Wednesday, February 1, 2012

ഏത് നേതാവിനാണ് നീതി കിട്ടാത്തതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്ക് അഭിവാദ്യമര്‍പ്പിച്ച പൊലീസുകാര്‍ക്കെതിരെയും നടപടിയെടുത്തിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമവിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും നടപടിയുണ്ടാകുമെന്ന് കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തോടും ഗ്രൂപ്പ് പോരിനോടും പ്രതികരിച്ച് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഭരണത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഏതു നേതാക്കള്‍ക്കാണ് അങ്ങനെയുണ്ടായതെന്ന് തനിക്കറിയില്ലെന്നു മാത്രം പറഞ്ഞ് മുഖ്യമന്ത്രി കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിവായി. ഈ മെയില്‍ വിവാദത്തിന്റെ വിവരങ്ങള്‍ പുറത്തായതിനെപ്പറ്റി റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അന്വേഷണം നടത്തും.

മുല്ലപ്പള്ളി വരുന്നത് സീറ്റു വാങ്ങാന്‍ മാത്രം: സുധാകര പക്ഷം

കണ്ണൂര്‍ : കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടക്കിടെ കേരളത്തില്‍ വന്ന് പ്രസ്താവന നടത്തിപ്പോവുക മാത്രമാണ് ചെയ്യുന്നതെന്ന് കെ സുധാകരനെ അനുകൂലിക്കുന്ന നേതാക്കള്‍ ആരോപിച്ചു.

ഗ്രൂപ്പു പോരിന് ആക്കം കൂട്ടി കണ്ണൂരില്‍ ഇവര്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് മുല്ലപ്പള്ളിയെയും മുഖ്യമന്ത്രിയെയും എ ഗ്രൂപ്പ് നേതാക്കളെയും കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.

എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരിഗണനപോലും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും ലഭിക്കുന്നില്ല. എം നാരായണന്‍ , സുമ ബാലകൃഷ്ണന്‍ , കെ സി കടമ്പൂരാന്‍ , വി നാരായണന്‍കുട്ടി എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചത്.

ഇടക്കിടെ കേരളത്തില്‍ വന്ന് പ്രസ്താവന നടത്തിപ്പോവുന്ന മുല്ലപ്പള്ളി കെപിസിസി എക്സിക്യൂട്ടീവില്‍ പോലും പങ്കെടുക്കാറില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഓടിയെത്തി ഏതെങ്കിലും മണ്ഡലത്തില്‍ സീറ്റുവാങ്ങി ജയിച്ചുപോവും. പി രാമകൃഷ്ണന് മനോവൈകല്യമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. എ ഡി മുസ്തഫയും കെ പി നൂറുദ്ദീനും ചേരുന്ന റിട്ടയറീസല്ല കണ്ണൂരില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പൊലീസ് നടപടി ന്യായീകരിച്ച മുഖ്യമന്ത്രി പൊതുപ്രവര്‍ത്തകരോട് പൊലീസ് മാന്യമായി പ്രതികരിക്കണമെന്നു പറയാന്‍ കൂട്ടാക്കിയില്ല. അതു പറഞ്ഞിരുന്നുവെങ്കില്‍ പ്രശ്നം തീരുമായിരുന്നു. ഇനിയും അപമാനം സഹിച്ചു മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി വളര്‍ത്തിയത് സുധാകരനാണ്. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ അവകാശവാദങ്ങളില്‍ കഴമ്പില്ലെന്നും അവര്‍ പറഞ്ഞു.

കണ്ണൂരില്‍ ബദ്ധവൈരികളെപ്പോലെയാണ് ഇപ്പോള്‍ ഇരുപക്ഷവും പെരുമാറുന്നത്. ഡിസിസി ഓഫീസ് കേന്ദ്രീകരിക്കാതെ ചില നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാകുന്നു. മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ പിന്തുണ ഉറപ്പിക്കാനായി രഹസ്യയോഗങ്ങളും ചേര്‍ന്നു തുടങ്ങി.

മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും അസഭ്യവര്‍ഷം

പയ്യന്നൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ജില്ലാ പൊലീസ് മേധാവിയെയും തെറിവിളിച്ച് പയ്യന്നൂര്‍ ടൗണില്‍ ചൊവ്വാഴ്ച വൈകിട്ട് യൂത്ത്കോണ്‍ഗ്രസ് സുധാകരപക്ഷം പ്രകടനം നടത്തി. ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിച്ചും സുധാകരനെതിരെ മുദ്രാവാക്യം വിളിച്ചും യൂത്ത് കോണ്‍ഗ്രസ് എ യും പ്രകടനം നടത്തി. പിലാക്കല്‍ അശോകന്‍ , എ രൂപേഷ്, സന്തോഷ്, സുരേഷ്, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സുധാകരപക്ഷം പ്രകടനം നടത്തിയത്. ചിത്രജന്‍ , പി സി അനില്‍കുമാര്‍ , വിനൂപ്, രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് എ വിഭാഗത്തിന്റെ പ്രകടനം. പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലൂടെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നിലാണ് സുധാകരപക്ഷത്തിന്റെ പ്രകടനം സമാപിച്ചത്. എ വിഭാഗത്തിന്റെ പ്രകടനം ടൗണ്‍ ചുറ്റി പൊലീസ് സ്റ്റേഷന് സമീപത്തെ ടൗണ്‍ ബാങ്ക് പരിസരത്ത് സമാപിച്ചു. പൊലീസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പയ്യന്നൂര്‍ ടൗണില്‍ ഏറെ തിരക്കുള്ള വൈകിട്ടാണ് ഇരുപ്രകടനവും നടന്നത്. പ്രകടനം ബസാറിലൂടെ കടന്ന് പോകുമ്പോള്‍ ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കാഴ്ചക്കാരായിനിന്നു.

പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണ് ജനുവരി 15ന് പയ്യന്നൂരില്‍ സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രകടനം നടന്നത്. സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍ , പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ , സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി ജയരാജന്‍ , എം വി ജയരാജന്‍ , കെ പി സഹദേവന്‍ , കെ കെ ശൈലജ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി കൃഷ്ണന്‍ എംഎല്‍എ, വി നാരായണന്‍ , ജില്ലാകമ്മിറ്റിയംഗം ടി ഐ മധുസൂദനന്‍ എന്നിവരടക്കമുള്ള നേതാക്കളുടെ പേരില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇതേ സമയം തന്നെ മുഖ്യമന്ത്രിയെയും ജില്ലാ പൊലീസ് ചീഫിനെയും തെറിച്ച് വിളിച്ച് പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ക്കെതിരെയും സുധാകരനെ തെറിവിളിച്ച് പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ക്കെതിരെയും കേസെടുക്കാത്ത പൊലീസിന്റെ കോണ്‍ഗ്രസ് വിധേയത്വം ചര്‍ച്ചയായി.

മസില്‍പവര്‍കൊണ്ട് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാവില്ലെന്ന് എ ഗ്രൂപ്പ്

