Tuesday, May 29, 2012

സിപിഐ എമ്മിന്റെ ജീവനെടുക്കാന്‍ അനുവദിക്കില്ല: കൃഷ്ണദാസ്


ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിന്റെ ജീവനെടുക്കാന്‍ സമ്മതിക്കില്ലെന്ന് ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. നിഷ്ഠൂര സംഭവം മറയാക്കി പാവപ്പെട്ടവരുടെ മഹാപ്രസ്ഥാനത്തിന്റെ ജീവനെടുക്കാന്‍ വരുന്ന കൈകള്‍ ഇവിടുത്തെ ജനലക്ഷങ്ങള്‍ തകര്‍ക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനം വഴിയില്‍ കെട്ടിയ ചെണ്ടയല്ല. ഞങ്ങളുടെ നെഞ്ചിലും ചങ്കിലും ചോരയും ജീവനും തുടിക്കുന്ന കാലത്തോളം പാര്‍ടിയെ തകര്‍ക്കാന്‍ സമ്മതിക്കില്ല. ഇടതുപക്ഷത്തെ തകര്‍ത്ത് പകരം ആരെയാണ് പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതെന്ന് എല്ലാ റവലൂഷണറിക്കാര്‍ ചിന്തിക്കണം. ഇടതുപക്ഷ വേട്ടക്കെതിരെ വടകര കോട്ടപ്പറമ്പില്‍ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച യുവശക്തി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ചിത്രങ്ങളും പുസ്തകങ്ങളും പൊട്ടക്കിണറ്റിലിട്ടവരാണോ വിപ്ലവകാരികള്‍. ലോക്കപ്പില്‍ നെഞ്ചിലെ ചോരയാല്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ധീരരക്തസാക്ഷി മണ്ടോടികണ്ണന്റെ സ്മാരകം തകര്‍ത്തവരില്‍ എന്ത് റവലൂഷനാണുള്ളത്. എ കെ ജിയുടെയും കേളുഏട്ടന്റെയും പേരിലുള്ള ഓഫീസ് കത്തിച്ചവര്‍ കമ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞാല്‍ ആരും അംഗീകരിക്കില്ല. മണ്ടോടി കണ്ണനടക്കമുള്ള വരെ കൊന്ന് ഒഞ്ചിയത്തിന്റെ മണ്ണില്‍ കമ്യൂണിസ്റ്റ്വേട്ട നടത്തിയവരുടെ പിന്മുറക്കാരനായ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം കൂട്ടുചേര്‍ന്നവരുടെ വിപ്ലവവും രാഷ്ട്രീയവും ജനം തിരിച്ചറിഞ്ഞതാണ്. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചാണ് താന്‍ യോഗത്തിനെത്തിയതെന്ന് കൃഷ്ണദാസ് പറഞ്ഞു. ചന്ദ്രശേഖരനെ അടുത്തറിയാവുന്ന സഹപ്രവര്‍ത്തകരായ ഞങ്ങള്‍ക്കില്ലാത്ത വേദനയും ദുഃഖവും ചെന്നിത്തലയും മുല്ലപ്പള്ളിയും പ്രകടിപ്പിക്കുന്നത് വിശ്വസിക്കാനാവുന്നില്ല. മൊയാരത്ത് ശങ്കരനെയും അഴീക്കോടന്‍ രാഘവനെയുമെല്ലാം കൊന്നവര്‍ സിപിഐ എമ്മിനെ ഇപ്പോള്‍ വേട്ടയാടുന്നു.

കമ്യൂണിസ്റ്റുകാരെ മാതൃഭൂമിയും മനോരമയും അക്രമകാരികളെന്ന് വിളിക്കുന്നത് ഇന്നുമാത്രമല്ല. ഒഞ്ചിയത്തെ കമ്യൂണിസ്റ്റുകാര്‍ നടത്തിയ മുന്നേറ്റവും എംഎസ്പി ഭീകരതയും 1948 മെയ് ഒന്നിന് കമ്യൂണിസ്റ്റ്അക്രമമെന്ന് എഴുതിയ പത്രമാണ് മാതൃഭൂമി. അവരാണിന്ന് ഒഞ്ചിയത്തിന്റെ വിപ്ലവപാരമ്പര്യവും മഹിമയും പാടിനടക്കുന്നതെന്നത് ചരിത്രത്തെ കൊഞ്ഞനം കുത്തലാണ്. സിപിഐ എമ്മിലുള്ളപ്പോള്‍ എം വി രാഘവന്‍ മാധ്യമങ്ങള്‍ക്കും മറ്റും മാടായിമാടനായിരുന്നു. പിന്നെ പുലിക്കുട്ടിയായി. രാഘവന്‍ പോയിട്ട് ഈ പ്രസ്ഥാന് ഒരു പോറലും പറ്റിയില്ല. മോന്തായമുള്ളപ്പോഴാണ് പല്ലിക്കും ഓന്തിനും തോന്നുക താനാണ് മോന്തായം താങ്ങി നിര്‍ത്തുന്നതെന്ന്. പാര്‍ടിയും പ്രസ്ഥാനവുമില്ലെങ്കില്‍ ഈ നാടുതന്നെ ഇതേ നിലയിലുണ്ടാകില്ല. നിരവധി സാമൂഹ്യപരിഷ്കാരങ്ങളിലൂടെ ആധുനിക കേരളത്തെ സൃഷ്ടിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേട്ടയാടുന്ന മാധ്യമങ്ങളുടെ കൂലിയെഴുത്തില്‍ ഒലിച്ചുപോകുന്നതല്ല ഈ പ്രസ്ഥാനം-കൃഷ്ണദാസ് പറഞ്ഞു.

deshabhimani 290512

1 comment:

  1. കമ്യൂണിസ്റ്റുകാരെ മാതൃഭൂമിയും മനോരമയും അക്രമകാരികളെന്ന് വിളിക്കുന്നത് ഇന്നുമാത്രമല്ല. ഒഞ്ചിയത്തെ കമ്യൂണിസ്റ്റുകാര്‍ നടത്തിയ മുന്നേറ്റവും എംഎസ്പി ഭീകരതയും 1948 മെയ് ഒന്നിന് കമ്യൂണിസ്റ്റ്അക്രമമെന്ന് എഴുതിയ പത്രമാണ് മാതൃഭൂമി. അവരാണിന്ന് ഒഞ്ചിയത്തിന്റെ വിപ്ലവപാരമ്പര്യവും മഹിമയും പാടിനടക്കുന്നതെന്നത് ചരിത്രത്തെ കൊഞ്ഞനം കുത്തലാണ്. സിപിഐ എമ്മിലുള്ളപ്പോള്‍ എം വി രാഘവന്‍ മാധ്യമങ്ങള്‍ക്കും മറ്റും മാടായിമാടനായിരുന്നു. പിന്നെ പുലിക്കുട്ടിയായി.

    ReplyDelete