കല്‍പ്പറ്റ: കേന്ദ്ര, കേരള സര്‍കാറുകളും, എംപിമാരും ഗുരുതരമായ അലംഭാവം കാണിക്കുന്നതിനാലാണ് ദേശീയപാതയിലെ രാത്രി യാത്ര നിരോധനം പിന്‍വലിക്കാത്തതെന്ന് നീലഗിരി വയനാട് നാഷണല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട്-മൈസൂര്‍ ദേശീയ പാതയിലെ രാത്രിയാത്ര നിരോധനം നീക്കുന്നതിന് പകരം ബദല്‍ റോഡുകള്‍ എന്ന ആശയം മുന്നോട്ട് വെക്കുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നും ആക്ഷന്‍ കമ്മറ്റി കുറ്റപ്പെടുത്തി.
കുട്ട-ഗോണിക്കുപ്പ-മൈസൂര്‍ . ബദല്‍പാതയിലൂടെ 19 കിലോമീറ്റര്‍ ദൂരംവയനാട് വന്യജീവിസങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചാണ്.ദേശീയ പാത കടന്ന് പോകുന്ന ബന്ദിപ്പൂര്‍ വനമേഖലയിലേതിനേക്കാള്‍ വന്യമൃഗ സാന്ദ്രത ഈ ഇടതൂര്‍ന്ന വനത്തിലുണ്ട്.ദേശീയ പാതയിലെ ഗാതാഗതം നിരോധിച്ചതിനാല്‍ രാത്രിസമയത്ത് 1500 ഓളം വാഹനങ്ങളാണ് ഈ വഴി കടന്ന് പോകുന്നത്.ഈ ഭാഗത്ത് താങ്ങാവുന്നതിലധികം ഗതാഗതം മൂലമാണ് തിരുനെല്ലി മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമായത്. കുട്ട-ഗോണിക്കുപ്പ റോഡിലും നിരവധി മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലും സംസ്ഥാന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ നിര്‍ദേശത്തെ അനുകൂലിക്കുകയാണ്. കുട്ട, ഗോണിക്കുപ്പ കുടക് ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഭരണതലത്തില്‍ സ്വാധീനം ചെലുത്തിയാണ് ബദല്‍ പാത എന്ന നിര്‍ദേശം വെക്കുന്നത്. ഈ പ്രദേശങ്ങളില്‍ അവര്‍ വാങ്ങിക്കൂട്ടിയ ഭൂമികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. ബന്ദിപ്പൂര്‍ വനത്തിലെ വന്യമൃഗങ്ങളുടെ സുരക്ഷക്കായി ശബ്ദമുയര്‍ത്തുന്നവര്‍ തോല്‍പ്പെട്ടി റെയിഞ്ചിലെ വന്യമൃഗങ്ങളെ കുറിച്ച് മൗനം പാലിക്കുന്നത് ദുരൂഹമാണ്.റിയല്‍ എസ്റ്റേറ്റ് ലോബി നടത്തുന്ന ആസൂത്രിത നീക്കങ്ങള്‍ ചെറുക്കാന്‍ ശക്തമായ ഇടപെടലുണ്ടാവണം.
ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് നിലവിലുള്ളതിനാല്‍ ബദല്‍പാതയായി ഇവര്‍ ചൂണ്ടിക്കാണിക്കുന്ന കുട്ട-ഗോണിക്കുപ്പ റോഡില്‍ യാതൊരുവിധ നവീകരണവും സാധ്യമല്ല.പുതുതായി ആ ഭാഗത്ത് റോഡ് നിര്‍മിക്കാനും തടസമുണ്ട്. വയനാട്ടിലേക്ക് എത്താന്‍ വനത്തിലൂടെ റോഡ് വേണമെന്നതിനാല്‍ ബദല്‍ റോഡെന്ന നിര്‍ദേശം പ്രായോഗീകമല്ല.ദേശീയ പാതക്ക് മറ്റൊരു ബദല്‍ ഉണ്ടാകില്ല. വന്യമൃഗങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന ബദല്‍ മാര്‍ഗങ്ങളാണ് ഉണ്ടാവേണ്ടത്. ആറ് മാസം കൊണ്ട് വനമേഖലക്ക് യതൊരു കോട്ടവും വരുത്താതെ സുരക്ഷിതമായി മേല്‍പ്പാലം പണിയാമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യണം.ദേശീയ ഉപരിതല ഗതാഗത വകുപ്പിന് മുന്നില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് അംഗീകാരം നേടണം.അതുവരെ നിയന്ത്രിതമായ രീതിയില്‍ ഗതാഗതം പുനസ്ഥാപിക്കണമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അഡ്വ ടി എം റഷീദ്, ഡോ. തോമസ് മാത്യു, സി അബ്ുദള്‍ റസാക്, അഡ്വ. റാംമോഹന്‍, കെ ബി സമ്പത്ത്, നിസാര്‍ കാസിം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
എം പി മാര്‍ കേസില്‍ നിന്ന് പിന്മാറിയത് ആര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണം
കല്‍പ്പറ്റ: ഗതാഗത നിരോധനം സംബന്ധിച്ച് സുപ്രിംകോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷികളായ എം പി മാര്‍ പോലും അഭിഭാഷകരെ വെക്കാതെ പിന്‍മാറുന്നത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാക്കണമെന്ന് ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.കേരള സര്‍കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചപ്പോള്‍ കേസില്‍ കക്ഷികളായ എം പിമാരായ എം ഐ ഷാനവാസ്, കെ രാഘവന്‍, കെഎസ്ആര്‍ടിസി, വിവിധ സ്വകാര്യ ബസ് ഉടമകള്‍, കേരള-കര്‍ണാടക ട്രാവലര്‍ ഫോറം തുടങ്ങിയ വിവിധ കക്ഷികള്‍ സ്വാഭാവികമായും സുപ്രിംകോടതിയില്‍ എതിര്‍കക്ഷികളായി നിലവിലുണ്ട്.പക്ഷേ സംസ്ഥാനസര്‍കാര്‍ ഒഴികെയുള്ളവരൊന്നും അഭിഭാഷകരെ വെക്കാന്‍ തയ്യാറായിട്ടില്ല.ആര്‍ക്ക് വേണ്ടിയാണ് ഈ പിന്‍മാറ്റം എന്ന് വ്യക്തമാക്കണം.കര്‍ണാടകയില്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്ന് ഉയര്‍ന്ന് വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും മറ്റ് ഭൂ മാഫിയ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട സംഘടനകളുടെ ബന്ധം പുറത്ത് കൊണ്ട്വരണം. കോണ്‍വോയ് അടിസ്ഥാനത്തില്‍ രാത്രികാലത്ത് ഗതാഗതം പുന:സ്ഥാപിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇരു സര്‍കാരുകളോടും കോടതി ആവശ്യപ്പെട്ടത് രണ്ട് വര്‍ഷം ആരുമറിയാതെ പൂഴ്ത്തിവെച്ചു.കോടതി നിര്‍ദേശം വന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ കേസിന്റെ ഗതി അനുകൂലമാകുമായിരുന്നുവെന്നും ആക്ഷന്‍ കമ്മറ്റി അഭിപ്രായപ്പെട്ടു.
deshabhimani 170113
No comments:
Post a Comment