Saturday, May 26, 2012

നേതാവിനെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ മൗനം പാലിച്ചതെന്തിന്?


 ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ വടകരയില്‍ ഉപവാസമിരുന്ന സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാറിന് പ്രവര്‍ത്തകരുടെ തുറന്ന കത്ത്. സ്വന്തം പാര്‍ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും പാര്‍ലമെന്ററി ബോര്‍ഡംഗവുമായ അഡ്വ. എം കെ പ്രേംനാഥിന്റെ ഓഫീസിന് ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചപ്പോള്‍ നേതാവ് മൗനം പാലിച്ചത് ആര്‍ക്ക്വേണ്ടി. ജില്ലാ കൗണ്‍സില്‍ അംഗം കെ എന്‍ കെ ചന്ദ്രന്റെ നേതൃത്വത്തിലാണ് ഉപവാസമിരുന്ന വീരന് തുറന്ന കത്ത് നല്‍കിയത്. ബോംബേറില്‍ പ്രേംനാഥ് കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ സ്വന്തം പാര്‍ടിയിലുള്ളവര്‍ക്കെതിരെ തന്നെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഉപവാസം സമരം നടത്തേണ്ടിവരില്ലെയെന്ന് കത്തില്‍ ചോദിക്കുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആര്‍എംപിക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി ഏറാമല ഏഴാംവാര്‍ഡില്‍ ഇറക്കുമതി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനെ ചോദ്യം ചെയ്ത പാര്‍ടി ജില്ലാ കമ്മിറ്റി അംഗവും ടീച്ചേഴ്സ് സെന്റര്‍ ജില്ലാ പ്രസിഡന്റുമായ ടി എന്‍ കെ ശശീന്ദ്രനെ ക്രൂരമായി മര്‍ദിച്ച് പല്ല് കൊഴിച്ച സംഭവവുമുണ്ടായി. പാര്‍ടി നേതാവും അധ്യാപകനുമായ കെ പി കുഞ്ഞിക്കണ്ണന്റെ കാര്‍ തകര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏറാമല സഹകരണ ബാങ്ക് ഭരണ സമിതി അംഗമായ ചെക്രൂന്റവിട കൃഷ്ണനെ ബാങ്ക് മീറ്റിങ്ങിന് പോകുമ്പോള്‍ തടഞ്ഞ്വെച്ച് മര്‍ദിച്ചു. ഏറാമലയിലെ യുവജനതാ പ്രവര്‍ത്തകനായ പ്രവീണ്‍കുമാറിനെ അക്രമിച്ചു. വി കെ കെ നമ്പ്യാര്‍ സ്മാരകം തകര്‍ത്തു. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെതിരെയാണ് കത്തിലെ പ്രധാന ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എം കെ പ്രേംനാഥിനെ പരാജയപ്പെടുത്തിയത് ചന്ദ്രന്‍ വിഭാഗമാണെന്നും ആരോപിക്കുന്നു. പ്രേംനാഥിന്റെ പരാജയം അന്വേഷിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടും ടി എന്‍ കെ ശശീന്ദ്രനെ അക്രമിച്ച സംഭവത്തിലുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്തിറക്കനുള്ള ധാര്‍മികതയെങ്കിലും പ്രകടിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. പാര്‍ടിയെ യുഡിഎഫിന്റെ തൊഴുത്തില്‍ കെട്ടിയ വീരനെതിരെയുള്ള പാര്‍ടിയിലെ അമര്‍ഷമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി പ്രകടിപ്പിച്ചത്.

deshabhimani 260512

1 comment:

  1. ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ വടകരയില്‍ ഉപവാസമിരുന്ന സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാറിന് പ്രവര്‍ത്തകരുടെ തുറന്ന കത്ത്. സ്വന്തം പാര്‍ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും പാര്‍ലമെന്ററി ബോര്‍ഡംഗവുമായ അഡ്വ. എം കെ പ്രേംനാഥിന്റെ ഓഫീസിന് ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചപ്പോള്‍ നേതാവ് മൗനം പാലിച്ചത് ആര്‍ക്ക്വേണ്ടി.

    ReplyDelete