Saturday, September 15, 2012

തലശേരിയിലെ അക്രമത്തിന് നേതൃത്വം നല്‍കിയത് സിഐയും എസ്ഐയും


സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ ജയിലിലടച്ചതിനെതിരായ പ്രതിഷേധത്തെ തലശേരിയില്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ നേതൃത്വം നല്‍കിയത് സിഐ എം പി വിനോദും എസ്ഐ ബിജുജോണ്‍ ലൂക്കോസും. ഡിവൈഎസ്പി എ പി ഷൗക്കത്തലിയുടെ അനുഗ്രഹാശിസുകളോടെയാണ് ഇരുവരും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിച്ചത്. ഇതേ ഓഫീസര്‍മാരുടെ ഗൂഢാലോചനയിലാണ് ദേശാഭിമാനി ലേഖകന്‍ പി ദിനേശനെയും കേസില്‍ പ്രതിയാക്കിയത്. കൊല്ലത്ത് കോണ്‍ഗ്രസുകാരനെ ലോക്കപ്പില്‍ ഭേദ്യംചെയ്തതിന് ശിക്ഷാസ്ഥലംമാറ്റം വാങ്ങിയ ആളാണ് എസ്ഐ. ജനങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും യുദ്ധംപ്രഖ്യാപിച്ച് എങ്ങനെയും തിരിച്ചുപോകാനാവുമോ എന്നാണ് ഇയാളുടെ നോട്ടം. സിപിഐ എം വിരുദ്ധത തലയ്ക്കുപിടിച്ച സിഐയാകട്ടെ രാഷ്ട്രീയ യജമാനന്മാരുടെ കൈയടി നേടാനുള്ള ശ്രമത്തിലുമാണ്.

ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് സമാധാനപരമായി പിരിഞ്ഞുപോകുമ്പോള്‍ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ആഗസ്ത് ഒന്നിന് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്കുനേരെ ഗ്രനേഡ് എറിഞ്ഞതും ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയതും ഇതേ ഉദ്യോഗസ്ഥരായിരുന്നു. തെരുവുഗുണ്ടകളെപ്പോലും നാണിപ്പിക്കുംവിധമുള്ള പരാക്രമമാണ് പൊലീസ് നടത്തിയത്. സമരത്തില്‍ പങ്കെടുത്തവരെ പിടിക്കാനെന്നപേരില്‍ നടത്തിയ നരനായാട്ടില്‍ വ്യാപക അതിക്രമമുണ്ടായി. അറസ്റ്റ്ചെയ്യുന്നവരെ മൂന്നാംമുറക്കിരയാക്കിയത് സിഐയും എസ്ഐയും നേരിട്ടായിരുന്നു. പിണറായി സ്വദേശി വത്സന്റെ കൈ അടിച്ചൊടിച്ചതുള്‍പ്പെടെയുള്ള ഹീനകൃത്യങ്ങള്‍ തലശേരി സ്റ്റേഷനില്‍ അരങ്ങേറി. പൊലീസിന്റെ നിയമവിരുദ്ധമായ ഓരോ നടപടിയും തുറന്നുകാട്ടി വാര്‍ത്ത നല്‍കിയതാണ് ദേശാഭിമാനിയോടുള്ള വിരോധത്തിന് കാരണമായത്.

പൊലീസ് നരനായാട്ട് വാര്‍ത്തയായതോടെയാണ് സിഐയുടെ പ്രത്യേക താല്‍പര്യപ്രകാരം ഉന്നതതലത്തില്‍ ആലോചിച്ച് ജാമ്യമില്ലാ വകുപ്പുചേര്‍ത്ത് ദേശാഭിമാനി ലേഖകന്‍ പി ദിനേശനെതിരെ കേസെടുത്തത്. വടിയും കല്ലും ഉപയോഗിച്ച് പൊലീസിനെ കല്ലെറിഞ്ഞെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമുള്ള കള്ളക്കഥയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സമരം നടന്ന ദിവസം മറ്റു പത്ര-ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ദേശാഭിമാനി ലേഖകന്‍ സമരകേന്ദ്രത്തില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയത്. സ്വാഭാവികമായും പൊലീസിന് ലഭിച്ച ദൃശ്യത്തില്‍ മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ദേശാഭിമാനി ലേഖകനും ഉള്‍പ്പെട്ടിട്ടുണ്ടാകാം.

deshabhimani 150912

1 comment:

  1. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ ജയിലിലടച്ചതിനെതിരായ പ്രതിഷേധത്തെ തലശേരിയില്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ നേതൃത്വം നല്‍കിയത് സിഐ എം പി വിനോദും എസ്ഐ ബിജുജോണ്‍ ലൂക്കോസും. ഡിവൈഎസ്പി എ പി ഷൗക്കത്തലിയുടെ അനുഗ്രഹാശിസുകളോടെയാണ് ഇരുവരും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിച്ചത്. ഇതേ ഓഫീസര്‍മാരുടെ ഗൂഢാലോചനയിലാണ് ദേശാഭിമാനി ലേഖകന്‍ പി ദിനേശനെയും കേസില്‍ പ്രതിയാക്കിയത്. കൊല്ലത്ത് കോണ്‍ഗ്രസുകാരനെ ലോക്കപ്പില്‍ ഭേദ്യംചെയ്തതിന് ശിക്ഷാസ്ഥലംമാറ്റം വാങ്ങിയ ആളാണ് എസ്ഐ. ജനങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും യുദ്ധംപ്രഖ്യാപിച്ച് എങ്ങനെയും തിരിച്ചുപോകാനാവുമോ എന്നാണ് ഇയാളുടെ നോട്ടം. സിപിഐ എം വിരുദ്ധത തലയ്ക്കുപിടിച്ച സിഐയാകട്ടെ രാഷ്ട്രീയ യജമാനന്മാരുടെ കൈയടി നേടാനുള്ള ശ്രമത്തിലുമാണ്.

    ReplyDelete