Monday, May 28, 2012

കലിക്കറ്റില്‍ ലീഗ് ട്രസ്റ്റിന് അനധികൃതമായി കോളേജും


മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിന് കലിക്കറ്റ് സര്‍വകലാശാല അനധികൃതമായി കോളേജ് അനുവദിച്ചു. ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രവാസി ലീഗ് സംസ്ഥാന കണ്‍വീനറുമായ സി പി എ ബാവഹാജി ചെയര്‍മാനായ അല്‍ഹിന്ദ് എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനാണ് എന്‍ജിനിയറിങ് കോളേജ് ആരംഭിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയത്. മഞ്ചേരിക്കടുത്ത് ചെറുകുളത്ത് ഏറനാട് നോളജ് സിറ്റി ടെക്നിക്കല്‍ ക്യാമ്പസിനാണ് അനുമതി. സര്‍വകലാശാല നിശ്ചയിച്ച തീയതി കഴിഞ്ഞശേഷം ലഭിച്ച അപേക്ഷ പരിഗണിച്ചാണ് യുഡിഎഫിന്റെ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് കോളേജ് അനുവദിച്ചത്. നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് അനുവദിച്ച 39 സ്വാശ്രയ സ്ഥാപനങ്ങളില്‍ 28ഉം ലീഗ് നിയന്ത്രണത്തിലുള്ളവയാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതില്‍ ഒന്നാണ് അല്‍ഹിന്ദ് എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്.
ഓരോവര്‍ഷവും നിശ്ചിത തീയതിക്കുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ചാണ് സര്‍വകലാശാല പുതിയ കോളേജുകളും കോഴ്സുകളും അനുവദിക്കുക. കലിക്കറ്റില്‍ 2012-13 വര്‍ഷത്തക്കേുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അവസാന തീയതി 2011 ഒക്ടോബര്‍ 31 ആയിരുന്നു. പിഴയോടുകൂടി ഡിസംബര്‍ 31ഉം. അല്‍ഹിന്ദ് എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് 21.01.2012നാണ് അപേക്ഷാഫീസായ 500 രൂപ സര്‍വകലാശാലയില്‍ അടച്ചത്. ജനുവരി 28ന് അഫിലിയേഷന്‍ ഫീസായി 30,000 രൂപയും അടച്ചു. എന്നാല്‍, സര്‍വകലാശാലയില്‍ ട്രസ്റ്റ് നല്‍കിയ അപേക്ഷയില്‍ 10.12.2011 എന്ന മുന്‍കൂര്‍ തീയതിയാണ് രേഖപ്പെടുത്തിയത്. 2012 ജനുവരിയില്‍ വാങ്ങിയ അപേക്ഷ 2011 ഡിസംബര്‍ 10ന് സമര്‍പ്പിക്കുന്നതായി കാണിച്ച് സര്‍വകലാശാലയെ കബളിപ്പിക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ഏറനാട് നോളേജ് സിറ്റി ടെക്നിക്കല്‍ ക്യാമ്പസിന് സിന്‍ഡിക്കേറ്റ് അനുമതിനല്‍കിയത്.

തീയതി കഴിഞ്ഞതിനാല്‍ ട്രസ്റ്റിന്റെ അപേക്ഷ സ്വീകരിക്കാന്‍സര്‍വകലാശാലയിലെ ബന്ധപ്പെട്ട സെക്ഷന്‍ ജീവനക്കാര്‍ തയ്യാറായിരുന്നില്ല. നിശ്ചിത തീയതി കഴിഞ്ഞാണ് ട്രസ്റ്റ് അപേക്ഷ സമര്‍പ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്ന പരിശോധക കമീഷനെ രേഖാമൂലം അറിയിച്ചിരുന്നു. ഇത് അവഗണിച്ചാണ് അഞ്ചംഗ സിന്‍ഡിക്കേറ്റംഗങ്ങള്‍ അടങ്ങുന്ന ഇന്‍സ്പെക്ഷന്‍ കമീഷന്‍ ട്രസ്റ്റിന്റെ അപേക്ഷയ്ക്ക് അംഗീകാരം നല്‍കിയത്.

മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ടി വി ഇബ്രാഹിം കണ്‍വീനറായ കമീഷനില്‍ ഡോ. സൈനുല്‍ ആബിദ് കോട്ട, കെ ശിവരാമന്‍, ടി പി അഹമ്മദ്, പ്രൊഫ. അബഹ്രാം പി മാത്യു എന്നിവരാണ് മറ്റ് അംഗങ്ങള്‍. കമീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് മാര്‍ച്ച് 17ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് കോളേജിന് അംഗീകാരവുംനല്‍കി. എന്നാല്‍, കോളേജിന് അനുമതി ലഭിച്ചതില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്ന് സി പി എ ബാവഹാജി "ദേശാഭിമാനി"യോട് പറഞ്ഞു. ആവശ്യപ്പെട്ട കോഴ്സുകള്‍ പൂര്‍ണമായി അനുവദിക്കാത്തതിനാല്‍ ഈവര്‍ഷം കോളേജ് തുടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 280512

1 comment:

  1. മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിന് കലിക്കറ്റ് സര്‍വകലാശാല അനധികൃതമായി കോളേജ് അനുവദിച്ചു. ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രവാസി ലീഗ് സംസ്ഥാന കണ്‍വീനറുമായ സി പി എ ബാവഹാജി ചെയര്‍മാനായ അല്‍ഹിന്ദ് എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനാണ് എന്‍ജിനിയറിങ് കോളേജ് ആരംഭിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയത്. മഞ്ചേരിക്കടുത്ത് ചെറുകുളത്ത് ഏറനാട് നോളജ് സിറ്റി ടെക്നിക്കല്‍ ക്യാമ്പസിനാണ് അനുമതി. സര്‍വകലാശാല നിശ്ചയിച്ച തീയതി കഴിഞ്ഞശേഷം ലഭിച്ച അപേക്ഷ പരിഗണിച്ചാണ് യുഡിഎഫിന്റെ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് കോളേജ് അനുവദിച്ചത്. നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് അനുവദിച്ച 39 സ്വാശ്രയ സ്ഥാപനങ്ങളില്‍ 28ഉം ലീഗ് നിയന്ത്രണത്തിലുള്ളവയാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതില്‍ ഒന്നാണ് അല്‍ഹിന്ദ് എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്.

    ReplyDelete