Sunday, May 27, 2012

പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി ദുര്‍വ്യാഖ്യാനം ചെയ്തു: എം എം മണി


സിപിഐ എമ്മിന് രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന രൂപത്തില്‍ ചില മാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു.

തൊടുപുഴയ്ക്കടുത്ത് മണക്കാട് സിപിഐ എം വിശദീകരണയോഗത്തിലെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി ചാനലുകള്‍ സിപിഐ എമ്മിനെ അക്രമകാരികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. മണക്കാട് പ്രദേശത്ത് ആര്‍എസ്എസ് കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഐ എമ്മിനെതിരെ നടത്തുന്ന കടന്നാക്രമണത്തില്‍ പ്രതിഷേധിക്കാനാണ് യോഗം സംഘടിപ്പിച്ചത്. സ്വാഭാവികമായും സിപിഐ എം അതിന്റെ പ്രവര്‍ത്തനകാലഘട്ടത്തില്‍ നേരിട്ട വെല്ലുവിളികള്‍ പരാമര്‍ശിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വവും സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസും മതമൗലികവാദികളും തീവ്രവാദികളും പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകാരെയാണ് കശാപ്പ് ചെയ്തത്. കടന്നാക്രമണങ്ങളെ ചിലയിടങ്ങളില്‍ പാര്‍ടി ചെറുത്തു. ചിലയിടത്ത് അതിന് കഴിഞ്ഞിട്ടില്ല. ഇടുക്കി ജില്ലയിലും ഇത്തരം കടന്നാക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ചെറുത്തുനില്‍പ്പുകളും ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് പല കേസുകളും ഉണ്ടായി. അവയില്‍ ചിലതിന്റെയെല്ലാം കോടതിനടപടി പൂര്‍ത്തിയായിട്ടുണ്ട്. അപ്പീലിലുള്ള കേസുകളുമുണ്ട്. ഇതിലൊന്നിലും താന്‍ പ്രതിയല്ല.

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ ഗുണഭോക്താക്കള്‍ ഉമ്മന്‍ചാണ്ടിയും യുഡിഎഫുമാണ്. ഈ വിഷയത്തില്‍ സിപിഐ എമ്മിനെ പ്രതിയാക്കി കള്ളക്കേസുകളുണ്ടാക്കുകയാണ്. സിപിഐ എമ്മില്‍നിന്ന് വിവിധകാലത്ത് പലരും പുറത്തുപോയിട്ടുണ്ട്. അവരെയെല്ലാം പിന്നാലെ നടന്ന് ഉപദ്രവിക്കുന്നത് പാര്‍ടി നിലപാടല്ല. അക്കാര്യം യോഗത്തില്‍ അടിവരയിട്ട് പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകത്തെ ശക്തിയായി അപലപിക്കുകയും ചെയ്തു.

പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ കേസെടുക്കാന്‍ എസ്പിയോട് ഡിജിപി ആവശ്യപ്പെട്ടെന്ന വാര്‍ത്തയില്‍ ഒട്ടും ഭയമില്ലെന്ന് മണി പറഞ്ഞു. അത്തരം ഉത്തരവുകള്‍ കാട്ടി വിരട്ടാനും നോക്കേണ്ട. കേസ് വരട്ടെ. അപ്പോള്‍ നോക്കാം. രാജ്യത്ത് നിയമവ്യവസ്ഥയുണ്ടല്ലോ. അതുവച്ച് കാര്യങ്ങളെ നേരിടും. ടി പി ചന്ദ്രശേഖരനെ കാണാന്‍ വിഎസ് പോയത് ശരിയായില്ല. ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റാണെന്ന് തനിക്ക് അഭിപ്രായമില്ല. 70 കൊല്ലമായി പ്രവര്‍ത്തിക്കുന്ന പാര്‍ടിവിട്ട് വിഎസ് പുറത്തുവരണമെന്നാണ്് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും പറയുന്നത്. ഇതിനോട് വി എസ് പ്രതികരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.


കുപ്രചാരണങ്ങളില്‍ കുടുങ്ങരുത്: സിപിഐ എം

ഇടുക്കി: തൊടുപുഴക്കടുത്ത് മണക്കാട് സിപിഐ എം നടത്തിയ വിശദീകരണ യോഗത്തില്‍ ജില്ലാ സെക്രട്ടറി എം എം മണി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് ചില ദൃശ്യമാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തികച്ചും തെറ്റിധാരണ ഉണ്ടാക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നും ബഹുജനങ്ങള്‍ ഇത്തരം കുപ്രചാരണത്തില്‍ കുടുങ്ങരുതെന്നും സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. മണക്കാട് പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ സിപിഐ എമ്മിനെതിരെ അപവാദ പ്രചാരണം നടത്തുകയാണ്.

ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ വധം നിര്‍ഭാഗ്യകരമാണെന്നും സിപിഐ എം അത്തരം സംഭവം നടത്തിയിട്ടില്ലെന്നും എന്നാല്‍ പാര്‍ടിയെ കേസില്‍കുടുക്കി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. പാര്‍ടിയില്‍നിന്ന് വിട്ടുപോയവരെയും രാഷ്ട്രീയ എതിരാളികളെയും കായികമായി ആക്രമിക്കുന്നത് സിപിഐ എമ്മിന്റെ നയമല്ലെന്ന് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. 1920ല്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപംകൊണ്ടതാണെന്നും 1947വരെ ബ്രിട്ടീഷ് സാമ്രാജ്യത്വം ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാരെ വേട്ടയാടുകയും കൊല്ലുകയും ചെയ്തു. 1947 മുതല്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റും കോണ്‍ഗ്രസുകാരും ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാരെ ഇന്ത്യയില്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ബംഗാളിലും ആന്ധ്രയിലും തിരുവിതാംകൂറിലും മലബാര്‍ മേഖലയിലും നിരവധി കമ്യൂണിസ്റ്റുകാരെ കൊലചെയ്യുകയും രക്തസാക്ഷികളാകുകയും ചെയ്തിട്ടുണ്ട്. 1972 മുതല്‍ 77വരെ ബംഗാളില്‍ കോണ്‍ഗ്രസും സിദ്ധാര്‍ഥ ശങ്കര്‍റേയുടെ സര്‍ക്കാരും 1500ല്‍പരം കമ്യൂണിസ്റ്റുകാരെ വകവരുത്തി അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ച അടിച്ചേല്‍പ്പിച്ചു. കേരളത്തില്‍ 1969 മുതല്‍ 79 വരെയുള്ള കാലയളവില്‍ 375 ഓളം സഖാക്കളെ മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണി സര്‍ക്കാരും കോണ്‍ഗ്രസും നിഷ്ഠൂരമായി കൊലചെയ്തു. അഴീക്കോടന്‍ രാഘവന്‍ അടക്കം ഈ പട്ടികയില്‍ വരും.

ഈ കൊലപാതകങ്ങള്‍ ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ മാത്രം അഞ്ഞൂറില്‍പരം സിപിഐ എം പ്രവര്‍ത്തകരെ നക്സലൈറ്റും മമതാ ബാനര്‍ജിയുടെ കോണ്‍ഗ്രസും ചേര്‍ന്ന് കൊലചെയ്തു. കേരളത്തില്‍ ഇത്തരം സംഭവപരമ്പരകളുടെ ഭാഗമായി ഇടുക്കിയില്‍ കെ എസ് കൃഷ്ണപിള്ള, ടി എ നസീര്‍, കെ എന്‍ തങ്കപ്പന്‍, എന്‍ കെ ജോയി, ഇരട്ടയാറ്റിലെ കെ കെ വിനോദ്, കുപ്പക്കയത്തെ സി കെ ചെല്ലപ്പന്‍, വണ്ടിപ്പെരിയാറിലെ അയ്യപ്പദാസ്, നെടുങ്കണ്ടത്തെ അനീഷ് രാജന്‍ എന്നിങ്ങനെ നിരവധിയാളുകളെകോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി. ഇതില്‍ കെ എന്‍ തങ്കപ്പനെ ആര്‍എസ്എസുകാരാണ് കൊലപ്പെടുത്തിയത്. ഈ സംഭവങ്ങള്‍ നടന്ന കാലഘട്ടത്തില്‍ പാര്‍ടി ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുകയും പീഡനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തിട്ടുണ്ട്.

1980-82 കാലത്ത് കെ കെ ജയചന്ദ്രന്‍ എംഎല്‍എയെയും ഒ ജി മദനനെയും കോണ്‍ഗ്രസ് ഗുണ്ടകള്‍ ഭീകരമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശാന്തന്‍പാറ മേഖലയില്‍ അന്നത്തെ കരുണാകര സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന വയലാര്‍ രവിയുടെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും ഒരു സബ് ഇന്‍സ്പെക്ടറുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ നൂറുകണക്കിന് ഗുണ്ടകളും സായുധ പൊലീസും ചേര്‍ന്ന് സിഐടിയുവില്‍നിന്നും സിപിഐ എമ്മില്‍നിന്നും തൊഴിലാളികളെ രാജിവയ്പ്പിച്ചു. സ്ത്രീ തൊഴിലാളികളെയടക്കം ആക്രമിച്ച് 200ല്‍പരം കള്ളക്കേസുകളില്‍ പാര്‍ടി പ്രവര്‍ത്തകരെയും നേതാക്കളെയും ഉള്‍പ്പെടുത്തി. ഇതിനെതിരെ അന്ന് ശക്തമായി പാര്‍ടിക്ക് ചെറുത്തുനില്‍ക്കേണ്ടിവന്നു. ഇതിന്റെ ഭാഗമായി ചിലര്‍ കൊല്ലപ്പെടാനും ഇടയായി. പീരുമേട്ടില്‍ അയ്യപ്പദാസിനെ വണ്ടിപ്പെരിയാര്‍ ടൗണിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ഈ ദാരുണ സംഭവത്തെ തുടര്‍ന്ന് ചില സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്.

എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ല. ഈ സംഭവങ്ങളൊക്കെയാണ് മണക്കാട് നടന്ന യോഗത്തില്‍ എം എം മണി വിശദീകരിച്ചത്. പത്രക്കാര്‍ ആരുംതന്നെ ഈ യോഗത്തില്‍ എത്തിയിരുന്നില്ല. ഒരു പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരാണ് എത്തിയത്. അവര്‍ വാര്‍ത്ത എങ്ങനെയാണ് നല്‍കിയതെന്ന് അറിയില്ല. തികച്ചും തെറ്റിധാരണ പരത്തുന്ന നിലയിലാണ് പ്രചാരണം നടത്തുന്നത്. ഈ സംഭവങ്ങള്‍ ഓരോന്നിന്റെയും പേരില്‍ നിയമപരമായ നടപടികളും കേസുകളും ഉണ്ടായിട്ടുള്ളതുമാണ്. ഏതെങ്കിലും കേസില്‍ എം എം മണി പ്രതിയായിട്ടുമില്ല. പാര്‍ടിയുടെ കഴിഞ്ഞകാല ചരിത്രം വിശദീകരിക്കുകമാത്രമാണ് ചെയ്തത്. നിരവധി പാര്‍ടി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടും അവിടെയൊരു ചെറുത്തുനില്‍പ്പ് നടത്താന്‍പോലും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. തന്റെ പ്രസംഗത്തിലെ ഏതെങ്കിലും ഒരു ഭാഗം തെറ്റിധരിക്കുന്നതിന് ഇടയായിട്ടുണ്ടെങ്കില്‍ ഖേദമുണ്ട്. ബഹുജനങ്ങള്‍ ഇത്തരം കുപ്രചാരണത്തില്‍ കുടുങ്ങരുതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി അഭ്യര്‍ഥിച്ചു.

പാര്‍ടി വിടുന്നവരെ കൊല്ലുന്നത് സിപിഐ എമ്മിന്റെ നയമല്ല: എം എം മണി

മൂലമറ്റം: പാര്‍ടി വിട്ടുപോകുന്നവരെ കൊല്ലുന്നത് സിപിഐ എമ്മിന്റെ നയമല്ലെന്നും ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്നും ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു. സിപിഐ എം ഇളംദേശം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സിപിഐ എമ്മിനെ പിന്നില്‍നിന്ന് കുത്തിയ ടി പി ചന്ദ്രശേഖരനെ ഉത്തമ കമ്യൂണിസ്റ്റായി കാണാന്‍ കഴിയില്ല. പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമം നടന്നപ്പോഴാണ് ചന്ദ്രശേഖരന്‍ യുഡിഎഫിന് പ്രിയങ്കരനായിത്തീര്‍ന്നത്. മണക്കാട്ടെ തന്റെ പ്രസംഗം തെറ്റിധാരണ പരത്തുന്ന രീതിയില്‍ പ്രചരിപ്പിച്ച് തളര്‍ത്താന്‍ ശ്രമിച്ചാല്‍ നടപ്പില്ല. തന്റെ പ്രസംഗം ആര്‍ക്കെങ്കിലും തെറ്റിധാരണയുണ്ടാക്കിയാല്‍ ഖേദം പ്രകടിപ്പിക്കുന്നതായും എം എം മണി പറഞ്ഞു. 

പാര്‍ടി പ്രവര്‍ത്തനത്തിനിടയില്‍ അമ്പതിലധികം കള്ളക്കേസുകള്‍ തനിക്കെതിരെ എടുത്തിട്ടുണ്ടെന്നും അടിമാലി സ്റ്റേഷനില്‍ പിടിച്ചുകെട്ടിയിട്ട് 14 ദിവസം പൊലീസ് മര്‍ദിച്ചപ്പോഴും പ്രസ്ഥാനത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജില്ലയില്‍ നിരവധി സിപിഐ എം പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നെടുങ്കണ്ടത്ത് കൊലചെയ്യപ്പെട്ട എസ്എഫ്ഐ നേതാവ് അനീഷിന്റെ കൊലയാളികളെ സംരക്ഷിക്കുകയാണ് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും. അദേഹം പറഞ്ഞു. യോഗത്തില്‍ ഏരിയ കമ്മിറ്റിയംഗം കെ എസ് ജോണ്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എല്‍ ജോസഫ്, ഇ കെ കബീര്‍, എസ് ആര്‍ രാജശേഖരന്‍, കെ യു നാരായണന്‍, ഷീബ രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു.


deshabhimani 270512

No comments:

Post a Comment