Wednesday, January 25, 2012

സബ്സിഡി പലതും നിര്‍ത്തും: അലുവാലിയ

കാലാകാലങ്ങളായി നല്‍കിവരുന്ന പല സബ്സിഡികളും നിര്‍ത്തേണ്ടി വരുമെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക മാറ്റം എല്ലാ വിഭാഗങ്ങള്‍ക്കും ഗുണമായിക്കൊള്ളണമെന്നില്ല. ആറ് വര്‍ഷത്തിനിടെ ഏറ്റവും വളര്‍ച്ചാനിരക്ക് നേടിയ സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സെന്റ് തെരേസാസ് കോളജ് പ്ലാനിങ് ഫോറം സംഘടിപ്പിച്ച "പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനം"സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരള മോഡല്‍ വികസനത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് കേരളം നേട്ടങ്ങളുടെ പാതയിലാണെന്നായിരുന്നു മറുപടി. ഇന്ത്യ പുരോഗതിയുടെ പാതയിലാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തലെങ്കിലും വിവിധ വിഭാഗം ജനങ്ങളുടെ ജീവിതം വിലയിരുത്തുമ്പോള്‍ ഇതു പൂര്‍ണമായി ശരിയാണെന്ന് പറയാനാകില്ല. രാജ്യ വളര്‍ച്ചയില്‍ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളുടെ മെച്ചപ്പെടല്‍ പ്രധാനമാണ്. രാജ്യത്തിന്റെ ഈ സാമ്പത്തിക വളര്‍ച്ചയില്‍ പൂര്‍ണ തൃപ്തനല്ല. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഊര്‍ജം തുടങ്ങി ഇരുപതോളം മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാകും 12-ാം പദ്ധതി. കൃഷിയില്‍നിന്നുള്ള വരുമാനം കുറവായതിനാല്‍ കാര്‍ഷികേതര തൊഴിലവസരം സൃഷ്ടിക്കും. സാങ്കേതിക മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗവും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വിരമിക്കും.

കുട്ടികളുടെ പോഷകാഹാരക്കുറവ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായതിനാല്‍ ആരോഗ്യസംരക്ഷണത്തിനും ശുചിത്വപാലനത്തിനും പ്രാധാന്യം നല്‍കും. മലിനജലം സംസ്കരിച്ച് കുടിവെള്ളമാക്കുന്നത് വിദേശത്ത് നടപ്പായികഴിഞ്ഞു. വ്യവസായിക ആവശ്യത്തിനെങ്കിലും ജലം പുനരുപയോഗപ്പെടുത്താനാകണം. കാര്‍ഷികമേഖലയില്‍ ജലത്തിന്റെ ഉപയോഗം പകുതിയായി കുറയ്ക്കാന്‍ കഴിയുന്ന പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്. ലോകസാമ്പത്തിക പ്രതിസന്ധിമൂലം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഒമ്പതു ശതമാനമാനത്തില്‍ നിന്നും ഏഴു ശതമാനമായി കുറഞ്ഞു. ഒമ്പതുശതമാനം സാമ്പത്തിക വളര്‍ച്ചയാണ് 12-ാം പദ്ധതിയില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി കെ വി തോമസ് ഉദ്ഘാടനംചെയ്തു. ഹൈബി ഈഡന്‍ എംഎല്‍എ, സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ട്രീസ, ഇക്കണോകിക്സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. നിര്‍മല പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 250112

1 comment:

  1. കാലാകാലങ്ങളായി നല്‍കിവരുന്ന പല സബ്സിഡികളും നിര്‍ത്തേണ്ടി വരുമെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക മാറ്റം എല്ലാ വിഭാഗങ്ങള്‍ക്കും ഗുണമായിക്കൊള്ളണമെന്നില്ല. ആറ് വര്‍ഷത്തിനിടെ ഏറ്റവും വളര്‍ച്ചാനിരക്ക് നേടിയ സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സെന്റ് തെരേസാസ് കോളജ് പ്ലാനിങ് ഫോറം സംഘടിപ്പിച്ച "പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനം"സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

    ReplyDelete