Saturday, January 21, 2012

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പാപ്പരത്തം

കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ വിവരം കോണ്‍ഗ്രസ് അനുകൂല പത്രങ്ങള്‍തന്നെ റിപ്പോര്‍ട്ട് ചെയ്തത് വായിച്ചപ്പോള്‍ ഒരു പാര്‍ടിയുടെ ദയനീയമായ തകര്‍ച്ചയില്‍ സഹതപിക്കാനേ തോന്നുന്നുള്ളൂ. 1885ല്‍ സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദിരാ കോണ്‍ഗ്രസ് എന്ന പേരിലാണറിയപ്പെടുന്നത്. അതിന്റെ നിലവിലുള്ള പ്രസിഡന്റ് ഇന്ദിരാഗാന്ധിയുടെ മകന്റെ ഭാര്യ സോണിയ ഗാന്ധിയാണ്. അടുത്ത കിരീടാവകാശി രാഹുല്‍ ഗാന്ധിയാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്റുവും നയിച്ച പാര്‍ടിയാണിത്. ആ പാര്‍ടിയുടെ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാരവാഹിയോഗം ഭരണത്തില്‍ പാര്‍ടിക്കാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന വിഷയമാണ് പ്രധാനമായും ചര്‍ച്ചചെയ്തതെന്നാണ് കോണ്‍ഗ്രസിനെ അടിയുറച്ച് പിന്തുണയ്ക്കുന്ന ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്.

കെപിസിസി ഭാരവാഹികള്‍ , മന്ത്രിമാര്‍ , ഡിസിസി പ്രസിഡന്റുമാര്‍ , പാര്‍ലമെന്ററി പാര്‍ടി ഭാരവാഹികള്‍ എന്നിവരുടെ യോഗമാണത്രെ ഇന്ദിരാഭവനില്‍ ചേര്‍ന്നത്. കേരളീയര്‍ അഭിമുഖീകരിക്കുന്ന അതീവ ഗൗരവമുള്ള പ്രശ്നങ്ങളൊന്നും യോഗം ചര്‍ച്ചചെയ്തതായി കാണുന്നില്ല. പാര്‍ടിക്കാര്‍ക്ക് എന്ത് പരിഗണനയാണ് ലഭിക്കേണ്ടതെന്ന കാര്യം വ്യക്തമാക്കിയിട്ടുമില്ല. കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ കെ സുധാകരന്റെ വിലാപമാണ് ചിന്തിക്കാന്‍ വക നല്‍കുന്നത്. കണ്ണൂരില്‍ ഒരു എസ്പിയെ ചോദിച്ചപ്പോള്‍ എഎസ്പിയെയാണ് നല്‍കിയത്. എഎസ്പിയ്ക്ക് മലയാളം അറിയില്ലെന്നും രണ്ട് നേതാക്കള്‍മാത്രം പറയുന്നത് കേട്ടാല്‍ മതിയെന്നും മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നാണ് സുധാകരന്‍ കുറ്റപ്പെടുത്തിയത്. ഇത് പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ ഗൗരവമുള്ള കാര്യമാണ്. ഭരണം എങ്ങനെ നടക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്.

പൊലീസ് ഭരണം നിയന്ത്രിക്കുന്നത് ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയല്ല; പൊലീസ് മേധാവിയായ ഡിജിപിയുമല്ല. കണ്ണൂര്‍ ജില്ലയിലെ പൊലീസിന്റെ ഭരണം നിയന്ത്രിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സ്വന്തക്കാരായ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തിയിരിക്കുന്നു. അവര്‍ പറയുന്നത് മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതെന്നു വന്നാല്‍ ക്രമസമാധാനനില എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അവരുടെ നിര്‍ദേശമോ ആജ്ഞയോ അനുസരിച്ചായിരിക്കണം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തത്. അത് ചര്‍ച്ചാവിഷയമായപ്പോള്‍ മന്ത്രി കെ പി മോഹനനുള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നു എന്നാണ് പറയുന്നത്. ഒരു ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശാനുസരണമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത് എന്ന് പരസ്യമായി സമ്മതിച്ചിരിക്കുന്നു. നഗ്നമായ സത്യപ്രതിജ്ഞാ ലംഘനത്തിന് ഇതിലധികം എന്ത് തെളിവാണ് വേണ്ടത്. കെപിസിസി യോഗം ചര്‍ച്ചചെയ്ത മറ്റൊരു വിഷയം കുടുംബശ്രീ തെരഞ്ഞെടുപ്പാണ്. സിപിഐ എം അനുഭാവികളെ താക്കോല്‍സ്ഥാനത്ത് വച്ചുകൊണ്ടാണ് കുടുംബശ്രീ ഇപ്പോഴും നടത്തുന്നതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആക്ഷേപം. അതായത് കുടുംബശ്രീ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായി മാറ്റണമെന്ന് ആ പാര്‍ടിനേതൃത്വം ആഗ്രഹിക്കുന്നു. ഭരണസ്വാധീനം ദുര്‍വിനിയോഗംചെയ്ത് കുടുംബശ്രീയുടെ പ്രധാനസ്ഥാനത്ത് കോണ്‍ഗ്രസുകാരെ പ്രതിഷ്ഠിക്കണമെന്നതാണ് ലക്ഷ്യം. അതിനാണ് കരുനീക്കം നടത്തിയത്. എന്നാല്‍ , ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങുന്നില്ല. അതിനാലാണ് കുടുംബശ്രീ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത്. പിറവം തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സമ്മര്‍ദം ചെലുത്തിയതുപോലെ കുടുംബശ്രീ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സമ്മര്‍ദം ചെലുത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസിന്റെ ആജ്ഞാനുവര്‍ത്തിയായി പഞ്ചായത്ത് വകുപ്പുമന്ത്രി എം കെ മുനീര്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണാക്ഷേപം.