കണ്ണൂര്‍ : മസില്‍ പവര്‍കൊണ്ടും ശരീര ഭാഷകൊണ്ടും കെ സുധാകരന്‍ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് എ ഗ്രൂപ്പുകാര്‍ . സുധാകരന്‍ കണ്ണൂരില്‍ നടത്തുന്ന ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരെയുള്ള പൊട്ടിത്തെറിയാണ് ചൊവ്വാഴ്ച എ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഫലിച്ചത്. സുധാകരന്റെ രാഷ്ട്രീയ ശൈലിക്കെതിരായ രോഷം അവരുടെ ഒരോ വാക്കിലും നിറഞ്ഞുനിന്നു. പണം കൊടുത്തും മസില്‍ ശക്തികാണിച്ചും യുവാക്കളെ തെറ്റായ വഴിയിലേക്കാണ് സുധാകരന്‍ നയിക്കുന്നതെന്ന് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനം കൊണ്ട് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനോ സിപിഐ എമ്മിനെ നേരിടാനോ സാധിക്കില്ല. നേരിയ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തകര്‍ക്കാനുള്ള നീക്കമാണ് സുധാകരന്‍ നടത്തുന്നതെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച എ നേതാക്കള്‍ , ഉമ്മന്‍ ചാണ്ടിയുടെ ബോര്‍ഡ് നശിപ്പിച്ചത് സുധാകരന്‍ വളര്‍ത്തിയെടുത്ത ക്രിമിനല്‍ സംഘമാണെന്ന സൂചനയും നല്‍കി. അത്തരക്കാര്‍ ജനപ്രതിനിധികളായി വന്നതിന്റെ ദുര്യോഗമാണ് മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ നീക്കുന്നതിലെത്തിയതെന്ന് സതീശന്‍ പാച്ചേനി തുറന്നടിച്ചു.

എംപിയെന്ന നിലയില്‍ സുധാകരന്‍ പാര്‍ലമെന്റില്‍ പോലും കൃത്യമായി പോകുന്നില്ല എന്നായിരുന്നു എ വിഭാഗം നേതാക്കളുടെ മറ്റൊരാരോപണം. ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ വന്നപ്പോള്‍ സുധാകരന്‍ പങ്കെടുത്തില്ല. ഭാര്യാമാതാവ് മരിച്ചതിന്റെ പുലകുളിയാണെന്ന് പറഞ്ഞാണ് ഒഴിഞ്ഞു നിന്നത്. ഭാര്യാമാതാവ് മരിച്ച് 45ാം ദിവസമാണ് പുലകുളിയുടെ പേരില്‍ പാര്‍ലമെന്റില്‍നിന്ന് മുങ്ങിയതെന്നും അവര്‍ ആരോപിച്ചു.

1977ല്‍ പാര്‍ടിയില്‍ വന്ന സുധാകരന് രാഷ്ട്രീയ പാരമ്പര്യമുള്ള മുല്ലപ്പള്ളിയുടെ അഭിമാനവും സത്യസന്ധതയും ചോദ്യം ചെയ്യാനുള്ള ആര്‍ജവം എവിടെ നിന്ന് കിട്ടിയെന്നാണ് എ നേതാക്കളുടെ മറ്റൊരു ചോദ്യം. കെ പി നൂറുദ്ദീനാണ് കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് സുധാകരനെ മാമോദീസ മുക്കിയതെന്നും അപ്പോള്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് താനായിരുന്നുവെന്നും എന്‍ രാമകൃഷ്ണന്‍ പറഞ്ഞു. സുധാകരന്‍ ഗ്രൂപ്പ് എന്നത് കോണ്‍ഗ്രസില്‍ എവിടെയാണെന്നും അവര്‍ ചോദിച്ചു. ഡിസിസി ആക്ടിങ് പ്രസിഡന്റ് പി കെ വിജയരാഘവന്‍ സുധാകരന്റെ വെറും ആശ്രിതനാണെന്നും കോണ്‍ഗ്രസുകാര്‍പോലും നേതാവായി അംഗീകരിക്കുന്നില്ല. സുധാകരനു വേണ്ടി വിജയരാഘവന്‍ നടത്തുന്ന പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. കോണ്‍ഗ്രസിനെക്കുറിച്ച് ആധികാരികമായി പറയാന്‍ മാത്രം അദ്ദേഹത്തിന് കഴിവുമില്ല- എന്‍ രാമകൃഷ്ണനും എ ഡി മുസ്തഫയും പറഞ്ഞു.

deshabhimani 010212

1 comment:

  1. യുഡിഎഫ് ഭരണത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഏതു നേതാക്കള്‍ക്കാണ് അങ്ങനെയുണ്ടായതെന്ന് തനിക്കറിയില്ലെന്നു മാത്രം പറഞ്ഞ് മുഖ്യമന്ത്രി കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിവായി

    ReplyDelete