Saturday, September 15, 2012

കേരളത്തില്‍ അരിവില കുതിക്കുന്നു


കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ആന്ധ്രയിലെ മില്ലുടമകള്‍ അരി കയറ്റുമതിക്ക് നീക്കം തുടങ്ങിയതോടെ കേരളത്തില്‍ അരിവില ഗണ്യമായി ഉയര്‍ന്നു. ഒരുദിവസംകൊണ്ട് മുഴുവന്‍ അരി ഇനങ്ങളുടെയും മൊത്തവില കിലോയ്ക്ക് ഒന്നരമുതല്‍ രണ്ടു രൂപവരെ കൂടി. ഓണത്തിനുശേഷം ചില ഇനങ്ങള്‍ക്ക് ഘട്ടംഘട്ടമായി അഞ്ചുരൂപയോളം കൂടി. കയറ്റുമതിക്കാര്‍ തരുന്ന വില നല്‍കിയാലെ അരി നല്‍കാനാവൂവെന്നാണ് മില്ലുടമകള്‍ കേരളത്തിലെ വ്യാപാരികള്‍ക്കു നല്‍കുന്ന നിര്‍ദേശം. കേരളത്തിലേക്കുള്ള വരവും ഗണ്യമായി കുറഞ്ഞു. കേരളത്തിന് നെല്‍കൃഷി വേണ്ടെന്ന് കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ പറഞ്ഞതിനു പിന്നാലെയാണ് അരിവില കുതിക്കുന്നത്.

30 ലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്യുന്നതിനുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ മില്ലുടമകള്‍ക്കും മറ്റും നല്‍കിയത്. ഇത് ആഭ്യന്തരവിപണിയില്‍ വിലക്കയറ്റം സൃഷ്ടിക്കില്ലെന്നാണ് കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ വി തോമസ് ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചത്. ഇതിനു വിരുദ്ധമായി ജനം ആശങ്കപ്പെട്ടതുപോലെ വില ഗണ്യമായി ഉയരുകയാണ്. ജയ അരിയുടെ മൊത്തവില ഒറ്റദിവസംകൊണ്ട് കിലോയ്ക്ക് 24 രൂപയില്‍നിന്ന് 26 രൂപയായി. സുരേഖയാകട്ടെ 23.50 രൂപയില്‍ നിന്ന് 25.50 രൂപയായി. ഓണത്തിന് മുമ്പ് 25 രൂപയോളമായിരുന്ന കുറുവ അരിക്ക് ഇപ്പോള്‍ 29.50-30 രൂപയായി. കുറുവ അരിയുടെ ലഭ്യതയും കുറഞ്ഞു. 20 രൂപയോളം വിലയുണ്ടായിരുന്ന പച്ചരിക്കുപോലും 24 രൂപയായി. ചില്ലറവില ഇതില്‍നിന്ന് മൂന്നുമുതല്‍ അഞ്ചുരൂപവരെ കൂടും. ഡീസല്‍വില വര്‍ധിപ്പിച്ചതിന്റെ പ്രത്യാഘാതം വരുന്നതോടെ വില ഇനിയും ഉയരും.

ആന്ധ്രയില്‍ ചെറുകിട മില്ലുടമകള്‍പോലും ഇപ്പോള്‍ കയറ്റുമതിക്കാണ് ഒരുങ്ങുന്നതെന്ന് എറണാകുളം മാര്‍ക്കറ്റിലെ അരിവ്യപാരിയും കേരള മര്‍ച്ചന്റ്സ് യൂണിയന്‍ പ്രസിഡന്റുമായ കെ വെങ്കിടേശ്പൈ പറഞ്ഞു. ഓണത്തിനുശേഷം ലഭിച്ച കയറ്റുമതി ഓര്‍ഡര്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് മില്ലുടമകള്‍. ഇതുമൂലം കേരളത്തിലെ വ്യാപാരികളെ ഇവര്‍ തഴയുകയാണ്. വടക്കന്‍ ജില്ലകള്‍ക്ക് പ്രിയപ്പെട്ട കുറുവ അരിക്ക് ദിവസങ്ങള്‍ക്കകം ക്വിന്റലിന് 400 രൂപയോളമാണ് കൂടിയതെന്ന് കോഴിക്കോട് വലിയങ്ങാടിയിലെ അരി മൊത്തവ്യാപാരി ശ്യാം സുന്ദര്‍ പറഞ്ഞു. ബ്രാന്‍ഡഡ് കുറുവ അരിക്ക് 33 രൂപവരെയാണ് ഇപ്പോഴത്തെ മൊത്തവില. ഫെബ്രുവരിവരെ അരിവില ഉയര്‍ന്നുനില്‍ക്കാനുള്ള സാഹചര്യമാണുള്ളതെന്ന് വിപണിവൃത്തങ്ങള്‍ കരുതുന്നു. കയറ്റുമതി നിയന്ത്രിക്കാനോ അനുമതി പിന്‍വലിക്കാനോ സര്‍ക്കാര്‍ തയ്യാറാകുക മാത്രമേ പോംവഴിയുള്ളൂവെന്നും ഇവര്‍ വ്യക്തമാക്കുന്നു.
(ഷഫീഖ് അമരാവതി)

deshabhimani 150912

1 comment:

  1. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ആന്ധ്രയിലെ മില്ലുടമകള്‍ അരി കയറ്റുമതിക്ക് നീക്കം തുടങ്ങിയതോടെ കേരളത്തില്‍ അരിവില ഗണ്യമായി ഉയര്‍ന്നു. ഒരുദിവസംകൊണ്ട് മുഴുവന്‍ അരി ഇനങ്ങളുടെയും മൊത്തവില കിലോയ്ക്ക് ഒന്നരമുതല്‍ രണ്ടു രൂപവരെ കൂടി. ഓണത്തിനുശേഷം ചില ഇനങ്ങള്‍ക്ക് ഘട്ടംഘട്ടമായി അഞ്ചുരൂപയോളം കൂടി. കയറ്റുമതിക്കാര്‍ തരുന്ന വില നല്‍കിയാലെ അരി നല്‍കാനാവൂവെന്നാണ് മില്ലുടമകള്‍ കേരളത്തിലെ വ്യാപാരികള്‍ക്കു നല്‍കുന്ന നിര്‍ദേശം. കേരളത്തിലേക്കുള്ള വരവും ഗണ്യമായി കുറഞ്ഞു. കേരളത്തിന് നെല്‍കൃഷി വേണ്ടെന്ന് കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ പറഞ്ഞതിനു പിന്നാലെയാണ് അരിവില കുതിക്കുന്നത്

    ReplyDelete