Wednesday, February 1, 2012

പ്രസംഗങ്ങളിലൂടെ - ശ്രീമതി ടീച്ചര്‍, എം.എ.ബേബി, ജയരാജന്‍, ശിവദാസമേനോന്‍

വികസനവും ക്ഷേമവും കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ മാത്രം മുഖമുദ്ര: പി കെ ശ്രീമതി

കോവളം: വികസനവും ക്ഷേമവും കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളുടെ മാത്രം മുഖമുദ്രയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. കോവളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം അശ്വതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച "വികസനം: ഇന്നലെ, ഇന്ന്, നാളെ" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ശ്രീമതി.

പാര്‍ടി സംസ്ഥാന സമ്മേളനത്തിന്റെയും 20-ാം പാര്‍ടികോണ്‍ഗ്രസിന്റെയും മുന്നോടിയായി സംഘടിപ്പിച്ചുവരുന്ന ഇത്തരം പരിപാടികള്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇ എം എസിന്റെ നേതൃത്വത്തില്‍ ആദ്യമായി കേരളത്തില്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരാണ് സാമൂഹ്യതിന്മകള്‍ക്കും ദുരാചാരങ്ങള്‍ക്കും അറുതിവരുത്തി ആദ്യമായി നടപടി സ്വീകരിച്ചത്. ഭൂപരിഷ്കരണനിയമവും സാര്‍വത്രിക വിദ്യാഭ്യാസ- സാക്ഷരതാ നടപടികളും ആരോഗ്യ, സാമ്പത്തിക, വ്യാവസായിക, കാര്‍ഷിക രംഗങ്ങളില്‍ പുരോഗമനാത്മക നടപടികളും കേരളത്തില്‍ വിപ്ലവകരമായ മാറ്റംവരുത്തി. ജനകീയാസൂത്രണപദ്ധതിയുടെ ആവിഷ്കാരത്തോടെ നടപ്പായ അധികാരവികേന്ദ്രീകരണവും ഫണ്ട് വിനിയോഗവും കേരള സമൂഹത്തിലുണ്ടാക്കിയ മാറ്റം ചരിത്രനേട്ടമാണ്. എന്നാല്‍ , കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ , എല്‍ഡിഎഫ് സര്‍ക്കാരുകള്‍ തുടങ്ങിവയ്ക്കുന്ന വികസനപ്രവര്‍ത്തനങ്ങളെ തച്ചുടയ്ക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ നടക്കുന്ന സമരങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പാര്‍ടി സമ്മേളനം സഹായിക്കുമെന്ന് പി കെ ശ്രീമതി പറഞ്ഞു.

മാനവികവികസനമാണ് കമ്യൂണിസ്റ്റ് പാര്‍ടി ലക്ഷ്യമിടുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാനകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ആവിഷ്കരിച്ച മാനവികവികസന പദ്ധതികളിലൂടെ കേരളജനത സാക്ഷരതയില്‍ ഒന്നാമതെത്തി. ആയുര്‍ദൈര്‍ഘ്യത്തില്‍ ഒന്നാമതെത്തി. ഭൂപരിഷ്കരണ നിയമത്തിലൂടെയും കുടിയൊഴിപ്പിക്കല്‍ നിരോധനനിയമത്തിലൂടെയും കര്‍ഷകന്‍ ഭൂമിയുടെ ഉടമയായി. പൊതുവിതരണസമ്പ്രദായ നയങ്ങളിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി- എളമരം പറഞ്ഞു. സംസ്ഥാന സമ്മേളന പരിപാടികള്‍ ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ സംസ്ഥാനകമ്മിറ്റി അംഗം എം വിജയകുമാര്‍ പറഞ്ഞു. കെ എന്‍ ബാലഗോപാല്‍ എംപി, ജമീല പ്രകാശം എംഎല്‍എ, കോവളം ഏരിയ സെക്രട്ടറി പി രാജേന്ദ്രകുമാര്‍ , ജില്ലാകമ്മിറ്റി അംഗം പുല്ലുവിള സ്റ്റാന്‍ലി, അഡ്വ. പയറുംമൂട് തങ്കപ്പന്‍ , അഡ്വ. ഉച്ചക്കട ചന്ദ്രന്‍ എന്നിവരും സംസാരിച്ചു.

