കൊച്ചി-മുസിരിസ് ബിനാലെയില്‍ പങ്കാളികളാകാന്‍ പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരമൊരുക്കുന്നു. ഇതിനായി മൂന്നു വ്യത്യസ്ത പദ്ധതികള്‍ ബിനാലെ ഫൗണ്ടേഷന്‍ ആവിഷ്കരിച്ചു. യഥാക്രമം ഒന്നര ലക്ഷം, 25,000, 2500 രൂപ എന്നിങ്ങനെയാണ് സ്പോണ്‍സര്‍ഷിപ്പിന് നല്‍കേണ്ടത്.
കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാവുന്ന സ്പോണ്‍സര്‍ എ ഡേ പദ്ധതിയാണ് ആദ്യത്തേത്. ഇതില്‍ പങ്കാളികളാകുന്നവരുടെ പേരുവിവരം പ്രധാന വേദിയില്‍ പ്രദര്‍ശിപ്പിക്കും. ബിനാലെയുടെ പുറത്തിറക്കുന്ന കാറ്റ്ലോഗ് ഉള്‍പ്പെടെയുള്ള അച്ചടിപ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈനിലും പേര് ഉള്‍പ്പെടുത്തും. ഫൗണ്ടിങ് ഡോണര്‍ മെമ്പര്‍ഷിപ്പ് കാര്‍ഡാണ് രണ്ടാമത്തെ പദ്ധതി. ഇതില്‍ ചേരുന്നവരുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ എട്ടുപേര്‍ക്ക് എത്രദിവസം വേണമെങ്കിലും സൗജന്യമായി ബിനാലെ വേദികള്‍ സന്ദര്‍ശിക്കാം. ബിനാലെയുടെ ന്യൂസ്ലെറ്ററും പ്രസിദ്ധീകരണങ്ങളും സൗജന്യമായി ലഭിക്കും. ഫോര്‍ട്ട്കൊച്ചിയിലെ ബിനാലെവേദിയില്‍ ഒരു സ്വകാര്യപരിപാടി നടത്താനും അവസരം നല്‍കും. ബിനാലെ ഷോപ്പുകളില്‍നിന്നു വാങ്ങുന്ന ലിമിറ്റഡ് എഡിഷന്‍ പെയിന്റിങ്ങുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 20 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. ഫ്രണ്ട് ഓഫ് കൊച്ചി-മുസിരിസ് ബിനാലെ കാര്‍ഡാണ് മൂന്നാമത്തെ പദ്ധതി. കാര്‍ഡുടമയുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ നാലുപേര്‍ക്ക് ഏതുസമയവും ബിനാലെ സന്ദര്‍ശിക്കാം. പരിപാടികള്‍ കാണുന്നതിന് മുന്‍ഗണന, ബിനാലെ ഷോപ്പുകളില്‍ 20 ശതമാനം ഡിസ്കൗണ്ട് എന്നിവയാണ് മറ്റു ആനുകൂല്യങ്ങള്‍.
ഇന്ത്യയില്‍ ഇതിനുമുമ്പു നടക്കാത്തതരത്തില്‍ വന്‍വിജയമായ ബിനാലെയില്‍ ഇത്തരത്തില്‍ പങ്കാളികളാകുന്നവര്‍ രാജ്യത്തെ കലാപ്രവര്‍ത്തനങ്ങളുടെ ഭാവിക്ക് സംഭാവന നല്‍കുന്നതോടൊപ്പം അതിന്റെ ഭാഗമായിമാറുകകൂടിയാണ് ചെയ്യുകയെന്ന് ബിനാലെ ക്യൂറേറ്ററും ഫൗണ്ടേഷന്‍ പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. ബിനാലെയുടെ നടത്തിപ്പില്‍ തങ്ങളെക്കൂടി പങ്കാളികളാക്കണമെന്ന ആവശ്യം പലഭഭാഗത്തുനിന്നും ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഫൗണ്ടേഷന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 180113
No comments:
Post a Comment