Wednesday, May 30, 2012

സിപിഐ എം കോടതിയലക്ഷ്യ ഹര്‍ജി നല്‍കി


ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവിശദാംശങ്ങള്‍ എന്ന രൂപത്തില്‍ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി ഫയല്‍ ചെയ്തു.

കേസിന്റെ അന്തിമ റിപ്പോര്‍ട്ട് വരും വരെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പൊലീസോ മാധ്യമങ്ങളോ പുറത്തുവിടരുതെന്ന 2010ലെ ഹൈക്കോടതി വിധിയുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി വിന്‍സന്‍ എം പോള്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

മൊഴിയെടുത്തത് മര്‍ദിച്ചെന്ന് പ്രതികള്‍

വടകര: കസ്റ്റഡിയില്‍ പോലീസ് പീഡിപ്പിച്ചതായി ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ കോടതിയില്‍ അറിയിച്ചു. സിപിഐ എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രന്‍, ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരാണ് കോടതിയില്‍ പരാതി ബോധിപ്പിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച ഹാജരാക്കിയപ്പോഴാണ് ഇരുവരും പോലീസ് പീഡിപ്പിച്ചതായി മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്.

ശാരീരികമായും മാനസികമായും കടുത്ത പീഡനം ഉണ്ടായതായി ഇരുവരും പറഞ്ഞു. മര്‍ദ്ദനത്തിലൂടെയാണ് പല മൊഴികളും രേഖപ്പെടുത്തിയത്. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും കള്ളമൊഴി പറയിപ്പിക്കാന്‍ പ്രാകൃതമായ മുറയാണ് പ്രയോഗിക്കുന്നതെന്നും സിപിഐ എം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

deshabhimani news

No comments:

Post a Comment