സ്വകാര്യ വിദ്യാഭ്യാസമേഖലയോട് കേരളീയര്‍ക്ക് അന്ധവിശ്വാസം: എം എ ബേബി

കാട്ടാക്കട: ആള്‍ദൈവങ്ങളോട് കാണിക്കുന്നതിനേക്കാള്‍ അപകടകരമായ അന്ധവിശ്വാസമാണ് കേരളത്തിലെ ജനസമൂഹം സിബിഎസ്ഇ, ഐസിഎസ്ഇ പഞ്ചനക്ഷത്ര സ്കൂളുകളോട് കാണിക്കുന്നതെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാട്ടാക്കടയില്‍ , വിദ്യാഭ്യാസവും സാമൂഹ്യനീതിയും എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കമ്പോളവിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കാനാണ് ഭരണവര്‍ഗം ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ "സാക്ഷര്‍ ഭാരതി നയം" കേരളത്തിന് ദോഷംചെയ്യും. ഈ പദ്ധതി നടപ്പായാല്‍ സ്ത്രീസാക്ഷരതയില്‍ ദേശീയ ശരാശരിയേക്കാള്‍ താഴ്ന്ന ജില്ലകള്‍ക്ക് മാത്രമേ സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം ലഭ്യമാകുകയുള്ളൂ. സംസ്ഥാനത്തെ എല്ലാ ജില്ലകളും സ്ത്രീസാക്ഷരതയില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലായതിനാല്‍ തുടര്‍പ്രവര്‍ത്തനം നടത്താന്‍ കേരളത്തിന് ധനസഹായം ലഭിക്കാതെവരും. പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും എം എ ബേബി പറഞ്ഞു.

കേരളത്തിലെ സ്വകാര്യ സ്വാശ്രയമേഖലയെ കയറൂരിവിടാനാകില്ലെന്നും ഇവയെ നിയന്ത്രിക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ ജയകൃഷ്ണന്‍ പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയുള്ള പുതിയ കേരളം സൃഷ്ടിക്കാനുതകുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളാണ് കേരളത്തില്‍ നടപ്പാക്കേണ്ടതെന്ന് സെമിനാറില്‍ സംസാരിച്ച പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. മുന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്തും പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തും അരാഷ്ട്രീയം നടപ്പാക്കി ഉദ്യോഗസ്ഥമേധാവിത്വ ഭരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു പറഞ്ഞു. പ്രൊഫ. കാര്‍ത്തികേയന്‍നായര്‍ അധ്യക്ഷനായി. കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ , സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാട്ടാക്കട ശശി, ഡോ. ജെ ഹരീന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. പത്മശ്രീ പുരസ്കാരം ലഭിച്ച ഡോ. ജെ ഹരീന്ദ്രന്‍നായര്‍ക്ക് സിപിഐ എം കാട്ടാക്കട ഏരിയകമ്മിറ്റിയുടെ ഉപഹാരം എം എ ബേബി സമ്മാനിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ഭ്രാന്താലയമാക്കുന്നു - ഇ പി ജയരാജന്‍

വടകര: വര്‍ഗീയ -സാമുദായിക ശക്തികളെ ഇളക്കിവിട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാടിനെ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. ജാതി-മത ശക്തികളുടെ ഇച്ഛാനുസരണമാണ് യുഡിഎഫ് മന്ത്രിസഭ രൂപീകരിച്ചത്. വര്‍ഗീയതയും സാമുദായികതയും ശക്തിപ്പെടുത്താനാണ് മന്ത്രിമാര്‍ നിരന്തരം ശ്രമിക്കുന്നത്. ഇക്കാരണങ്ങളാല്‍ തന്നെ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോഴൊക്കെ കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിപിഐ എം സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥക്ക് വടകര കോട്ടപ്പറമ്പില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു

ഇ പി. മാറാട് കലാപം അന്വേഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ , കലാപത്തിന് പിന്നില്‍ വിദേശശക്തികളുടെ ഇടപെടലും വിദേശ പണത്തിന്റെ സ്വാധീനവും ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. കേസ് സിബിഐയെകൊണ്ട് അന്വേഷിക്കാന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും സമ്മര്‍ദത്തിന് വഴങ്ങി സിബിഐ അന്വേഷണത്തിന് കേന്ദ്രം തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ സെല്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. സെല്‍ പിരിച്ച് വിട്ട യുഡിഎഫ് സര്‍ക്കാര്‍ മാറാട് കേസ് അന്വേഷണം വേണ്ടെന്ന് വെച്ചു. കാസര്‍ക്കോട് വെടിവെപ്പ് അന്വേഷിച്ച ജസ്റ്റിസ് നിസാര്‍ കമ്മീഷനെ പിരിച്ച് വിട്ടു. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ എന്‍ഡിഎഫ് ഭീകരവാദികള്‍ ഉള്‍പ്പെട്ട എട്ട് കേസുകള്‍ സ്ക്വാഡ് പിരിച്ചുവിട്ടതോടെ ദുര്‍ബലമായി. തീവ്രവാദത്തെയും ഭീകരവാദത്തെയും ശക്തിപ്പെടുത്താനുള്ള ശ്രമമാണിത്. ഒരു സമുദായത്തെ മുഴുവന്‍ ഭീകരവാദികളാണെന്ന് വരുത്തി തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ഇതിന്റെ മറവില്‍ ഭീകരവാദികള്‍ക്ക് രക്ഷപ്പെടാനുള്ള വഴി തുറക്കുകയാണ്. ലീഗ് നിലപാട് വര്‍ഗീയ വികാരം ഇളക്കിവിടുകയാണ്. ജനങ്ങള്‍ ജാഗ്രതയോടെ നിന്നില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് തീക്കൊളുത്തും.

