Tuesday, November 15, 2011

ചരിത്രത്തിന്റെ അവസാനം മുതലാളിത്തമല്ലെന്ന് വാള്‍സ്ട്രീറ്റ് തെളിയിക്കുന്നു: ഐസക്

തൃശൂര്‍ : മുതലാളിത്തം ചരിത്രത്തിന്റെ അവസാനമല്ലെന്ന് വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ആവര്‍ത്തിച്ച് തെളിയിക്കുന്നതായി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്. കടവല്ലൂര്‍ അന്യോന്യത്തിന്റെ ഭാഗമായി നടക്കുന്ന "വാള്‍സ്ട്രീറ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തി" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ മൂന്നാംദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ 40 ശതമാനം ഭൂസ്വത്ത് ഒരു ശതമാനം ആളുകളുടെ കൈവശമാണ്. സമ്പത്തു കുമിഞ്ഞുകൂടുന്നതുമൂലം സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. ഈ സാഹചര്യത്തിലാണ് മുതലാളിത്തത്തിന്റെ നടുമുറ്റമായ അമേരിക്കയില്‍തന്നെ പ്രക്ഷോഭം അരങ്ങേറുന്നത്. വായ്പകളെയും ക്രെഡിറ്റ്കാര്‍ഡുകളെയും ആശ്രയിച്ച് ഒരു സമൂഹം ജീവിക്കാന്‍ ശ്രമിച്ചതാണ് അമേരിക്കയിലും യൂറോപ്പിലും ബാങ്കുകളെ തകര്‍ത്തത്. അതേസമയം ഇന്ത്യക്ക് ഒരു പരിധിവരെ പിടിച്ചുനില്‍ക്കാനായത് ദേശസാല്‍ക്കരണ നയത്തിന്റെ ഭാഗമായാണ്. പക്ഷേ അത് അവസാനിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആഗോളവല്‍ക്കരണം സാമ്പത്തിക വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുന്നുവെങ്കിലും ജനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവാണുണ്ടാക്കുന്നത്. തകര്‍ന്ന ബാങ്കുകളെ നിലനിര്‍ത്താന്‍ 50 ലക്ഷം കോടി രൂപയാണ് വന്‍രാഷ്ട്രങ്ങള്‍ ചെലവിട്ടത്. ഇതു കണ്ടെത്തിയത് സാധാരണക്കാരനു നല്‍കിയ ഇളവുകള്‍ വെട്ടിക്കുറച്ചും. കേരളത്തില്‍ പരമ്പരാഗത സമരരീതികള്‍ ചലനമുണ്ടാക്കുന്നുണ്ടോ എന്ന സംശയം ചില കേന്ദ്രങ്ങളില്‍ ഉയരുന്നുണ്ട്. എന്നാല്‍ തിങ്കളാഴ്ച ഹൈക്കോടതിക്കുമുന്നില്‍ നടന്ന സമരം വാള്‍സ്ട്രീറ്റിനെ ഓര്‍മിക്കുന്നതാണ്. കുടുംബത്തോടെ സ്ത്രീകള്‍ പങ്കെടുത്തതും സമരരംഗത്ത് നല്ല സന്ദേശങ്ങള്‍ നല്‍കുന്നുണ്ടന്നും തോമസ് ഐസക്ക് പറഞ്ഞു.

ബാബു എം പാലിശേരി എംഎല്‍എ അധ്യക്ഷനായി. രാമനുണ്ണി സ്വാഗതവും പി ബി ബിജു നന്ദിയും പറഞ്ഞു.

deshabhimani 151111

1 comment:

  1. മുതലാളിത്തം ചരിത്രത്തിന്റെ അവസാനമല്ലെന്ന് വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ആവര്‍ത്തിച്ച് തെളിയിക്കുന്നതായി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്. കടവല്ലൂര്‍ അന്യോന്യത്തിന്റെ ഭാഗമായി നടക്കുന്ന "വാള്‍സ്ട്രീറ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തി" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ മൂന്നാംദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം

    ReplyDelete