Wednesday, May 30, 2012

ശവക്കല്ലറയ്ക്ക് വെള്ളതേയ്ക്കുന്നവര്‍


ദേശാഭിമാനിര്‍ഭരമായ മനസ്സും ചിന്തയുംകൊണ്ട് ചരിത്രമെഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മണ്ണാണ് നെയ്യാറ്റിന്‍കര. ഈ മണ്ഡലത്തിലെ അതിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ മേല്‍ക്കൂര ദ്രവിച്ച് നാല് ചുമരുകളുമിടിഞ്ഞ് കാടുകയറിയ ഒരു വീടുണ്ട്. പേര് "കൂടില്ലാവീട്". സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പിറന്ന വീട്. ഇവിടേക്ക് പോകാനോ ഇത് സംരക്ഷിക്കാന്‍ സര്‍ക്കാരിനെക്കൊണ്ട് നടപടിയെടുപ്പിക്കാനോ മനസ്സുവരാത്ത കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല കൊണ്ടുപിടിച്ച് പാഞ്ഞെത്തിയത് പുന്നപ്ര- വയലാര്‍ പ്രക്ഷോഭത്തില്‍ സമരക്കാരെ വെടിവച്ചുവീഴ്ത്തുന്നതിന് നേതൃത്വം നല്‍കുന്നതിനിടെ സംഘട്ടനത്തില്‍ മരിച്ച പൊലീസുകാരന്‍ വേലായുധന്‍നാടാരുടെ വീട്ടില്‍. മണ്ഡലത്തിലെ തിരുപുറം സ്വദേശിയായ വേലായുധന്‍നാടാര്‍ 25-ാം വയസ്സില്‍ പൊലീസില്‍ ചേരുകയും 36-ാം വയസ്സില്‍ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാരും ദിവാനും നിയോഗിച്ചതുപ്രകാരം സമരക്കാരുടെ വാരിക്കുന്തത്തിന് ഇരയായതാണ്. ഇദ്ദേഹത്തിന്റെ സഹോദരങ്ങളുടെ മക്കള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ (മുടന്താന്നിവീട്) എത്തി ചെന്നിത്തല വേലായുധന്‍നാടാരുടെ ഛായാചിത്രത്തിനുമുന്നില്‍ കൈകൂപ്പിനിന്ന് ആദരാഞ്ജലി അര്‍പ്പിച്ചു. ദുഃഖഭാരത്താല്‍ രണ്ടുതുള്ളി കണ്ണുനീര്‍ വീഴ്ത്തിയെന്നുമാണ് പത്രവാര്‍ത്ത. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ കരകയറ്റാന്‍ എന്തെല്ലാം നാടകങ്ങളാണ്. പക്ഷേ, ഈ നാടകത്തില്‍ വിസ്മരിക്കപ്പെടുന്നത് ചരിത്രം.

കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യസമരമായി അംഗീകരിച്ച ജനങ്ങളുടെ പ്രക്ഷോഭമാണ് പുന്നപ്ര-വയലാര്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയാലും സ്വതന്ത്രരാജ്യമായി നില്‍ക്കാന്‍ ഉത്സാഹിച്ച ദിവാന്‍ഭരണം അറബിക്കടലിലാകണമെന്നും ജന്മിത്വം തകരണമെന്നും ഉറക്കെ വിളിച്ചാണ് പുന്നപ്ര-വയലാറില്‍ നൂറുകണക്കിന് നിസ്വരായ ജനങ്ങള്‍ രക്തസാക്ഷികളായത്. ഈ സമരത്തെ സര്‍ സി പിയുടെ ചോറ്റപുട്ടാളത്തിന് ഒറ്റുകൊടുക്കുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ സി കേശവനെപ്പോലെ ചുരുക്കം ചില കോണ്‍ഗ്രസുകാര്‍ നിലപാടെടുത്തിരുന്നു. വേലായുധന്‍നാടാര്‍ മരിച്ചുവീണ സ്ഥലത്ത് അന്നുതന്നെ 28 പേരെ പൊലീസ് വെടിവച്ച് കൊന്നിരുന്നു. പൊലീസ്ഭാഗത്ത് മരിച്ചത് സബ് ഇന്‍സ്പെക്ടര്‍ അടക്കം നാലുപേര്‍മാത്രം. ഇതേത്തുടര്‍ന്ന് നൂറുകണക്കിന് ധീരന്മാരായ ദേശാഭിമാനികളെയാണ് പട്ടാളം കൊന്നുതള്ളിയത്. എന്നും ധീരദേശാഭിമാനികളെ അഭിമാനപുളകിതരാക്കിയ സമരേതിഹാസത്തെയാണ് ചെന്നിത്തലയും കൂട്ടരും അപഹസിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് വേലായുധന്‍നാടാരുടെ സ്മരണ നിലനിര്‍ത്താന്‍ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞത്.
വേലായുധന്‍നാടാരെ ഇരയാക്കിമാറ്റിയ ബ്രിട്ടീഷ് ഭരണകൂടത്തോടും രാജഭരണത്തോടും വിദ്വേഷം കാട്ടുന്നതിനുപകരം നാടിന്റെ മോചനത്തിന് പോരാടിയ രക്തസാക്ഷികളെ നാല് വോട്ടിന് കരിതേയ്ക്കുകയാണ് കോണ്‍ഗ്രസ്. എല്ലാ മരണങ്ങളെയും രക്തസാക്ഷിത്വങ്ങളായി കൊണ്ടാടുന്നതിനെതിരെ സി ജെ തോമസ് "ശവത്തിന്റെ വില"എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയിട്ടുണ്ട്. ചെന്നിത്തലയെ മാത്രമല്ല, നെയ്യാറ്റിന്‍കരയില്‍ പര്യടനം നടത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും ഓര്‍മപ്പെടുത്തുന്നു ഈ ലേഖനം. ഒരു പേരിന്റെ പിന്നിലെ സമുദായനാമത്തെപ്പോലും വോട്ടിനായി ദുരുപയോഗപ്പെടുത്തുന്ന നീചരാഷ്ട്രീയത്തിലാണ് കോണ്‍ഗ്രസുകാര്‍. അതുകൊണ്ടാണ് മലയാളത്തിന്റെ നടന്‍ സത്യന്‍ മരിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍, നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനുമധ്യേ മന്ത്രിസഭായോഗം ചേര്‍ന്ന് പ്രതിമയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.

ഒഞ്ചിയം ആവര്‍ത്തിക്കാതിരിക്കാന്‍ യുഡിഎഫിനെ ജയിപ്പിക്കൂ എന്നാണ് ആന്റണി ചൊവ്വാഴ്ച നെയ്യാറ്റിന്‍കരക്കാരോട് ഉപദേശിച്ചത്. ഒഞ്ചിയം ചരിത്രത്തില്‍ സ്ഥാനംനേടിയത് 2012 മെയ് നാലിന്റെ രാത്രിയിലെ ക്രൂരമായ കൊലപാതകത്താലല്ല. ഭക്ഷ്യക്ഷാമത്തിനെതിരെയും കൃഷിഭൂമിക്കുവേണ്ടിയും സമരംചെയ്ത ജനങ്ങളെ വെടിവച്ച് വീഴ്ത്തിയ 1948ലെ കോണ്‍ഗ്രസ് ഭരണത്തിലെ ക്രൂരതയുടെയും അതിനെതിരെ മുട്ടുമടക്കാത്ത ധീരതയുടെയും പേരിലാണ്. മണ്ടോടി കണ്ണനെയും സഖാക്കളെയും കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് അന്ന് മദിരാശി മന്ത്രി മലബാറുകാരനായ കോണ്‍ഗ്രസ് നേതാവ് കോഴിപ്പുറത്ത് മാധവമേനോന്‍. കമ്യൂണിസ്റ്റ് പാര്‍ടിയുടെ കല്‍ക്കത്ത തീസിസിന്റെ കാലത്ത് ഒഞ്ചിയത്ത് പാര്‍ടി യോഗം ചേരുന്നുവെന്ന ഒറ്റുവിവരമറിഞ്ഞായിരുന്നു എംഎസ്പിക്കാരുടെ വേട്ട. കോഴിപ്പുറത്ത് മാധവമേനോന്റെയും ഒറ്റുകാരുടെയും ഉത്തമപ്രതിനിധികളാണ് ആന്റണിമുതല്‍ ചെന്നിത്തലവരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍. 1948ലെ ഒഞ്ചിയം സംഭവത്തിലൂടെ ചുവപ്പിച്ച ചെങ്കൊടിയെ തോല്‍പ്പിക്കാനാണ് ഈ കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്വാനംചെയ്യുന്നത്. അതിന് മെയ് നാലിന്റെ ഒരു കൊപാതകത്തെ മറയാക്കുന്നു. ഇതിനുപിന്നിലെ രാഷ്ട്രീയവഞ്ചനയും കൗശലവും തിരിച്ചറിയാനുള്ള പ്രാപ്തി ജനങ്ങള്‍ക്കുണ്ടെന്ന് നെയ്യാറ്റിന്‍കര തെളിയിക്കും.
(ആര്‍ എസ് ബാബു)

