Tuesday, May 29, 2012

അക്രമരാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ ആന്റണിയ്ക്ക് അവകാശമില്ല: കോടിയേരി


അക്രമരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ എ കെ ആന്റണിക്ക് അവകാശമില്ലെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. നെയ്യാറ്റിന്‍കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ പി ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെ സുധാകരനെ വഴിവിട്ട് സഹായിച്ച വ്യക്തിയാണ് ആന്റണി. ചീമേനിയില്‍ 5 സിപിഐ എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ആന്റണി കോണ്‍ഗ്രസ് നേതാവ്. മാറാട് കലാപം നടന്നതും ആന്റണിയുടെ കാലത്താണ്. സിപിഐ എം അക്രമരാഷ്ട്രീയം നടത്തുന്നെന്ന ആന്റണിയുടെ പരാമര്‍ശം ജനങ്ങള്‍ തള്ളിക്കളയും. സിപിഐ എമ്മിനെ ജനങ്ങള്‍ക്ക് നന്നായറിയാം. സ്വന്തം മണ്ഡലത്തില്‍ പ്രഖ്യാപിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പിലാക്കാന്‍ കഴിയാതെയാണ് ആന്റണി വികസനത്തെക്കുറിച്ച് പറയുന്നത്. ഒരു വര്‍ഷത്തെ യുഡിഎഫ് ഭരണത്തിനിടയില്‍ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല.

കാലുമാറ്റക്കാരന്‍ ശെല്‍വരാജിന് വോട്ടുപിടിച്ച ആന്റണിയുടെ ആദര്‍ശ മുഖംമൂടി അഴിഞ്ഞ് വീണിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ മനസാക്ഷി വോട്ട് ചെയ്താല്‍ മതിയെന്നതാണ് ആന്റണിയുടെ ശരീരഭാഷ. യുഡിഎഫിന്റെ ചട്ടലംഘനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. നെയ്യാറ്റിന്‍കരയില്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പൊലീസുകാര്‍ പങ്കെടുക്കുന്നുണ്ട്. ഇത് കടുത്ത അച്ചടക്കലംഘനമാണ്. റോഡ് ഷോ നടത്തി ആളുകളെ കൂട്ടേണ്ട ആവശ്യം എല്‍ഡിഎഫിനില്ല. പ്രസംഗിക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങളെ എത്തിക്കാന്‍ കഴിയുന്ന ജനപിന്തുണയുള്ള നേതാക്കളാണ് എല്‍ഡിഎഫിനുള്ളതെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന യുഡിഎഫിന്റെ ആരോപണം പരാജയഭീതിയില്‍ നിന്നും ഉണ്ടായതാണ്. രണ്ടാംസ്ഥാനത്തിന് വേണ്ടി യുഡിഎഫും ബിജെപിയും മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും കോടിയേരി പറഞ്ഞു.

deshabhimani 290512

1 comment:

  1. അക്രമരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ എ കെ ആന്റണിക്ക് അവകാശമില്ലെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. നെയ്യാറ്റിന്‍കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete