതം മൂളി മാതൃകയായത്.

ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടത്തില്‍ പരിക്കേറ്റ ശരത്തിന്റെ മരണം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ കോംട്രസ്റ്റ് അധികൃതര്‍ എത്തി കണ്ണ് നീക്കം ചെയ്തു. ഉദ്വോഗ ജനകമായിരുന്നു ആ കണ്ണുനീക്കല്‍ . അപകടത്തില്‍ മരിച്ചവരോ ബന്ധുക്കളോ സമ്മതിച്ചാലും പെട്ടന്ന് കണ്ണുകളെടുക്കാനാവില്ല. അപകട മരണം നടന്നാല്‍ പൊലീസ് ഇന്‍ക്വസ്റ്റടക്കമുള്ള നടപടിക്രമങ്ങള്‍ നീളുന്നതിനാല്‍ നേത്രദാനം പലപ്പോഴും അസാധ്യമാവുകയാണ് പതിവ്. ജീവന്റെ മിടിപ്പ് നിലച്ചതിന് ശേഷം ആറ് മണിക്കൂറിനുള്ളില്‍ കണ്ണ് നീക്കിയാലേ പ്രയോജനമുണ്ടാവൂ. രാഷ്ട്രീയ നേതാക്കളുടെയും മറ്റും പ്രവര്‍ത്തനത്താല്‍ ആ കടമ്പ കടക്കാനായി.

നേത്ര ബാങ്കിന് ആദ്യമായാണ് അപകടമരണത്തില്‍പെട്ടയാളുടെ കണ്ണ് ലഭിക്കുന്നതെന്ന് കോം ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെയും മറ്റും ഇടപെടലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്. അക്ഷകുമാറിന്റെ സുഹൃത്തും എല്‍ഐസി എംപ്ലോയീസ് യൂണിയന്‍ ജോ. സെക്രട്ടറിയുമായ ശ്രീറാം, കോട്ടൂളിയിലെ സിപിഐ എം പ്രവര്‍ത്തകനായ ബിജു എന്നിവരും മുന്‍ നിന്നു പ്രവര്‍ത്തിച്ചു. മലപ്പുറം ചുളിപ്പാറയിലെ ഇരുപത്തിനാലുകാരനായ യുവാവിനും കക്കോടിയിലെ പതിനാറുകാരനുമാണ് ശരത്തിന്റെ കണ്ണുകള്‍ വെളിച്ചമേകുക. ശരത്തിന്റെ മൃതദേഹം ചൊവ്വാഴ്ച പട്ടാമ്പിയിലെ വിട്ടിലെത്തിച്ച് സംസ്കരിച്ചു.

deshabhimani 250112

1 comment:

  1. അപകടം പ്രാണന്റെ വെളിച്ചം ഊതി അണച്ചെങ്കിലും ഈ ചെറുപ്പക്കാരന്റെ മിഴികള്‍ ഇനിയും തെളിഞ്ഞ് കത്തി കൂരിരുട്ടില്‍ തപ്പിത്തടയുന്ന രണ്ട് ജീവനുകള്‍ക്ക് വഴിവിളക്കാവും. വെളിച്ചമായി ചൊവ്വാഴ്ച രാത്രി എട്ടോടെ കോഴിക്കോട് മാവൂര്‍റോഡിലെ നായനാര്‍ മേല്‍പ്പാലത്തിലുണ്ടായ ദുരന്തത്തില്‍ പൊലിഞ്ഞ ശരത്തിന്റെ കണ്ണുകളാണ് രണ്ട് പേര്‍ക്ക് വഴികാട്ടിയാവുക. ശരത് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് മേല്‍പ്പാലത്തിന് മുകളില്‍നിന്ന് താഴെ വീണായിരുന്നു ദുരന്തം. മകന്റെ വേര്‍പാടിനാല്‍ ഉള്ള് പിടയുമ്പോഴും അച്ഛന്റെ മനസ്സിലുണ്ടായ തെളിച്ചമാണ് ഈ സല്‍കൃത്യത്തിന് വഴിവെച്ചത്. കുന്നംകുളം എല്‍ഐസി ജീവനക്കാരനായ അക്ഷകുമാറാണ് സമചിത്തത വിടാതെ അവയവ ദാനത്തിന് സമ്മതം മൂളി മാതൃകയായത്.

    ReplyDelete