deshabhimani 300512

1 comment:

  1. ദേശാഭിമാനിര്‍ഭരമായ മനസ്സും ചിന്തയുംകൊണ്ട് ചരിത്രമെഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മണ്ണാണ് നെയ്യാറ്റിന്‍കര. ഈ മണ്ഡലത്തിലെ അതിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ മേല്‍ക്കൂര ദ്രവിച്ച് നാല് ചുമരുകളുമിടിഞ്ഞ് കാടുകയറിയ ഒരു വീടുണ്ട്. പേര് "കൂടില്ലാവീട്". സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പിറന്ന വീട്. ഇവിടേക്ക് പോകാനോ ഇത് സംരക്ഷിക്കാന്‍ സര്‍ക്കാരിനെക്കൊണ്ട് നടപടിയെടുപ്പിക്കാനോ മനസ്സുവരാത്ത കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല കൊണ്ടുപിടിച്ച് പാഞ്ഞെത്തിയത് പുന്നപ്ര- വയലാര്‍ പ്രക്ഷോഭത്തില്‍ സമരക്കാരെ വെടിവച്ചുവീഴ്ത്തുന്നതിന് നേതൃത്വം നല്‍കുന്നതിനിടെ സംഘട്ടനത്തില്‍ മരിച്ച പൊലീസുകാരന്‍ വേലായുധന്‍നാടാരുടെ വീട്ടില്‍. മണ്ഡലത്തിലെ തിരുപുറം സ്വദേശിയായ വേലായുധന്‍നാടാര്‍ 25-ാം വയസ്സില്‍ പൊലീസില്‍ ചേരുകയും 36-ാം വയസ്സില്‍ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാരും ദിവാനും നിയോഗിച്ചതുപ്രകാരം സമരക്കാരുടെ വാരിക്കുന്തത്തിന് ഇരയായതാണ്. ഇദ്ദേഹത്തിന്റെ സഹോദരങ്ങളുടെ മക്കള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ (മുടന്താന്നിവീട്) എത്തി ചെന്നിത്തല വേലായുധന്‍നാടാരുടെ ഛായാചിത്രത്തിനുമുന്നില്‍ കൈകൂപ്പിനിന്ന് ആദരാഞ്ജലി അര്‍പ്പിച്ചു. ദുഃഖഭാരത്താല്‍ രണ്ടുതുള്ളി കണ്ണുനീര്‍ വീഴ്ത്തിയെന്നുമാണ് പത്രവാര്‍ത്ത. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ കരകയറ്റാന്‍ എന്തെല്ലാം നാടകങ്ങളാണ്. പക്ഷേ, ഈ നാടകത്തില്‍ വിസ്മരിക്കപ്പെടുന്നത് ചരിത്രം.

    ReplyDelete