Wednesday, February 1, 2012

കാര്‍ഷിക വികസനബാങ്കിലെ അഴിമതി നിയമനം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കൊല്ലം കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ നടത്തിയ അഴിമതി നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ശക്തമായ ചേരിപ്പോര്. കോണ്‍ഗ്രസ് നേതാവ് സഹകരണമന്ത്രിയായിരിക്കെ ബാങ്കില്‍ നടന്ന നഗ്നമായ അഴിമതി നിയമനം പാര്‍ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തല്‍ . ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത അഴിമതി കോണ്‍ഗ്രസിനെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കി. ഏതാനും ദിവസങ്ങള്‍ക്കുമുമ്പു ചേര്‍ന്ന ഡിസിസി നിര്‍വാഹകസമിതി യോഗത്തില്‍ ഈ പ്രശ്നം ചൂടേറിയ വാദപ്രതിവാദത്തിനു വേദിയായി. മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്‍ വി സത്യശീലനാണ് ചര്‍ച്ച തുടങ്ങിവച്ചത്. പ്യൂണ്‍ , അറ്റന്‍ഡര്‍ തസ്തികകളിലേക്കു നടന്ന നിയമനത്തിനു പിന്നില്‍ നഗ്നമായ നിയമലംഘനമുണ്ടെന്നും ഇത് കോണ്‍ഗ്രസിനു കനത്ത ക്ഷീണമുണ്ടാക്കിയെന്നും സത്യശീലന്‍ തുറന്നടിച്ചു. ഇതുസംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്നു സംസാരിച്ച പലരും അഴിമതി നിയമനം ബാങ്ക് പ്രസിഡന്റിന്റെ തന്നിഷ്ടപ്രകാരമാണ് നടന്നതെന്നും വന്‍ സാമ്പത്തിക അഴിമതി ഇതിനു പിന്നിലുണ്ടെന്നും ആരോപിച്ചു. സംഗതി നിയന്ത്രണം വിടുന്നു എന്ന ഘട്ടത്തില്‍ ഡിസിസി പ്രസിഡന്റ് കടവൂര്‍ ശിവദാസന്‍ ഇടപെട്ടു. അഴിമതി നിയമനപ്രശ്നം ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇക്കാര്യം മുഖ്യമന്ത്രി, സഹകരണമന്ത്രി, കെപിസിസി പ്രസിഡന്റ് എന്നിവരെ ധരിപ്പിച്ചിട്ടുണ്ടെന്നും കടവൂര്‍ യോഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ നിയമത്തിന്റെ വഴിയേ നീങ്ങുമെന്നുകൂടി ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഇതു യോഗത്തില്‍ പങ്കെടുത്ത ബാങ്ക് പ്രസിഡന്റിനും കൂട്ടര്‍ക്കും വലിയ ക്ഷീണമായി. യോഗം പിരിഞ്ഞശേഷം ഡിസിസി ഓഫീസിനു പുറത്തുവച്ചും ചിതറ മധുവും മറ്റുചില നേതാക്കളും വാക്തര്‍ക്കം ഉണ്ടായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. ഒരാളില്‍നിന്നു ഏഴുലക്ഷം രൂപയാണ് വാങ്ങിയത്. ഏഴുപേരെ നിയമിച്ചതിലൂടെ അരക്കോടിയോളം രൂപ പ്രസിഡന്റ് തട്ടി. നിയമനം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ റദ്ദാക്കിയതോടെ ഇവര്‍ നെട്ടോട്ടത്തിലാണ്. നിയമം ലംഘിച്ചു നടത്തിയ നിയമനത്തിന് കോടതി അംഗീകാരം നല്‍കില്ലെന്ന് ഉറപ്പ്. മുടക്കിയ തുക തിരികെക്കിട്ടുമോ എന്ന ആശങ്കയിലാണ് ജോലി കിട്ടിയവര്‍ .
(എം സുരേന്ദ്രന്‍)

deshabhimani 010212

1 comment:

  1. കൊല്ലം കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ നടത്തിയ അഴിമതി നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ശക്തമായ ചേരിപ്പോര്. കോണ്‍ഗ്രസ് നേതാവ് സഹകരണമന്ത്രിയായിരിക്കെ ബാങ്കില്‍ നടന്ന നഗ്നമായ അഴിമതി നിയമനം പാര്‍ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തല്‍ . ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത അഴിമതി കോണ്‍ഗ്രസിനെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കി.

    ReplyDelete