Wednesday, February 1, 2012

കോഴിക്കോട്ടും നഴ്സുമാരുടെ സമരം

കോഴിക്കോട് നാഷനല്‍ ആശുപത്രിയിലും നഴ്സുമാര്‍ സമരം തുടങ്ങി. കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയിലും കഴിഞ്ഞ ദിവസം ആരംഭിച്ച സമരം ശക്തമായി തുടരുന്നു.

വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാഷനല്‍ ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നടപടി ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് സൂചനാ പണിമുടക്ക് ആരംഭിച്ചത്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ശക്തമായ സമരം ആരംഭിക്കുമെന്ന് നഴ്സുമാര്‍ അറിയിച്ചു. എറണാകുളം ലേക് ഷോറില്‍ സമരം ചെയ്യുന്ന 90 പേരെ പിരിച്ചുവിട്ടു.

ലേക് ഷോര്‍ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമരം ചെയ്യുന്ന നഴ്സുമാരുടെ വാദം കേള്‍ക്കാന്‍ കോടതി നോട്ടീസ് അയച്ചു. ഹെഡ് നഴ്സുമാരും ബുധനാഴ്ച പണിമുടക്കിയതോടെ ആശുപത്രി പ്രവര്‍ത്തനം നേരിയ തോതിലേ നടക്കുന്നുള്ളു. കോലഞ്ചേരിയില്‍ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിട്ടും അനുകൂല നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

തൊഴില്‍മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം: നേഴ്സസ് അസോ.

കൊച്ചി: ലേക്ഷോര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ നടത്തുന്ന സമരം അനാവശ്യമാണെന്നുമുള്ള തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ പ്രസ്താവന വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരത്തിന് ഇടയാക്കിയ കാര്യങ്ങള്‍ മനസ്സിലാക്കാതെ ഇത്തരം പ്രസ്താവന നടത്തിയ മന്ത്രി ഇതു പിന്‍വലിച്ച് മാപ്പു പറയണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ലേക്ഷോര്‍ ആശുപത്രിയില്‍ നവംബര്‍ ഒമ്പതിന് നേഴ്സുമാര്‍ മാനേജ്മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ജനുവരി ഒമ്പതിന് യുഎന്‍എയുടെ നേതൃത്വത്തില്‍ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്കുപോലും മാനേജ്മെന്റ് തയ്യാറായില്ല. 27ന് സമരത്തിന് നോട്ടീസ് നല്‍കി. 28ന് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാവാതിരുന്നതിനെത്തുടര്‍ന്ന് 30ന് നേഴ്സുമാര്‍ സമരം ആരംഭിച്ചു. എഴുന്നൂറോളം നേഴ്സുമാര്‍ സമരം ആരംഭിച്ചപ്പോള്‍ പകരം സംവിധാനമായി വെല്‍കെയര്‍ , പിഎസ് മിഷന്‍ എന്നീ ആശുപത്രികളിലെ നേഴ്സിങ് വിദ്യാര്‍ഥികളെക്കൊണ്ട് ജോലിചെയ്യിക്കുകയാണ് മാനേജ്മെന്റ്. ഇതിനെതിരെ പ്രതികരിക്കാന്‍ യുഎന്‍എയുടെ വിദ്യാര്‍ഥിസംഘടനയായ യുഎന്‍എസ്എ തീരുമാനിച്ചു.

സമരംചെയ്യുന്ന നേഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്നുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) പ്രസ്താവന നീതിക്കു നിരക്കുന്നതല്ല. ഇത് ഐഎംഎ അംഗങ്ങള്‍ മുതലാളിമാരായുള്ള ആശുപത്രി മാനേജ്മെന്റിനെ സംരക്ഷിക്കാനുള്ള തന്ത്രമാണ്. ഐഎംഎ പ്രസിഡന്റ് പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ആശുപത്രികളില്‍ സമരം നടത്തും. നേരത്തെ സമരം നടത്തിയ അമൃത ആശുപത്രിയില്‍ നേഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കിയിട്ടില്ല. മാനേജ്മെന്റിന് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയില്‍ പകുതിയോളം നേഴ്സുമാര്‍ക്ക് മാത്രമാണ് മിനിമം വേതനം നല്‍കിയതെന്നും യുഎന്‍എ ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ, സെക്രട്ടറി സുധീപ് കൃഷ്ണന്‍ , വൈസ് പ്രസിഡന്റ് ഇ എ ഷിഹാബ്, എറണാകുളം ജില്ലാ സെക്രട്ടറി ജിതിന്‍ ലോഹി, പ്രസിഡന്റ് ബെല്‍ജോ ഏലിയാസ്, യുഎന്‍എസ്എ സംസ്ഥാന പ്രസിഡന്റ് സി എച്ച് നിജില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani news

2 comments:

  1. കോഴിക്കോട് നാഷനല്‍ ആശുപത്രിയിലും നഴ്സുമാര്‍ സമരം തുടങ്ങി. കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയിലും കഴിഞ്ഞ ദിവസം ആരംഭിച്ച സമരം ശക്തമായി തുടരുന്നു.

    ReplyDelete
  2. കോട്ടയം: നേഴ്സിങ് വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ജില്ലാ വിദ്യാര്‍ഥിനി കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ സിപിഐ എം ജില്ലാകമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് പി എസ് സുമിത അധ്യക്ഷയായി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം അഡ്വ. റെജി സക്കറിയ, സിപിഐ എം ജില്ലാകമ്മിറ്റിയംഗം അഡ്വ. വി ജയപ്രകാശ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എ റിബിന്‍ഷാ, പ്രസിഡന്റ് ബി മഹേഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വിദ്യാര്‍ഥിനി സബ്കമ്മിറ്റിയംഗം നീനുമോള്‍ ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷീന മാത്യു സ്വാഗതവും രെഞ്ചുമോള്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : ഷീന മാത്യു (കണ്‍വീനര്‍), കെ പാര്‍വതി, ആന്‍സിമോള്‍ റെജി (ജോയിന്റ് കണ്‍വീനര്‍)

    ReplyDelete