Sunday, May 27, 2012

ഡീസല്‍-പാചകവാതക വില അടുത്തയാഴ്ച കൂട്ടും


പെട്രോള്‍വില കുത്തനെ കൂട്ടിയതിനു പിന്നാലെ, ഡീസല്‍-പാചകവാതക വിലകള്‍കൂടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ജൂണ്‍ ആദ്യവാരം തന്നെ വിലവര്‍ധനയുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉണ്ടായിട്ടും ഒരു കാരണവശാലും വര്‍ധിപ്പിച്ച വില കുറയ്ക്കരുതെന്ന് ധനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു അഭിപ്രായപ്പെട്ടു. ഉടനെ ഡീസല്‍-പാചകവാതക വിലകള്‍കൂടി ഉയര്‍ത്തണമെന്നും ഇദ്ദേഹം നിര്‍ദേശിച്ചു. മെയ് അവസാനത്തോടെ പെട്രോള്‍വിലയില്‍ നേരിയ കുറവ് വരുത്താനും പിന്നീട് ഡീസല്‍-പാചകവാതക വിലകള്‍ കൂട്ടാനുമാണ് നീക്കം.

ഡീസലിന് ലിറ്ററിന് അഞ്ചുരൂപയും പാചകവാതകം ഒരു സിലിണ്ടറിന് 50 രൂപയും കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. പെട്രോളിയം വിലനിര്‍ണയത്തിനുള്ള പ്രത്യേക മന്ത്രിസഭാ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഈ മാസം മന്ത്രിസഭാസമിതി യോഗം ചേരേണ്ടതായിരുന്നെങ്കിലും പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു. എത്രയും വേഗം ഡീസല്‍-പാചകവാതക വിലകള്‍ ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷന്‍ സി രംഗരാജനും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. പെട്രോളിയം-ധന മന്ത്രാലയങ്ങളും ഈ നിലപാടിലാണ്. ഇപ്പോഴത്തെ കടുത്ത പ്രതിഷേധം കണക്കിലെടുത്ത് മാത്രമാണ് ഈ മാസം തന്നെ ഒരു വര്‍ധന കൂടി സര്‍ക്കാര്‍ ഒഴിവാക്കുന്നത്. വില എത്ര കൂടിയാലും സബ്സിഡി ചെലവ് വെട്ടിക്കുറയ്ക്കണമെന്ന നയപരമായ നിലപാടിലാണ് കേന്ദ്രം. പെട്രോളിനു സമാനമായി ഡീസല്‍-എല്‍പിജി വിലകള്‍കൂടി നിയന്ത്രണവിമുക്തമാക്കണന്നെ നിര്‍ദേശം രംഗരാജനും കൗശിക് ബസുവും മുന്നോട്ടുവയ്ക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. വിദേശനിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരുന്നതിന് ഡീസല്‍-എല്‍പിജി വിലകള്‍ പ്രായോഗികതലത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും രംഗരാജന്‍ അഭിപ്രായപ്പെട്ടു.

ആഗോളവിലയ്ക്ക് അനുസൃതമായി ഡീസല്‍-എല്‍പിജി- മണ്ണെണ്ണ വിലകള്‍കൂടി കൂട്ടണമെന്ന് കൗശിക് ബസു പറഞ്ഞു. ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ അഭിപ്രായ പ്രകടനം. ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയുന്ന നടപടിയെ ജനക്ഷേമകരമായി കാണണം. സര്‍ക്കാര്‍ വലിയ സബ്സിഡി നല്‍കിയാണ് വിലകള്‍ കുറഞ്ഞ നിരക്കില്‍ നിര്‍ത്തുന്നത്- ബസു പറഞ്ഞു. അതേസമയം മെയ് 30-31 ദിവസങ്ങളില്‍ പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ്യൂണിയനുകള്‍ തീരുമാനിച്ചു. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങി രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകള്‍ ഡല്‍ഹിയില്‍ സംയുക്ത യോഗം ചേര്‍ന്നാണ് രാജ്യവ്യാപക പ്രതിഷേധത്തിന് തീരുമാനമെടുത്തത്.
(എം പ്രശാന്ത്)

deshabhimani news

1 comment:

  1. പെട്രോള്‍വില കുത്തനെ കൂട്ടിയതിനു പിന്നാലെ, ഡീസല്‍-പാചകവാതക വിലകള്‍കൂടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ജൂണ്‍ ആദ്യവാരം തന്നെ വിലവര്‍ധനയുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉണ്ടായിട്ടും ഒരു കാരണവശാലും വര്‍ധിപ്പിച്ച വില കുറയ്ക്കരുതെന്ന് ധനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു അഭിപ്രായപ്പെട്ടു. ഉടനെ ഡീസല്‍-പാചകവാതക വിലകള്‍കൂടി ഉയര്‍ത്തണമെന്നും ഇദ്ദേഹം നിര്‍ദേശിച്ചു. മെയ് അവസാനത്തോടെ പെട്രോള്‍വിലയില്‍ നേരിയ കുറവ് വരുത്താനും പിന്നീട് ഡീസല്‍-പാചകവാതക വിലകള്‍ കൂട്ടാനുമാണ് നീക്കം.

    ReplyDelete