Thursday, April 5, 2012

വിടപറഞ്ഞ രണധീരര്‍ക്ക് പ്രണാമം

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ജീവിതത്തില്‍നിന്ന് വിടപറഞ്ഞ ദേശീയ- സംസ്ഥാന നേതാക്കളെയും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ക്കായി ജീവിതത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എല്ലാ സഖാക്കളുടെ സ്മരണകള്‍ക്കുമുന്നിലും 20-ാം പാര്‍ടി കോണ്‍ഗ്രസ് ആദരാഞ്ജലി അര്‍പ്പിച്ചു. വിട്ടുപിരിഞ്ഞ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്നേഹസ്മരണകള്‍ക്കുമുന്നില്‍ കണ്ണീര്‍പ്പൂക്കളര്‍പ്പിച്ചു. ജീവിതകാലം മുഴുവന്‍ പ്രസ്ഥാനത്തെ ത്യാഗപൂര്‍ണം നയിച്ച അനശ്വരനേതാക്കളായ സുര്‍ജിത്തിന്റെയും ജ്യോതിബസുവിന്റെയും ഊഷ്മളസ്മരണകള്‍ക്ക് പ്രണാമമര്‍പ്പിച്ചാണ് അനുശോചനപ്രമേയം ആരംഭിച്ചത്. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രമേയം അവതരിപ്പിച്ചു.

പൊളിറ്റ്ബ്യൂറോ അംഗവും ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന എം കെ പന്ഥെയുടെ സ്മരണകള്‍ക്കുമുന്നില്‍ പാര്‍ടി കോണ്‍ഗ്രസ് ആദരം അര്‍പ്പിച്ചു. 1960കളില്‍ എഐടിയുസിയുടെ ദേശീയ നേതൃനിരയിലേക്ക് ഉയര്‍ത്തപ്പെട്ടു. ദേശീയതലത്തില്‍ തൊഴിലാളിവര്‍ഗസംഘടനകളുടെ ഐക്യത്തിന് യത്നിച്ച അദ്ദേഹം, 1990 മുതല്‍ "99 വരെ സിഐടിയുവിന്റെ ജനറല്‍ സെക്രട്ടറിയും 2010 വരെ പ്രസിഡന്റുമായിരുന്നു. 1978ലെ പത്താം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പന്ഥെ, "98ല്‍ 16-ാം കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയിലെത്തുകയും മരണംവരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. തൊഴിലാളിവര്‍ഗമുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്റെ സ്മരണയും സമ്മേളനത്തിന് ആവേശമായി. "43ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ ബാലാനന്ദന്‍ "90ല്‍ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റായി. 2002 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

തമിഴ് ജനതയ്ക്കിടയില്‍ പ്രസ്ഥാനത്തെ നയിച്ച മുന്‍ പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന പി രാമചന്ദ്രനും സമ്മേളനം ആദരമര്‍പ്പിച്ചു. ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വിമെന്‍സ് അസോസിയേഷന്റെ സ്ഥാപകനേതാവും മഹാരാഷ്ട്രയില്‍ പാര്‍ടിയുടെ മുന്നേറ്റത്തിന്റെ ചാലകശക്തിയായി നിലകൊണ്ട കേന്ദ്രകമ്മിറ്റി അംഗവുമായ അഹല്യ രങ്കനേക്കര്‍, മുന്‍ കേന്ദ്രകമ്മിറ്റി അംഗമായ പ്രഭാകര്‍ സാന്‍സ്ഗിരി, ചെറുപ്രായത്തിലേ ജയിലിലടയ്ക്കപ്പെടുകയും തമിഴ്നാട്ടില്‍ സ്ത്രീവിമോചനത്തിനായി ധീരോദാത്തം പ്രവര്‍ത്തിക്കുകയും ചെയ്ത കേന്ദ്രകമ്മിറ്റി അംഗം പാപ്പാ ഉമാനാഥ്, ത്രിപുരയില്‍ പ്രസ്ഥാനം വളര്‍ത്തിയ കേന്ദ്രകമ്മിറ്റി അംഗം ബൈദ്യനാഥ് മജുംദാര്‍ എന്നിവരുടെ സ്മരണകള്‍ക്കുമുന്നില്‍ അഭിവാദ്യം അര്‍പ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചവര്‍ക്കും സ്മരണാഞ്ജലി അര്‍പ്പിച്ചു. കേരള സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച സി പി ബാലന്‍ വൈദ്യര്‍, കെ പത്മനാഭന്‍, സി കൃഷ്ണന്‍നായര്‍, കെ സെയ്താലിക്കുട്ടി, ഐ വി ദാസ്, ആര്‍ പരമേശ്വരന്‍പിള്ള, ടി ഗോവിന്ദന്‍, എം രാമണ്ണറൈ, എം സത്യനേശന്‍, പേരൂര്‍ക്കട സദാശിവന്‍, വെണ്‍പാല രാമചന്ദ്രന്‍ എന്നിവരെ സമ്മേളനം അനുസ്മരിച്ചു. ലോക കമ്യൂണിസ്റ്റ് നേതാക്കളായ കിം ജോങ് ഇല്‍ (കൊറിയ), വൊ ചി കോങ് (കൊറിയ), ജുവാന്‍ അല്‍മിദ ബോസ്ക് (ക്യൂബ), ജൂലിയോ കസാസ് റിജീരിയോ (ക്യൂബ), പീറ്റര്‍ സൈമണ്‍ (ഓസ്ട്രേലിയ) തുടങ്ങിയവരുടെ വേര്‍പാടിലും അനുശോചിച്ചു.

സ്മരണകളിരമ്പി; സുര്‍ജിത്തിനും ബസുവിനും ആദരം

സുര്‍ജിത്തിന്റെയും ജ്യോതിബസുവിന്റെയും ഊഷ്മളസ്മരണകള്‍ക്ക് 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ആദരങ്ങള്‍. സിപിഐ എമ്മിന്റെയും രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും മുന്നേറ്റവഴികളില്‍ പ്രകാശംചൊരിഞ്ഞ ഇരുനേതാക്കളുടെയും മരണമില്ലാത്ത ഓര്‍മകള്‍ക്കുമുന്നില്‍ നമ്രശിരസ്കരായി നിന്ന് ആദരവ് പ്രകടിപ്പിച്ചായിരുന്നു 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനസമ്മേളന നടപടികള്‍ക്ക് തുടക്കമായത്.

അനുശോചനപ്രമേയത്തില്‍ രണ്ട് നേതാക്കളും സിപിഐ എമ്മിനും ഇടതുപക്ഷപ്രസ്ഥാനത്തിനും നല്‍കിയ സംഭാവനകളെ ഓര്‍മയിലേക്ക് കൊണ്ടുവന്നു. ദേശീയരാഷ്ട്രീയത്തില്‍ പാര്‍ടിയെ നിര്‍ണായകശക്തിയാക്കിയ രണ്ട് നേതാക്കളുടെയും ഒത്തിരിയൊത്തിരി പോരാട്ടസ്മരണകള്‍ സമ്മേളനത്തിനെത്തിയവരുടെ മനസ്സില്‍ തെളിഞ്ഞു. പാര്‍ടി കോണ്‍ഗ്രസ് നടക്കുന്ന വേദിയുടെ പേര് സുര്‍ജിത്- ജ്യോതിബസു നഗര്‍ എന്നാണ്. കോയമ്പത്തൂരില്‍ 19-ാം പാര്‍ടി കോണ്‍ഗ്രസ് ചേര്‍ന്നപ്പോഴും ഇരുനേതാക്കളും അസാന്നിധ്യംകൊണ്ടാണ് ശ്രദ്ധേയരായത്. അസുഖബാധിതരായ ഇരുവരും സമ്മേളനത്തിന് സന്ദേശമയച്ചു.

സുര്‍ജിത്തും ബസുവും ഓര്‍മയായശേഷം നടക്കുന്ന ആദ്യ സമ്മേളനമാണ് കോഴിക്കോട്ടേത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും നേതാക്കളെ അനുസ്മരിച്ചും അവരുടെ സ്മരണയ്ക്കുമുന്നില്‍ അഭിവാദ്യമര്‍പ്പിച്ചുമാണ് പാര്‍ടി കോണ്‍ഗ്രസ് ആരംഭിച്ചത്. വര്‍ഗീയതയ്ക്കെതിരായ കരുത്തുറ്റ പോരാട്ടം തുടരാനും മതേതരത്വം സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കാനുമാണ് കോയമ്പത്തൂര്‍ കോണ്‍ഗ്രസില്‍ പങ്കെടുത്ത പ്രതിനിധികളോട് വീഡിയോ സന്ദേശത്തില്‍ ബസു ആഹ്വാനംചെയ്തത്. ഉദ്ഘാടനസമ്മേളന വേദിയിലും ഇരുവശങ്ങളിലായുള്ള പന്തലിലും സജ്ജീകരിച്ച സ്ക്രീനുകളിലാണ് സന്ദേശം പ്രദര്‍ശിപ്പിച്ചത്. പ്രതിനിധികള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന ബസു, തനിക്ക് പങ്കെടുക്കാനാകാത്ത രണ്ടാമത്തെ പാര്‍ടി കോണ്‍ഗ്രസാണിതെന്ന് പറഞ്ഞു. 1956ലെ അവിഭക്തപാര്‍ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ബംഗാളില്‍ വലിയൊരു ജനകീയമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നതിന്റെ തിരക്കുകാരണമായിരുന്നു അത്. 93-ാംവയസ്സില്‍ പ്രായം സൃഷ്ടിച്ച അവശത കാരണമാണ് കോണ്‍ഗ്രസിനെത്താനാകാത്തത്. വിട്ടുനില്‍ക്കുന്നത് ഏറെ വിഷമകരമാണ്. ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ അനിവാര്യമാണ്. പാര്‍ടി ദുര്‍ബലമായ സ്ഥലങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ കോണ്‍ഗ്രസിലുണ്ടാകണം- അന്ന് ബസു പറഞ്ഞു. അനാരോഗ്യമൂലം സുര്‍ജിത്തിനും കോയമ്പത്തൂര്‍ കോണ്‍ഗ്രസിനെത്താനായില്ല. ദേശീയരാഷ്ട്രീയത്തില്‍ പാര്‍ടിയെ നിര്‍ണായക ശക്തിയാക്കി ഉയര്‍ത്തിയ ഇരുനേതാക്കളുടെയും മരിക്കാത്ത സ്മരണയ്ക്ക് കോഴിക്കോട്ട്് 20-ാം പാര്‍ടി കോണ്‍ഗ്രസ് അഭിവാദ്യം അര്‍പ്പിച്ചു.

