Friday, September 14, 2012

കെഎസ്ആര്‍ടിസിക്ക് ദിവസം 20 ലക്ഷം അധികബാധ്യത


ഡീസല്‍ വില കുത്തനെ കൂട്ടിയത് കെഎസ്ആര്‍ടിസിക്കു കനത്ത തിരിച്ചടിയായി. ദിവസം 20 ലക്ഷത്തിലേറെ രൂപയുടെ അധികബാധ്യതയാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുക. മാസം 58 കോടിരൂപയുടെ നഷ്ടത്തിലാണ് കോര്‍പറേഷന്‍ ഓടുന്നത്. ഡീസല്‍ വിലയില്‍ വന്നുചേര്‍ന്ന ആറരക്കോടിയുടെ അധികബാധ്യത കൂടിയാകുമ്പോള്‍ കോര്‍പറേഷന്റെ പ്രതിമാസനഷ്ടം 65 കോടിയിലെത്തും. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍പോലും സ്വകാര്യ സര്‍വീസ് പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നയം. പിന്നെയുള്ളത് ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കുകയോ ടിക്കറ്റ് നിരക്കു വര്‍ധിപ്പിക്കുകയോ മാത്രമാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധനമൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്കുമേല്‍ നിരക്കുവര്‍ധന അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത ബഹുജനപ്രക്ഷോഭം ക്ഷണിച്ചുവരുത്തുകയാകും ഫലം.

ദിനംപ്രതി 5200 ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ഒരുദിവസം ശരാശരി 3.75 ലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്കു വേണ്ടത്. ഉദ്യോഗസ്ഥരും വിവിധ സ്ക്വാഡുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൂടിയാകുമ്പോള്‍ ഉപഭോഗം നാലുലക്ഷത്തോളം ലിറ്ററാകും. ഈയിനത്തിലാണ് 20 ലക്ഷംരൂപയുടെ അധികബാധ്യത ദിനംപ്രതി വന്നുചേരുന്നത്. പ്രതിമാസനഷ്ടം 65 കോടിയിലേക്ക് എത്തുമ്പോഴും കോര്‍പറേഷനെ സഹായിക്കുന്നതിനോ നഷ്ടം കുറയ്ക്കുന്നതിനോ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. നാലുമാസംമുമ്പ് ഒപ്പുവച്ച ശമ്പളപരിഷ്കരണ കരാര്‍ ഇനിയും നടപ്പാക്കിയിട്ടില്ല. ഇതിനിടയിലാണ് ഡീസല്‍ വിലവര്‍ധന കോര്‍പറേഷനെ നട്ടംതിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസനഷ്ടം 40 കോടിയായി കുറച്ചുകൊണ്ടുവന്നിരുന്നു. പുതിയ ബസുകള്‍ ഇറക്കിയും അറ്റകുറ്റപ്പണി യഥാസമയം നടത്തിയും കോര്‍പറേഷനു സര്‍ക്കാരിന്റെ കൂടുതല്‍ സാമ്പത്തികസഹായം നല്‍കിയുമാണ് നഷ്ടം അന്നു കുറയ്ക്കാനായത്. ദീര്‍ഘദൂര സര്‍വീസുകള്‍ക്കും ചെയിന്‍ സര്‍വീസുകള്‍ക്കും പുതിയ ബസുകളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉപയോഗിച്ചത്. അതിന്റെ ഫലമായി ഒരു ലിറ്റര്‍ ഡീസലിനു ശരാശരി 4.8-5 കിലോമീറ്റര്‍ ബസുകള്‍ ഓടിക്കാനായി
(എം സുരേന്ദ്രന്‍)

deshabhimani 150912

1 comment:

  1. ഡീസല്‍ വില കുത്തനെ കൂട്ടിയത് കെഎസ്ആര്‍ടിസിക്കു കനത്ത തിരിച്ചടിയായി. ദിവസം 20 ലക്ഷത്തിലേറെ രൂപയുടെ അധികബാധ്യതയാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുക.

    ReplyDelete