Friday, January 18, 2013

ഒന്നുണര്‍ന്നു അരങ്ങ്


തൃശൂര്‍: അന്താരാഷ്ട്ര നാടകോത്സവത്തിന്റെ മൂന്നാം നാളില്‍ അരങ്ങ് കുറേക്കൂടി ഉണര്‍ന്നു. അവതരിപ്പിക്കപ്പെട്ട നാടകങ്ങളുടെ മികവും സജീവതയും കാണികളെ പിടിച്ചിരുത്തി. ജോര്‍ജിയായിലെ ത്ബീലസി മ്യൂസിക് ആന്‍ഡ് ഡ്രാമാ സ്റ്റേറ്റ് തിയറ്ററും ഇംഗ്ലണ്ടിലെ മൂവിങ് തിയറ്ററും സംയുക്തമായി അവതരിപ്പിച്ച കാര്‍മെന്‍-കോറിയോ ഡ്രാമ എന്ന നൃത്തനാടകം, കട്ടപ്പന ദര്‍ശന അവതരിപ്പിച്ച ഒഴിവുദിവസത്തെ കളി, ആക്ടേഴ്സ് എന്‍സംബിള്‍ ബാംഗ്ലൂരിന് വേണ്ടി മല്ലികാ പ്രസാദ് അവതരിപ്പിച്ച ഹിഡന്‍ ഇന്‍ പ്ലെയിന്‍ സൈറ്റ് എന്ന ഏകാംഗം. കോഴിക്കോട് ദൃഷ്ടി അമച്വര്‍ നാടകവേദിയുടെ വൈദേഹി പറയുന്നത് എന്നിവയായിരുന്നു നാടകങ്ങള്‍. വിഷയത്തിലും അവതരണത്തിലും മലയാള നാടകങ്ങള്‍ മുന്നോട്ട്പോക്കിന്റെ സൂചനയേകി. അതേസമയം സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഉജ്വലതകൊണ്ട് കാര്‍മെനും അഭിനയത്തിന്റെ തീക്ഷ്ണതകൊണ്ട് മല്ലികാപ്രസാദും പ്രേക്ഷകനെ പിടിച്ചിരുത്തി. ഏകപാത്രനാടകങ്ങളില്‍ അഭിനേതാവ് എന്താകണം എന്നതായിരുന്നു മല്ലികാ പ്രസാദ് ഹിഡന്‍ ഇന്‍ പ്ലെയിന്‍ സൈറ്റിലൂടെ കാണിച്ചുകൊടുത്തത്. വേദിയില്‍ പൂര്‍ണമായും നിറഞ്ഞ ശരീരഭാഷയും സൂക്ഷ്മതലത്തില്‍പ്പോലും വികാരത്തെ പ്രതിഫലിപ്പിച്ച ശബ്ദവും ഒരു നടിയുടെ പൂര്‍ണതയായി.

ആര്‍ ഉണ്ണിയുടെ കഥകളെ കേന്ദ്രീകരിച്ച് കട്ടപ്പന ദര്‍ശന അവതരിപ്പിച്ച ഒഴിവുദിവസത്തെ കളി ഒരു ഗ്രാമീണതയുടെ നന്മയേയും ഏറ്റിറക്കങ്ങളേയും പ്രതിഫലിപ്പിച്ചു. വീട് തടവുമുറിയാവുകയും അതിനുള്ളില്‍ അടിമയുടെ രൂപത്തില്‍ പെണ്ണും ഉടമയായി ആണും ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പിന്നെയും പിന്നെയും ഓര്‍മിപ്പിക്കുകയായിരുന്നു കോഴിക്കോട് ദൃഷ്ടി അമച്വര്‍ നാടകവേദിയുടെ വൈദേഹി പറയുന്നത് നാടകം. സംഭവിച്ചതും സംഭവിക്കുന്നതും-രംഗവേദിയിലെ നവീകരണങ്ങള്‍ സെമിനാര്‍ പ്രമുഖരായ പിനോ ദി ബുദുവ, പാഡി ഹെയ്റ്റര്‍, എഡ്വിന കോഫ്മാന്‍, ഡോ ഉമര്‍ തറമേല്‍ എന്നിവരുടെ സാന്നിധ്യവും കാഴ്ചപ്പാടും കൊണ്ട് ശ്രദ്ധേയമായി. മുടിയേറ്റിന്റെ അവതരണത്തോടെയാണ് മൂന്നാം ദിവസത്തിന് സമാപനം കുറിച്ചത്.
(കെ ഗിരീഷ്)

