Wednesday, February 1, 2012

വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ വിശ്വാസികളും രംഗത്തുണ്ട്: ഡോ. തോമസ് ഐസക്

പട്ടാമ്പി: ലോകമുതലാളിത്തത്തിന്റെ തകര്‍ച്ച പൂര്‍ണമാക്കുന്നതിനായി ആരംഭിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ വിശ്വാസികളും രംഗത്തുണ്ട്. മുന്‍ പ്രക്ഷോഭകാരികള്‍ , സാംസ്കാരികപ്രവര്‍ത്തകര്‍ എന്നിവരുമായി സഹകരിച്ച് എല്ലാവിഭാഗം ജനങ്ങളും അണിചേര്‍ന്നുള്ള പ്രക്ഷോഭമാണ് സെപ്തംബര്‍ 17ന് ആരംഭിച്ചതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം ഡോ. തോമസ് ഐസക് എംഎല്‍എ പറഞ്ഞു. സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അനുഭവപാഠങ്ങള്‍" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുതലാളിത്തത്തിന് പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയാണ് പ്രക്ഷോഭം വരുത്തിവച്ചത്. പട്ടണങ്ങളില്‍ ആരംഭിച്ച പ്രക്ഷോഭം സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പടരുന്ന കാഴ്ചയാണ്. തെക്കന്‍അമേരിക്കന്‍ രാജ്യങ്ങളില്‍ ലത്തീന്‍കാര്‍ പ്രക്ഷോഭമുയര്‍ത്തി. ക്രിസ്തുമത വിശ്വാസത്തെ മാറ്റത്തിന് ഉപയോഗിച്ചവരാണ് ക്രൈസ്തവ മതനേതാക്കള്‍ . ഭൂപരിഷ്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി വിശ്വാസികളെ മാറ്റത്തിനും വിപ്ലവത്തിനുമാണ് ഉപയോഗിച്ചത്. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇതിനെതിരായ സമീപനമാണുള്ളത്. സാമ്രാജ്യത്വത്തിന്റെ അനീതികള്‍ക്കും അഴിമതിക്കുമെതിരെ ഇസ്ലാമികരാജ്യങ്ങളിലും ശക്തമായ പ്രക്ഷോഭമാണ് ഉയര്‍ന്നുവരുന്നത്. "അറബ് വസന്തം" എന്നു വിളിക്കുന്ന വിപ്ലവമാണ് നടക്കുന്നത്. ഇതിനെതിരെ അമേരിക്ക ലിബിയയിലും സിറിയയിലും ഇടപെട്ടു. യൂറോപ്യന്‍രാജ്യങ്ങളില്‍ പണിമുടക്കും പ്രക്ഷോഭങ്ങളും ഉയര്‍ന്നുവന്നു. മുതലാളിത്തവ്യവസ്ഥ കാലഹരണപ്പെട്ടതാണെന്നു പ്രഖ്യാപിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളില്‍നിന്നും ഉയരുന്നത് "മാര്‍ക്സിസമാണ് ശരി" എന്നാണ്. ഇത്തരത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രക്ഷോഭങ്ങളെ സിപിഐ എമ്മിന്റെ 20-ാംപാര്‍ടികോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ഫെബ്രുവരി 28ന് നടക്കുന്ന പണിമുടക്ക് ചരിത്രസംഭവമാകും. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളെകുറിച്ചുള്ള വാര്‍ത്തകള്‍ കുത്തക മാധ്യമങ്ങള്‍ തമസ്കരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

ജില്ലാ കമ്മിറ്റി അംഗം ടി കെ നാരായണദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ , എം ബി രാജേഷ് എംപി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പി മമ്മിക്കുട്ടി, സി അച്യുതന്‍ എന്നിവര്‍ പങ്കെടുത്തു. ഏരിയസെക്രട്ടറി എന്‍ പി വിനയകുമാര്‍ സ്വാഗതവും കെ പി അജയന്‍ നന്ദിയും പറഞ്ഞു.

deshabhimani 010212

1 comment:

  1. ലോകമുതലാളിത്തത്തിന്റെ തകര്‍ച്ച പൂര്‍ണമാക്കുന്നതിനായി ആരംഭിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ വിശ്വാസികളും രംഗത്തുണ്ട്. മുന്‍ പ്രക്ഷോഭകാരികള്‍ , സാംസ്കാരികപ്രവര്‍ത്തകര്‍ എന്നിവരുമായി സഹകരിച്ച് എല്ലാവിഭാഗം ജനങ്ങളും അണിചേര്‍ന്നുള്ള പ്രക്ഷോഭമാണ് സെപ്തംബര്‍ 17ന് ആരംഭിച്ചതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം ഡോ. തോമസ് ഐസക് എംഎല്‍എ പറഞ്ഞു. സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അനുഭവപാഠങ്ങള്‍" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

    ReplyDelete