Friday, January 18, 2013
ഡീസലിന് 11.53 രൂപ കൂട്ടി കെഎസ്ആര്‍ടിസി പൂട്ടും
സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന് മരണമണി മുഴക്കിക്കൊണ്ട് എണ്ണക്കമ്പനി കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന്റെ വില കുത്തനെ കൂട്ടി. ഡീസല്‍ വില നിശ്ചയിക്കുന്നതിനുള്ള അധികാരം വിട്ടുകിട്ടിയതിനുപിന്നാലെയാണ് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്(ഐഒസി) കെഎസ്ആര്‍ടിസിക്ക് നല്കുന്ന ഡീസലിന്റെ വില ലിറ്ററിന് 11.53 രൂപ കൂട്ടിയത്. വന്‍കിട ഉപയോക്താക്കളില്‍നിന്ന് വിപണി വില ഈടാക്കാനുള്ള തീരുമാനത്തിന്റെ പേരിലാണിത്. ഇതോടെ പ്രതിസന്ധിയില്‍ മുങ്ങിത്താഴുന്ന കെഎസ്ആര്‍ടിസി അടച്ചുപൂട്ടുമെന്ന് ഉറപ്പായി. സ്വകാര്യ മേഖലയിലെ ബസുകള്‍ക്ക് ലിറ്ററിന് 50 പൈസമാത്രം കൂടിയപ്പോഴാണ് കെഎസ്ആര്‍ടിസിക്ക് ഈ ഇരുട്ടടി.
വ്യാഴാഴ്ച രാത്രിമുതല്‍ പുതിയ വില നിലവില്‍വന്നതായി ഐഒസി ഔദ്യോഗികമായി കെഎസ്ആര്‍ടിസിയെ അറിയിച്ചു. ഇതോടെ പ്രതിമാസം ഏകദേശം 15 കോടി രൂപയുടെ അധികബാധ്യത കോര്‍പറേഷനുണ്ടാകും. കഴിഞ്ഞദിവസംവരെ ലിറ്ററിന് 48.67 രൂപയായിരുന്നു കെഎസ്ആര്‍ടിസി വാങ്ങുന്ന ഡീസലിന് ഐഒസി ഈടാക്കിയ വില. ഇത് 60.20 രൂപയായാണ് ഉയര്‍ത്തിയത്. കെഎസ്ആര്‍ടിസി പ്രതിദിനം 16 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തുന്നു. അതിന് നാലരലക്ഷം ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്. ലിറ്ററിന് 11.53 രൂപ കൂടുന്നതോടെ മാസം കുറഞ്ഞത് 15 കോടി രൂപ കോര്പറേഷന് അധികബാധ്യത വരും. ദിവസം 300-400 കിലോമീറ്റര്‍ ഓടുന്ന ഒരു ബസിന് ശരാശരി 100 ലിറ്റര്‍ ഡീസല്‍ വേണം. അതുപ്രകാരം ഒരു ബസിന് ദിവസം 4867 രൂപയായിരുന്നു ഡീസല്‍ ചെലവ്. വിലവര്‍ധനയോടെ 100 ലിറ്ററിന് 6020 രൂപയായി. ബസൊന്നിന് ഡീസല്ച്ചെലവിലുണ്ടായ വര്‍ധന ഏകദേശം 1150 രൂപ.
ബസ് ചാര്‍ജ് വര്‍ധനയ്ക്കു ശേഷം ഒരു ബസിന്റെ പ്രതിദിന കലക്ഷന്‍ ശരാശരി 8000 രൂപ മാത്രമാണ്. പ്രതിമാസം 70 കോടി രൂപ നഷ്ടത്തിലാണ് കോര്പറേഷന് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെ ശമ്പളപരിഷ്കരണം ഈ മാസംമുതല്‍ നടപ്പാക്കാന്‍ സര്‍ക്കാരും കോര്‍പറേഷനും ബാധ്യസ്ഥമാണ്. ഇതിന് 14 കോടി രൂപ അധികം വേണം. ഡീസലിന്റെ അമിത വിലവര്‍ധനയും കൂടിയാകുമ്പോള്‍ പ്രതിമാസനഷ്ടം 100 കോടി കവിയും. 37,000 വരുന്ന അവശ പെന്‍ഷന്‍കാരുടെ കഴിഞ്ഞ മാസത്തെ പെന്ഷന് ഇതുവരെ നല്‍കിയിട്ടില്ല.
ഡീസല്‍ വിലവര്‍ധന കെഎസ്ആര്‍ടിസിയുടെ നിലനില്പ്പിനുഭീഷണിയായതായി കോര്പറേഷന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ ജി മോഹന്‍ലാല്‍ "ദേശാഭിമാനി"യോട് പറഞ്ഞു. സര്‍ക്കാര്‍ കാര്യമായി സഹായിക്കാതെ പിടിച്ചുനില്‍ക്കാനാകില്ലെന്ന് എംഡി പറഞ്ഞു. കെടിഡിഎഫ്സിയില്‍നിന്നും സര്‍ക്കാരില്‍നിന്നുമായി 1200 കോടി രൂപയുടെ വായ്പയിലാണ് കോര്പറേഷന് പ്രവര്‍ത്തിക്കുന്നത്. കെടിഡിഎഫ്സിക്കുള്ള പലിശ പ്രതിമാസം 25 കോടി കവിയും. പലിശ അടയ്ക്കുമ്പോഴാണ് നിത്യനിദാനച്ചെലവിനുള്ള വായ്പ കെടിഡിഎഫ്സി നല്‍കുന്നത്.
സാമ്പത്തിക പരിമതിമൂലം പുതിയ ബസുകള്‍ വാങ്ങാനോ പുതിയ സര്‍വീസ് നടത്താനോ കോര്പറേഷന് കഴിയുന്നില്ല. വിലവര്‍ധന പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. നിലവിലുള്ള സാഹചര്യത്തില്‍ സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയെ സഹായിക്കാവുന്ന അവസ്ഥയിലല്ല സംസ്ഥാന സര്‍ക്കാരെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. പതിവുപോലെ കേന്ദ്രത്തിന് കത്തെഴുതുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
(ജി രാജേഷ്കുമാര്‍)
deshabhimani 190113
Labels:
പൊതുഗതാഗതം,
വാർത്ത,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
No comments:
Post a Comment