Tuesday, July 17, 2012

എയര്‍പോര്‍ട്ട് മെട്രോ നിര്‍ത്തി; പാളംതെറ്റിച്ചത് റിലയന്‍സ്


ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിയതിനുപിന്നില്‍ റിലയന്‍സ്. എന്നാല്‍, ഒന്നരവര്‍ഷംകൊണ്ട് ഓട്ടം നിര്‍ത്തിയതിന്റെ ഉത്തരവാദിത്തം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ ചുമത്താനാണ് നടത്തിപ്പുകാരായ റിലയന്‍സിന്റെ നീക്കം. സാമ്പത്തികഞെരുക്കത്തിലായിരുന്ന എയര്‍പോര്‍ട്ട് മെട്രോ നിര്‍ത്താന്‍ മാസങ്ങളായി കാരണം തേടിയ റിലയന്‍സ് മേല്‍പ്പാലത്തില്‍ കേടുപാടുണ്ടെന്ന് ന്യായം പറഞ്ഞാണ് ഓട്ടം നിര്‍ത്തിയത്. എന്നാല്‍, ഓട്ടം നിര്‍ത്താതെതന്നെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാമായിരുന്നുവെന്ന് ഡല്‍ഹി മെട്രോ വ്യക്തമാക്കിയതോടെയാണ് റിലയന്‍സിന്റെ തട്ടിപ്പ് വെളിപ്പെട്ടത്.

മേല്‍പ്പാലത്തെയും തൂണുകളെയും ബന്ധിപ്പിക്കുന്ന ബെയറിങ്ങിന് കുഴപ്പമുണ്ടെന്നാണ് കണ്ടെത്തിയത്. 23 കിലോമീറ്റര്‍ നീളമുള്ള പാലത്തില്‍ 2100 ബെയറിങ്ങുണ്ട്. ഇതില്‍ 250നും കേടുവന്നത് ഡിഎംആര്‍സിയുടെ വീഴ്ചയാണെന്ന് റിലയന്‍സ് ആരോപിച്ചു. യഥാസമയം പരിശോധിക്കുന്നതില്‍ റിലയന്‍സ് വീഴ്ചവരുത്തിയതാണ് പ്രശ്നകാരണമെന്ന് ഡിഎംആര്‍സി വ്യക്തമാക്കി. തര്‍ക്കം രൂക്ഷമായപ്പോള്‍ വിശദപഠനത്തിന് റിലയന്‍സിന്റെയും ഡല്‍ഹി മെട്രോയുടെയും റെയില്‍വേയുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിക്ക് നഗരവികസനമന്ത്രാലയം രൂപംനല്‍കി. ഈ സമിതി തിങ്കളാഴ്ച മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. വീഴ്ച ആരുടെ ഭാഗത്താണെന്ന് കണ്ടെത്തുന്നതിന് രണ്ടംഗസമിതിക്ക് രൂപംനല്‍കിയതായി നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ അറിയിച്ചു. ഇതോടെ അടുത്തെങ്ങും എയര്‍പോര്‍ട്ട് മെട്രോ തുറക്കില്ലെന്ന് വ്യക്തമായി. പൊതു- സ്വകാര്യപങ്കാളിത്ത പദ്ധതികള്‍ക്ക് സംഭവിക്കുന്ന സ്വാഭാവികദുരന്തമാണ് ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോയ്ക്ക് സംഭവിച്ചത്. ഇതേമാതൃകയിലുള്ള ഹൈദരാബാദ് മെട്രോയും അനിശ്ചിതത്വത്തിലാണ്. കൊച്ചി മെട്രോയും പിപിപി മാതൃകയില്‍ തുടങ്ങണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരും ആസൂത്രണ കമീഷനും വാശിപിടിച്ചിരുന്നത്. പിപിപിക്ക് അനുകൂലമല്ലെന്ന ഒറ്റക്കാരണത്താല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി ആരംഭിച്ചതുമില്ല. അതല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ കൊച്ചി മെട്രോ യാഥാര്‍ഥ്യമാകുമായിരുന്നു. നിര്‍മാണച്ചെലവില്‍ കോടികള്‍ ലാഭിക്കാനും കഴിഞ്ഞേനെ.

deshabhimani 170712

1 comment:

  1. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിയതിനുപിന്നില്‍ റിലയന്‍സ്. എന്നാല്‍, ഒന്നരവര്‍ഷംകൊണ്ട് ഓട്ടം നിര്‍ത്തിയതിന്റെ ഉത്തരവാദിത്തം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ ചുമത്താനാണ് നടത്തിപ്പുകാരായ റിലയന്‍സിന്റെ നീക്കം. സാമ്പത്തികഞെരുക്കത്തിലായിരുന്ന എയര്‍പോര്‍ട്ട് മെട്രോ നിര്‍ത്താന്‍ മാസങ്ങളായി കാരണം തേടിയ റിലയന്‍സ് മേല്‍പ്പാലത്തില്‍ കേടുപാടുണ്ടെന്ന് ന്യായം പറഞ്ഞാണ് ഓട്ടം നിര്‍ത്തിയത്. എന്നാല്‍, ഓട്ടം നിര്‍ത്താതെതന്നെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാമായിരുന്നുവെന്ന് ഡല്‍ഹി മെട്രോ വ്യക്തമാക്കിയതോടെയാണ് റിലയന്‍സിന്റെ തട്ടിപ്പ് വെളിപ്പെട്ടത്.

    ReplyDelete