കുടുംബശ്രീയെ തകര്‍ക്കാന്‍ രൂപീകരിച്ച ജനശ്രീയാകട്ടെ ഗ്രൂപ്പ് പോരില്‍ തകരുകയാണ്. ചുരുക്കത്തില്‍ സര്‍വകലാശാലാ സിന്‍ഡിക്കറ്റുകളും സഹകരണസംഘങ്ങളും പിരിച്ചുവിട്ട് സ്വന്തക്കാരെ ഭരണം ഏല്‍പ്പിച്ചതുപോലെ തെരഞ്ഞെടുക്കപ്പെട്ട സകല സ്ഥാപനങ്ങളും കോണ്‍ഗ്രസിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് ശ്രമം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സാംസ്കാരിക സ്ഥാപനമായ സ്റ്റേറ്റ് ബ്രൈറി കൗണ്‍സിലിന് ഗ്രാന്റ് നല്‍കാതെ ശ്വാസംമുട്ടിച്ചു കൊല്ലാനാണ് ശ്രമം. എല്ലാ സ്ഥാപനങ്ങളെയും നക്കിയും ഞെക്കിയും കൊല്ലുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതൊക്കെയാണ് കെപിസിസി നേതൃത്വത്തിന്റെ ചര്‍ച്ചാവിഷയങ്ങളായതും. വിലക്കയറ്റം, കര്‍ഷക ആത്മഹത്യ തിരിച്ചുവന്നത്, മുല്ലപ്പെരിയാര്‍ തുടങ്ങിയ നീറുന്ന പ്രശ്നങ്ങളൊന്നും തൊടാതെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അധികാരം വീതിച്ച് നല്‍കുന്നതുമാത്രം ചര്‍ച്ചചെയ്ത് യോഗം അവസാനിപ്പിച്ചു. ഇതാണ് കോണ്‍ഗ്രസിന്റെ അധഃപതനം. ഇതില്‍നിന്ന് കരകയറാന്‍ കേന്ദ്ര കോണ്‍ഗ്രസിനോ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനോ കഴിവില്ലെന്ന് വ്യക്തമാണ്. ഘടകകക്ഷികളുടെ സമ്മര്‍ദംമൂലം ഭരണത്തില്‍ കോണ്‍ഗ്രസിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലവരെ പരസ്യമായി പരാതി പറഞ്ഞിരിക്കുകയാണ്.

യുഡിഎഫിന്റെ ഘടകകക്ഷികളിലൊന്നായ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് അച്ഛന്‍ മുന്‍മന്ത്രിയും മകന്‍ മന്ത്രിയും തമ്മിലുള്ള തര്‍ക്കവും വഴക്കും വിഴുപ്പലക്കലും മൂലം പിളര്‍ന്നിരിക്കുന്നു. അച്ഛനും മകനും തമ്മില്‍ ആറുമാസമായി കണ്ടാല്‍ മിണ്ടാറില്ലെന്നും കടുത്ത ശത്രുതയിലാണെന്നും പറയുന്നു. പി സി ജോര്‍ജും പി ജെ ജോസഫും തമ്മിലുള്ള വഴക്കും അവസാനിക്കുന്ന മട്ടില്ല. സ്വന്തം കാര്യമല്ലാതെ പൊതുകാര്യം ചര്‍ച്ചചെയ്യാനോ തീരുമാനമെടുക്കാനോ യുഡിഎഫിന് കഴിയാത്ത നിശ്ചലാവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസും യുഡിഎഫാകെയും സഞ്ചരിക്കുന്ന തെറ്റായ വഴിയിലേക്ക് കേരളത്തെ വലിച്ചുകൊണ്ടുപോകാനാണ് എല്ലാതലത്തിലും ശ്രമം നടക്കുന്നത്. അതിന്റെ പ്രകടരൂപമാണ് കെപിസിസി യോഗത്തില്‍ കണ്ടത്.

deshabhimani editorial 210112

1 comment:

  1. കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ വിവരം കോണ്‍ഗ്രസ് അനുകൂല പത്രങ്ങള്‍തന്നെ റിപ്പോര്‍ട്ട് ചെയ്തത് വായിച്ചപ്പോള്‍ ഒരു പാര്‍ടിയുടെ ദയനീയമായ തകര്‍ച്ചയില്‍ സഹതപിക്കാനേ തോന്നുന്നുള്ളൂ. 1885ല്‍ സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദിരാ കോണ്‍ഗ്രസ് എന്ന പേരിലാണറിയപ്പെടുന്നത്. അതിന്റെ നിലവിലുള്ള പ്രസിഡന്റ് ഇന്ദിരാഗാന്ധിയുടെ മകന്റെ ഭാര്യ സോണിയ ഗാന്ധിയാണ്. അടുത്ത കിരീടാവകാശി രാഹുല്‍ ഗാന്ധിയാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്റുവും നയിച്ച പാര്‍ടിയാണിത്. ആ പാര്‍ടിയുടെ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാരവാഹിയോഗം ഭരണത്തില്‍ പാര്‍ടിക്കാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന വിഷയമാണ് പ്രധാനമായും ചര്‍ച്ചചെയ്തതെന്നാണ് കോണ്‍ഗ്രസിനെ അടിയുറച്ച് പിന്തുണയ്ക്കുന്ന ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്.

    ReplyDelete