ലക്കും ലഗാനവും നഷ്ടപ്പെട്ട ഭരണത്തില്‍ അഴിമതി കൊടികുത്തിവാഴുകയാണ്. പൊലീസിനെ അഴിച്ച്വിട്ട് അക്രമം നടത്തി ഗുണ്ടായിസവുമായി മുന്നോട്ട് പോവുകയാണ് തീരുമാനമെങ്കില്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കാനികില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കോഴിക്കോട് നടക്കുന്ന പാര്‍ടി കോണ്‍ഗ്രസ് മനുഷ്യ പ്രവാഹമാകുമെന്നും ആഞ്ഞടിച്ച് വരുന്ന കൊടുങ്കാറ്റില്‍ ജനവഞ്ചകര്‍ ഒഴുകിപ്പോകുമെന്നും ജയരാജന്‍ പറഞ്ഞു. കെ കെ ലതിക എംഎല്‍എ അധ്യക്ഷയായി. ജാഥാംഗം വി എന്‍ വാസവന്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ ശ്രീധരന്‍ സ്വാഗതം പറഞ്ഞു.

ബാങ്കിങ് നിയമഭേദഗതി സഹകരണമേഖലയുടെ അന്ത്യം കുറിക്കും: ശിവദാസമേനോന്‍

കേന്ദ്രസര്‍ക്കാരിന്റെ ബാങ്കിങ് നിയമഭേദഗതി ബില്‍ സംസ്ഥാനത്ത് നടപ്പാക്കിയാല്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അന്ത്യമായിരിക്കും സംഭവിക്കുകയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി ശിവദാസമേനോന്‍ പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ -കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ബാങ്ക് ജീവനക്കാര്‍ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വായ്പാമേഖലയില്‍ ഏറ്റവും വേരുകളുള്ള പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണമേഖല. എവിടെയൊക്കെ ചൂഷണമുണ്ടോ അവിടെയൊക്കെ ജനങ്ങള്‍ക്ക് രക്ഷയാകുന്നത് സഹകരണമേഖലയാണ്. കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ശിവദാസമേനോന്‍ പറഞ്ഞു. 111-ാം ഭരണഘടനാ ഭേദഗതി നിയമത്തിലെ സഹകരണ മേഖലയ്ക്ക് ദോഷമായ വ്യവസ്ഥകള്‍ പിന്‍വലിക്കുക, വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്-സംസ്ഥാനത്തിന് ദോഷമായ വ്യവസ്ഥകളില്‍ മാറ്റമില്ലാതെ സ്വീകരിക്കാനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക, പൊതുമേഖല-സഹകരണ ബാങ്കിങ് മേഖല തകര്‍ക്കുന്ന ബാങ്കിങ് നിയമ (ഭേദഗതി)ബില്‍ -2011 പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

പാളയത്ത് ആശാന്‍സ്ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഏജീസ് ഓഫീസിനു മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ചിലും ധര്‍ണയിലും സ്ത്രീകളുള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി ജയരാജന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ , ബെഫി സംസ്ഥാന പ്രസിഡന്റ് പി വി ജോസ്, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി എസ് മധുസൂദനന്‍ , സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറി ദിവാകരന്‍ , ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ സി വിക്രമന്‍ എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്‍ സംസ്ഥാനസെക്രട്ടറി എന്‍ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി മുരളി നന്ദിയും പറഞ്ഞു.

deshabhimani news

1 comment:

  1. വികസനവും ക്ഷേമവും കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളുടെ മാത്രം മുഖമുദ്രയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. കോവളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം അശ്വതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച "വികസനം: ഇന്നലെ, ഇന്ന്, നാളെ" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ശ്രീമതി.

    ReplyDelete