Friday, April 6, 2012

സ്ത്രീനീതിയിലേക്ക് സ്മാഷുതിര്‍ത്ത് ജഗ്മതി


ഇത് ജഗ്മതി സംഗ്വാന്‍- ഭാരത സ്ത്രീയുടെ ശക്തി വോളിബോള്‍കോര്‍ട്ടിലെ ഇടിമുഴക്കമുള്ള സ്മാഷുകളിലൂടെ ലോകത്തെ അറിയിച്ച അന്തര്‍ദേശീയ കായികതാരം. എതിരാളികളുടെ കരുത്തുറ്റ സ്മാഷുകളെ തെല്ലും കൂസാതെ പ്രതിരോധിച്ച ഈ കായികപ്രതിഭ ഇന്ന് ഹരിയാനയില്‍ പ്രതിരോധത്തിന്റെ പുതിയ മതിലുകള്‍ തീര്‍ക്കുകയാണ്- സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരായ ജാതിപഞ്ചായത്തുകളുടെ അപരിഷ്കൃതവും നീചവുമായ ഫത്വകള്‍ക്കെതിരെ.

1980കളുടെ മധ്യത്തില്‍ തുടങ്ങിയ പോരാട്ടം ഈ അമ്പതുകാരി ഇന്നും തുടരുന്നു, തളരാതെ...പതറാതെ. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഹരിയാന സംസ്ഥാന സെക്രട്ടറിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജഗ്മതിക്ക് പങ്കുവയ്ക്കാനുള്ളത് ഹരിയാനയില്‍നിന്നുള്ള വേറിട്ട അനുഭവങ്ങള്‍. ഒരു ഘട്ടത്തില്‍ തികച്ചും ഒറ്റയാള്‍ പട്ടാളം നയിക്കേണ്ടി വന്ന ജഗ്മതിക്ക് പിന്നില്‍ ഇന്ന് കരുത്തുറ്റ പ്രസ്ഥാനമുണ്ട്. പതുക്കെയെങ്കിലും ഹരിയാനയില്‍ പാര്‍ടിയും വര്‍ഗബഹുജന സംഘടനകളും കരുത്താര്‍ജിക്കുന്നതിന്റെ അനുഭവങ്ങള്‍ അവര്‍ "ദേശാഭിമാനി"യോട് പങ്കുവച്ചു.

സ്ത്രീവിരുദ്ധതയുടെ അനുഭവപാഠങ്ങള്‍ തിരിച്ചറിഞ്ഞതും കായികലോകത്തുനിന്നാണെന്ന പ്രത്യേകതയുണ്ട്. ഹരിയാനയിലെ കൊച്ചുഗ്രാമത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ ജഗ്മതിക്കൊപ്പം ഇന്ത്യന്‍ വോളി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. എന്നാല്‍, ആ മൂന്ന് പെണ്‍കുട്ടികളെ ഏഷ്യാഡില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കള്‍ അനുവദിച്ചില്ല. അവരെ വിവാഹം കഴിപ്പിച്ചയക്കണമെന്നാണ് കാരണം പറഞ്ഞത്. ജഗ്മതി നമ്മുടെ മലയാളി പെണ്‍കൊടികള്‍ക്കൊപ്പം ഏഷ്യാഡില്‍ പങ്കെടുത്ത് വെള്ളിമെഡല്‍ നേടി. തന്റെ കൂട്ടുകാരായ മൂന്നു പെണ്‍കുട്ടികള്‍കൂടി വന്നിരുന്നെങ്കില്‍ അന്ന് സ്വര്‍ണം കിട്ടുമായിരുന്നുവെന്ന് ജഗ്മതി വിശ്വസിക്കുന്നു.

ഈ സ്ത്രീവിരുദ്ധത ജഗ്മതിയുടെ മനസിനെ കുറച്ചൊന്നുമല്ല ഉലച്ചത്. ഇത്തരം അനീതികള്‍ക്കെതിരെ മനസ്സില്‍ കുറിച്ചിട്ട പോരാട്ടം പിന്നീട് പ്രവൃത്തിപഥത്തില്‍ എത്തിക്കുകയായിരുന്നു. 1988ല്‍ ഗ്രാമത്തിലെ ഒരു യുവാവ് ജാതിപഞ്ചായത്തിന്റെ വിലക്കുകള്‍ ലംഘിച്ച് വിവാഹം കഴിച്ചു. പ്രതികാരമായി യുവാവിന്റെ സഹോദരിയെ ബലാല്‍സംഗത്തിന് ഇരയാക്കി. ആ കേസിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും പെണ്‍കുട്ടിയെ സംരക്ഷിക്കുകയും ചെയ്തു. പിന്നീട് ഏറ്റെടുത്ത സമരങ്ങള്‍ നിരവധി. ഹരിയാനയില്‍ വര്‍ധിച്ചുവരുന്ന ദുരഭിമാനഹത്യക്കെതിരെ സന്ധിയില്ലാ സമരത്തിലാണെന്ന് ജഗ്മതി പറഞ്ഞു.

രണ്ട് ഗോത്രത്തില്‍പെട്ട ആണും പെണ്ണും ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചാല്‍ രണ്ടുപേരെയും കൊന്ന് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിക്കുന്നു. ജാതിപഞ്ചായത്തുകളുടെ ഫത്വകളെ ജനങ്ങള്‍ ഇന്ന് സംഘടിതമായി ചെറുക്കുന്നു; പിന്നില്‍ ജഗ്മതിയും പാര്‍ടിയുമുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ. ഇത്തരം സംഭവങ്ങള്‍ അറിയുമ്പോള്‍ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവിടെ ഓടി എത്തുന്നു. നിയമപരമായും രാഷ്ട്രീയമായും നേരിടുന്നു. സംഘടനയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട ജാതിക്കോമരങ്ങള്‍ ഇപ്പോള്‍ അതീവ രഹസ്യമായാണ് ഇതു നടത്തുന്നത്.

പെണ്‍ഭ്രൂണഹത്യയ്ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കും അസോസിയേഷന്‍ നേതൃത്വം നല്‍കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കും സ്കാനിങ് സെന്ററുകള്‍ക്കുമെതിരെ പോരാടുന്നു. ദളിത്- പിന്നോക്ക വിഭാഗങ്ങളുടെ മറ്റു പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്നു. പാര്‍ടിക്കും മഹിളാ അസോസിയേഷനും പുറമെ വര്‍ക്കിങ് വിമന്‍സ് കോര്‍ഡിനേഷന്‍, എംപ്ലോയീസ് അസോസിയേഷന്‍, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവയും ഈ പ്രവര്‍ത്തനങ്ങളിലുണ്ട്. പാര്‍ടി സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് സിങ്ങിന്റെ ജീവിത സഖി കൂടിയാണ് ജഗ്മതി. ഹരിയാന സര്‍ക്കാര്‍ മികച്ച കായിക പ്രതിഭയ്ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അവാര്‍ഡായ ഭീമാ അവാര്‍ഡ് ലഭിച്ച ജഗ്മതി ഇപ്പോള്‍ ഹരിയാനയിലെ പാവപ്പെട്ട ദളിത്- പിന്നോക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ഹൃദയങ്ങളിലെ സ്നേഹസാന്നിധ്യം.

deshabhimani 060412

1 comment:

  1. ഇത് ജഗ്മതി സംഗ്വാന്‍- ഭാരത സ്ത്രീയുടെ ശക്തി വോളിബോള്‍കോര്‍ട്ടിലെ ഇടിമുഴക്കമുള്ള സ്മാഷുകളിലൂടെ ലോകത്തെ അറിയിച്ച അന്തര്‍ദേശീയ കായികതാരം. എതിരാളികളുടെ കരുത്തുറ്റ സ്മാഷുകളെ തെല്ലും കൂസാതെ പ്രതിരോധിച്ച ഈ കായികപ്രതിഭ ഇന്ന് ഹരിയാനയില്‍ പ്രതിരോധത്തിന്റെ പുതിയ മതിലുകള്‍ തീര്‍ക്കുകയാണ്- സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരായ ജാതിപഞ്ചായത്തുകളുടെ അപരിഷ്കൃതവും നീചവുമായ ഫത്വകള്‍ക്കെതിരെ.

    ReplyDelete