Wednesday, September 19, 2012

കൂടംകുളത്തിന്റെ മറവില്‍ കമ്യൂണിസ്റ്റ്വിരുദ്ധ പ്രചാരണം


കളിയിക്കാവിളയില്‍ അവസാനിപ്പിച്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ കൂടംകുളം യാത്രയുടെ പേരില്‍ ആണവനിലയം വിഷയത്തിലെ സിപിഐ എം നിലപാടിനെ കരിതേയ്ക്കാന്‍ മാധ്യമങ്ങള്‍ സംഘടിതയജ്ഞത്തില്‍. തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തെപ്പറ്റി കോഴിക്കോട്ട് നടന്ന പാര്‍ടി കോണ്‍ഗ്രസും തുടര്‍ന്ന് കേന്ദ്രനേതൃത്വവും തമിഴ്നാട് ഘടകവും സുവ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അത് മറച്ചുവച്ച് ആണവകാര്യത്തില്‍ സിപിഐ എമ്മിന് ജനപക്ഷനയമില്ലെന്ന് സ്ഥാപിക്കാനുള്ള, തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളും വിശകലനങ്ങളുമാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

നിലയത്തിനെതിരെ കൂടംകുളത്ത് നടക്കുന്ന സമരത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെയും പൊലീസിന്റെയും തെറ്റായ നടപടിയില്‍ സിപിഐ എമ്മിന് ശക്തമായ പ്രതിഷേധമുണ്ട്. ഇതിന്റെ ഭാഗമായാണ് തമിഴ്നാട്ടിലെ സിപിഐ എം നേതാക്കള്‍ ഇടന്തിക്കര സന്ദര്‍ശിച്ചത്. നിലയത്തെപ്പറ്റിയുള്ള ജനങ്ങളുടെ ആശങ്കയകറ്റാന്‍ നടപടി വേണമെന്ന് പാര്‍ടി ആവശ്യപ്പെടുന്നു. എന്നാല്‍, നിലയം അടച്ചുപൂട്ടാന്‍ ഉദയകുമാറിന്റെയും മറ്റും നേതൃത്വത്തില്‍ നടക്കുന്ന സമരത്തോട് ഒത്തുചേരാനോ അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ പാര്‍ടി തയ്യാറല്ല. കൂടംകുളം ആണവനിലയം 2008ലെ ഇന്ത്യ-അമേരിക്കന്‍ ആണവകരാറിന്റെ ഉല്‍പ്പന്നമല്ല. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, അന്നത്തെ സോവിയറ്റ്യൂണിയനുമായി ഉണ്ടാക്കിയ കരാറിന്റെ തുടര്‍നടപടിയാണ്. സോവിയറ്റ്യൂണിയന്‍ ഇല്ലാതായതിനെ തുടര്‍ന്ന് റഷ്യന്‍ സര്‍ക്കാരുമായി ഇന്ത്യാസര്‍ക്കാര്‍ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അതായത്, ഇന്ത്യ-അമേരിക്ക ആണവകരാറിന് എത്രയോ മുമ്പ് റഷ്യയില്‍നിന്ന് വാങ്ങിയ രണ്ട് റിയാക്ടറുകളാണ് 15,000 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും പണം ചെലവാക്കി സ്ഥാപിച്ചിരിക്കുന്ന നിലയങ്ങള്‍ സുരക്ഷ ഉറപ്പുവരുത്തിയശേഷംമാത്രം പ്രവര്‍ത്തിപ്പിക്കുക എന്ന നിലപാടാണ് സിപിഐ എമ്മിന്റേത്. എന്നാല്‍, കൂടംകുളം ആണവപാര്‍ക്കാക്കുന്നതിനെ പാര്‍ടി എതിര്‍ക്കുന്നു. നിലയവിരുദ്ധസമരത്തെ ആദ്യം അനുകൂലിച്ച ജയലളിത സര്‍ക്കാര്‍ തന്നെ, ഒരു സ്വതന്ത്രകമീഷനെ നിയോഗിച്ച് അവരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സമരത്തോട് വിയോജിക്കുകയും നിലയം അടച്ചുപൂട്ടാന്‍ പാടില്ലെന്നുള്ള നിലപാടില്‍ എത്തുകയും ചെയ്തു.

ചെര്‍ണോബിലിന്റെയും ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍ ആണവനിലയത്തിന്റെ സുരക്ഷ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. സുരക്ഷ ഉറപ്പാക്കുക എന്ന കാര്യത്തില്‍ ഊന്നുന്നതിനുപകരം ആണവനിലയങ്ങളാകെ അടച്ചുപൂട്ടുക എന്ന മുദ്രാവാക്യം പ്രായോഗികമല്ല. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഇന്ത്യയില്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, യുപി, തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന നിലയങ്ങള്‍ പൂട്ടണം. എന്നാല്‍, താരാപുര്‍ നിലയം ഉള്‍പ്പെടെയുള്ളവയുടെ പരിശോധനയും സുരക്ഷയും ശക്തമാക്കണമെന്നതാണ് സിപിഐ എം നിലപാട്. ഇന്ത്യ-അമേരിക്ക ആണവകരാറിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത റിയാക്ടറുകള്‍ സ്ഥാപിച്ചുള്ള വന്‍ ആണവനിലയങ്ങള്‍ നിര്‍മിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ജെയ്താപുരില്‍ അടക്കം അത് ചെയ്യുകയാണ്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി രാജ്യവ്യാപക പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കുക സിപിഐ എം നയമാണ്. പക്ഷേ, അതിനെ കൂടംകുളം നിലയവിരുദ്ധ സമരവുമായി കൂട്ടിക്കെട്ടുന്നത് രാജ്യതാല്‍പ്പര്യത്തിന് നിരക്കുന്നതല്ല.
(ആര്‍ എസ് ബാബു)

deshabhimani 190912

1 comment:

  1. കളിയിക്കാവിളയില്‍ അവസാനിപ്പിച്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ കൂടംകുളം യാത്രയുടെ പേരില്‍ ആണവനിലയം വിഷയത്തിലെ സിപിഐ എം നിലപാടിനെ കരിതേയ്ക്കാന്‍ മാധ്യമങ്ങള്‍ സംഘടിതയജ്ഞത്തില്‍. തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തെപ്പറ്റി കോഴിക്കോട്ട് നടന്ന പാര്‍ടി കോണ്‍ഗ്രസും തുടര്‍ന്ന് കേന്ദ്രനേതൃത്വവും തമിഴ്നാട് ഘടകവും സുവ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അത് മറച്ചുവച്ച് ആണവകാര്യത്തില്‍ സിപിഐ എമ്മിന് ജനപക്ഷനയമില്ലെന്ന് സ്ഥാപിക്കാനുള്ള, തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളും വിശകലനങ്ങളുമാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

    ReplyDelete