"ലെനിന്‍" സമ്മേളന നഗറില്‍

കോഴിക്കോട്: വിപ്ലവ നായകന്‍ ലെനിന്റെ വേഷധാരിയെ പാര്‍ടി കോണ്‍ഗ്രസ് നഗറില്‍ കണ്ടപ്പോള്‍ ഏവരും ആദ്യം അമ്പരന്നു. പിന്നെ ലെനിന്‍ വേഷധാരിയാരെന്നറിയാന്‍ ആകാംക്ഷയായി. ആന്ധ്രയിലെ കര്‍ണൂല്‍ ജില്ലയില്‍ കര്‍ഷകത്തൊഴിലാളി കഡിയാല രംഗയ്യയാണ് ലെനിന്റെ വേഷത്തില്‍ കോണ്‍ഗ്രസ് നഗറിലെത്തിയത്. എഴുപത്തേഴുകാരനായ രംഗയ്യ അറുപത് വര്‍ഷമായി ലെനിന്‍ വേഷം കെട്ടാന്‍ തുടങ്ങിയിട്ട്.
ലെനിന്റെ പുസ്തകങ്ങള്‍ വായിച്ച് ആവേശമുള്‍ക്കൊണ്ടാണ് രംഗയ്യ ലെനിന്‍വേഷത്തിലേക്ക് തിരിഞ്ഞത്. പാര്‍ടി സമ്മേളന വേദികളില്‍ സ്ഥിരമായെത്തുന്ന രംഗയ്യ ജനങ്ങള്‍ക്കിടയില്‍ ലെനിന്‍ വേഷം അവതരിപ്പിക്കും. അടിയുറച്ച പാര്‍ടി പ്രവര്‍ത്തകനായ അദ്ദേഹം പതാക ഉയര്‍ത്തല്‍ ചടങ്ങിനുശേഷമാണ് ലെനിന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസ് വേദികളില്‍ ലെനിന്‍വേഷം കെട്ടിയപ്പോള്‍ എടുത്ത ഫോട്ടോകളുടെ ശേഖരവും രംഗയ്യയുടെ കൈയിലുണ്ട്.. ഭാര്യയും രണ്ടുമക്കളും അടങ്ങുന്നതാണ് രംഗയ്യയുടെ കുടുംബം

deshabhimani 050412.

1 comment:

  1. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ജീവിതത്തില്‍നിന്ന് വിടപറഞ്ഞ ദേശീയ- സംസ്ഥാന നേതാക്കളെയും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ക്കായി ജീവിതത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എല്ലാ സഖാക്കളുടെ സ്മരണകള്‍ക്കുമുന്നിലും 20-ാം പാര്‍ടി കോണ്‍ഗ്രസ് ആദരാഞ്ജലി അര്‍പ്പിച്ചു. വിട്ടുപിരിഞ്ഞ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്നേഹസ്മരണകള്‍ക്കുമുന്നില്‍ കണ്ണീര്‍പ്പൂക്കളര്‍പ്പിച്ചു. ജീവിതകാലം മുഴുവന്‍ പ്രസ്ഥാനത്തെ ത്യാഗപൂര്‍ണം നയിച്ച അനശ്വരനേതാക്കളായ സുര്‍ജിത്തിന്റെയും ജ്യോതിബസുവിന്റെയും ഊഷ്മളസ്മരണകള്‍ക്ക് പ്രണാമമര്‍പ്പിച്ചാണ് അനുശോചനപ്രമേയം ആരംഭിച്ചത്. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രമേയം അവതരിപ്പിച്ചു.

    ReplyDelete