പെയ്തിറങ്ങി മഞ്ഞും മഴയും

തൃശൂര്‍: സ്വപ്നസമാനമായ ദൃശ്യങ്ങളുമായി ഇറ്റാലിയന്‍ നാടകസംഘം "തിയറ്ററോ പൊളാക്ക്" അരങ്ങ് തകര്‍ത്തു. മഞ്ഞും മഴയുമായി വേദിയില്‍ പെയ്തിറങ്ങിയപ്പോള്‍ കാണികള്‍ക്ക് കുളിരായി. പാരമ്പര്യ നൃത്തരൂപങ്ങളുമായി അസമിലെ പര്‍ബയും വേദിയിലെത്തിയതോടെ നാടകാസ്വാദകര്‍ക്ക് നല്ല വിരുന്നായി. ആദ്യാവസാനം 43 അഭിനേതാക്കളുമായി കൊല്ലം മുഖത്തല സ്വരലയ സാംസ്കാരിക സമിതിയുടെ തുപ്പല്‍ മത്സ്യവും നാടകോത്സവത്തിന്റെ രണ്ടാംദിനം അരങ്ങിലെത്തി. ലോകസിനിമയിലെ ഇറ്റാലിയന്‍ ഇതിഹാസം ഫെഡറികോ ഫെ ല്ലിനിയുടെ സിനിമകളിലെ കഥാപാത്രങ്ങളാണ് തിയറ്ററോ പൊളാക്കിന്റെ ഫെല്ലിനീസ് ഡ്രീമിലേത്. ഫെല്ലീനിയന്‍ സിനിമാസെറ്റിനെ അതേപടി അവതരിപ്പിച്ച നാടകം സര്‍ക്കസും ക്ലൗണ്‍ ഷോയും ഉള്‍ച്ചേര്‍ത്ത അവതരണമായിരുന്നു. ആധുനിക ഡിജിറ്റല്‍ സാങ്കേതികതയുടെയും ദീപവിതാനത്തിന്റെയും പിന്‍ബലത്തോടെ മഞ്ഞും മഴയും കാറ്റുമെല്ലാം അവതരിപ്പിച്ച് നാടകം കാണികളെ അമ്പരപ്പിച്ചു. പര്‍ബ രംഗയുടെ വീരാംഗന ഇത്തവണയും ചലനമുണ്ടാക്കി. രാജ്യത്തിനുവേണ്ടി പൊരുതി മരിച്ച വീരവനിതയുടെ കഥ പറയുന്നതിലൂടെ നാടകം സാമൂഹ്യപ്രതിബദ്ധതയും വിളിച്ചോതി.

കാറ്റലോണിയന്‍ നാടകപ്രവര്‍ത്തകന്‍ ഡേവിഡ് ബര്‍ഗയുടെ സംഘാംഗം അവതരിപ്പിച്ച "നോട്ട് യെറ്റ് എ ഷോ" ഹാസ്യവും, രംഗതലം രംഗോപകരണം ഫിസിക്കല്‍ തിയറ്റര്‍ സാധ്യത ഉപയോഗിച്ചായിരുന്നു അവതരണം. സെമിനാറില്‍ നാടകോത്സവങ്ങളുടെ രാഷ്ട്രീയവും ലക്ഷ്യവും വെളിവാക്കുന്ന അഭിപ്രായങ്ങളാല്‍ ചൂടുപിടിച്ചു. ഇറ്റാലിയന്‍ നാടകപ്രവര്‍ത്തകന്‍ പിനോ ദി ബുദുവ, ഫ്രാന്‍സില്‍നിന്നുള്ള പൗഡി ഹെയ്റ്റര്‍, പോളണ്ടില്‍നിന്നുള്ള എഡ്വിന കോഫ്മാന്‍, ഡോ. ഉമര്‍ തറമേല്‍ എന്നിവരാണ് പങ്കെടുത്തത്. ഡോ. സി ആര്‍ രാജഗോപാല്‍ മോഡറേറ്ററായി. ഡയറക്ടേഴ്സ് മീറ്റില്‍ പോളണ്ട് സംവിധായിക എവ്ലീന കൗഫ്മാന്‍, ഉതുപ്പാന്റെ കിണര്‍ നാടകത്തിന്റെ സംവിധായകന്‍ പി ജെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment