Thursday, May 31, 2012

സര്‍ക്കാര്‍ മലക്കംമറിഞ്ഞു; ഇറ്റാലിയന്‍ സൈനികര്‍ക്ക് ജാമ്യം


കടല്‍ക്കൊല കേസില്‍ റിമാന്‍ഡിലുള്ള രണ്ട് ഇറ്റാലിയന്‍ സൈനികര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തതെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ബുധനാഴ്ച കോടതിയില്‍ മലക്കം മറിഞ്ഞതോടെയാണ് സൈനികരായ മാസിമില്യാനോ ലാത്തോര്‍, സാല്‍വത്തോര്‍ ജിറോന്‍ എന്നിവര്‍ക്ക് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ ജാമ്യം അനുവദിച്ചത്. കൊലക്കുറ്റത്തിനൊപ്പം ചുമത്തിയ സുവ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കുമെന്നും ഇതിനായി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വിചാരണ നേരത്തെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അന്താരാഷ്ട്ര കപ്പലോട്ട നിയമമായ "സുവ" നടപ്പാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നും അതിനാല്‍ ഇത് ഒഴിവാക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. സുവ നിയമം ഒഴിവാക്കുമെന്ന സര്‍ക്കാര്‍ നിലപാട് മൂലമാണ് സൈനികര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിച്ചത്. സുവ നിയമപ്രകാരം പ്രതികള്‍ക്കു ലഭിക്കുന്ന കുറഞ്ഞ ശിക്ഷ വധശിക്ഷയാണെന്നും ഈ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം ആര്‍ രാജേന്ദ്രന്‍നായര്‍ പറഞ്ഞു. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും ഉപാധികളോടെ ജാമ്യത്തില്‍ വിടാവുന്നതാണെന്നും കോടതി വ്യക്തമാക്കി. വിചാരണയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കോടതി അനുമതി കൂടാതെ രാജ്യംവിടില്ലെന്നും പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും പ്രതികള്‍ കോടതിയില്‍ ഉറപ്പുനല്‍കി.

ജാമ്യം അനുവദിക്കുന്നതോടൊപ്പം കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തണമെന്നും പ്രതികള്‍ ഇന്ത്യയില്‍ കഴിയുന്നതിന് നിയമാനുസൃത യാത്രാരേഖകള്‍ ഉറപ്പുവരുത്താന്‍ നിര്‍ദേശിക്കണമെന്നും ജാമ്യക്കാര്‍ ഇന്ത്യക്കാരായിരിക്കണമെന്ന നിബന്ധന വേണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിചാരണയ്ക്ക് പ്രതികളുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വിചാരണ നേരത്തെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നും സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടു. ഒരുകോടി രൂപവീതമുള്ള ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ഇന്ത്യക്കാരുടെ ജാമ്യത്തിലും വിട്ടയക്കാനാണ് കോടതിനിര്‍ദേശം. പാസ്പോര്‍ട്ടുകള്‍ കൊല്ലം മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കണമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ ദിവസവും രാവിലെ 10നും 11നും ഇടയ്ക്ക് കമീഷണര്‍ മുമ്പാകെ ഹാജരാവണം. കോടതിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ജാമ്യക്കാര്‍ കേരളം വിടരുതെന്നും നിര്‍ദേശമുണ്ട്.

deshabhimani 310512

1 comment:

  1. കടല്‍ക്കൊല കേസില്‍ റിമാന്‍ഡിലുള്ള രണ്ട് ഇറ്റാലിയന്‍ സൈനികര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തതെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ബുധനാഴ്ച കോടതിയില്‍ മലക്കം മറിഞ്ഞതോടെയാണ് സൈനികരായ മാസിമില്യാനോ ലാത്തോര്‍, സാല്‍വത്തോര്‍ ജിറോന്‍ എന്നിവര്‍ക്ക് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ ജാമ്യം അനുവദിച്ചത്. കൊലക്കുറ്റത്തിനൊപ്പം ചുമത്തിയ സുവ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കുമെന്നും ഇതിനായി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വിചാരണ നേരത്തെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

    ReplyDelete