Friday, January 18, 2013

ആറന്മുള വിമാനത്താവളം രാജ്യാന്തര ഭൂമാഫിയയുടെ പരീക്ഷണകേന്ദ്രം


ആറന്മുള വിമാനത്താവളത്തിന്റെ മറവിലുള്ള ഭൂമികച്ചവടം രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പരീക്ഷണശാലയാകുന്നു. ഇടപാടുകള്‍ കെജിഎസ് എന്ന കമ്പനിയുടെ പേരിലാണെങ്കിലും അതില്‍ പണം മുടക്കിയത് റോബര്‍ട്ട് വധേരയും റിലയന്‍സ് ഗ്രൂപ്പും ആണെന്നും 2ജി സ്പെക്ട്രം അഴിമതിപ്പണവും ഉണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ഇടപെടലുകളില്‍ വ്യക്തമാകുന്നത്. ഈ കച്ചവടം പൂര്‍ത്തിയായാല്‍ ആ രീതി കേരളമാകെ വ്യാപിക്കുമെന്നതാണ് അപകടകരമായ ആശങ്കയായി മാറുന്നത്. റിലയന്‍സ് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നേരിട്ടിടപെട്ടത് രാജ്യത്തിന് മറക്കാറായിട്ടില്ല. ഇവിടെ "എല്ലാം ശരിയാക്കാന്‍" പ്രധാനമന്ത്രിയുടെ പത്തനംതിട്ട ജില്ലക്കാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നു എന്നത് റിലയന്‍സിന്റെയും വധേരയുടെയും സമ്മര്‍ദശക്തിയുടെ ആഴം വെളിപ്പെടുത്തുന്നു. അതിനൊപ്പംനിന്ന് വിധേയത്വം പ്രകടിപ്പിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു സ്വകാര്യ റിയല്‍എസ്റ്റേറ്റ് കമ്പനിയില്‍ 10 ശതമാനം ഓഹരിയെടുക്കുമെന്ന പ്രഖ്യാപനത്തിലൂടെ ഉമ്മന്‍ചാണ്ടിക്കും ഈ കൂട്ടുകച്ചവടത്തിലെ പങ്ക് കൂടുതല്‍ വെളിവാകുകയാണ്.

ഭൂമിയുടെ ആദ്യ ഉടമ മാണിഗ്രൂപ്പ് നേതാവായ കലമണ്ണില്‍ തങ്കച്ചന്‍ വയല്‍ നികത്താനാരംഭിച്ച കാലം മുതല്‍ കെഎസ്കെടിയുവും സിപിഐ എമ്മും പ്രക്ഷോഭം നടത്തിയിരുന്നു. അതിന്നും തുടരുകയാണ്. ആ പ്രക്ഷോഭങ്ങളെ തണുപ്പിക്കാനും കമ്പനിക്ക് ഔദ്യോഗിക പരിവേഷം നല്‍കാനുമാണ് ഉമ്മന്‍ചാണ്ടി ഓഹരി പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍ വ്യവസായം കൊണ്ടുവരാന്‍ ധൈര്യമില്ലെന്ന്&ൃറൂൗീ; പറഞ്ഞ പ്രതിരോധമന്ത്രി എ കെ ആന്റണിക്കും ആദ്യകാലത്ത് വിമാനത്താവള പദ്ധതിയെ എതിര്‍ത്ത മുന്‍ വ്യോമയാന മന്ത്രി വയലാര്‍ രവിക്കും വിവിധ വകുപ്പുകള്‍ അനുമതി നല്‍കിയപ്പോള്‍ നിശബ്ദരാകേണ്ടി വന്നു. അന്നും ഇന്നും വി എം സുധീരനും പ്ലാനിങ് ബോര്‍ഡംഗമായ അഡ്വ. പീലിപ്പോസ് തോമസും മാത്രമാണ് കോണ്‍ഗ്രസില്‍ എതിര്‍ ശബ്ദം പുറപ്പെടുവിച്ചിട്ടുള്ളത്. അതിന് രാജ്യസഭാധ്യക്ഷന്‍ പി ജെ കുര്യനടക്കം ഉന്നത നേതാക്കളുടെ അധിക്ഷേപത്തിനും അവര്‍ ഇരയായി. കെപിസിസി പുനഃസംഘടനയില്‍ ഇവര്‍ക്ക് വാഗ്ദാനം ചെയ്ത സ്ഥാനങ്ങളെവരെ ഈ നിലപാട് ബാധിക്കുമെന്നതിനാല്‍ അവരും പുനഃപരിശോധിക്കാനാണ് സാധ്യത.

ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശ്ശേരി വില്ലേജുകളുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ജലസ്രോതസ്സായ ആറന്മുള പുഞ്ചയാണ് മണ്ണിട്ട് നികത്തിയത്. ഇതടക്കം 700 ഏക്കര്‍ ഭൂമി മാത്രം മതിയെന്നാണ് കമ്പനിയുടെ വാദം. കേരളത്തില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളവും 700 ഏക്കറില്‍ നിര്‍മിച്ചിട്ടില്ലെന്നത് ചരിത്രം. ഭൂമിയുടെ അളവ് കുറച്ചുകാണിച്ചില്ലെങ്കില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രതിഷേധം രൂക്ഷമാകുമെന്ന തിരിച്ചറിവാണ് കമ്പനിയുടെ ഈ കള്ളക്കളിക്ക് പിന്നില്‍. അതുകൊണ്ടുതന്നെ കമ്പനി അജണ്ടകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിന് 2000 കോടി മുതല്‍മുടക്ക് പ്രഖ്യാപിച്ച കമ്പനി ഇപ്പോള്‍ അനുബന്ധമായി അന്താരാഷ്ട്ര നിലവാരമുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, നക്ഷത്ര ഹോട്ടലുകള്‍, ഐടി പാര്‍ക്ക്, സ്കൂള്‍ തുടങ്ങിയവയും സ്ഥാപിക്കാമെന്നാണ് ഒടുവില്‍ പ്രഖ്യാപിച്ചത്. ലക്ഷ്യം വ്യക്തമാണ്. നാട്ടുകാരുടെ എതിര്‍പ്പ് മൂലം വിമാനത്താവളം സ്ഥാപിക്കാന്‍ കഴിയില്ലെന്നും മറ്റ് സംരംഭങ്ങള്‍ ആരംഭിക്കുകയാണെന്നും പ്രഖ്യാപിച്ചാല്‍ ഭൂമി കച്ചവടം എളുപ്പവും ലാഭകരവുമാകും. ഈ കച്ചവടത്തില്‍ പ്രഖ്യാപിച്ച 2000 കോടി&ൃെൂൗീ; കാര്യമായ മുതല്‍മുടക്കില്ലാതെ നേടാനുമാകും. ആദ്യഉടമ കലമണ്ണില്‍ തങ്കച്ചന്‍ നല്‍കിയ കേസാണ് പ്രധാനപ്രതിസന്ധിയായിരുന്നത്. പറഞ്ഞ പണം കൊടുത്തില്ലെന്നതാണ് കേസ്. കൊടുക്കാനുള്ള പണം ഓഹരിയാക്കാമെന്ന് സംസ്ഥാനമന്ത്രിമാര്‍ ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പ് തങ്കച്ചനും അംഗീകരിച്ച മട്ടാണ്. ഇനി സംസ്ഥാന സര്‍ക്കാര്‍ തന്നെ എടുത്ത നടപടികളുടെ റദ്ദാക്കല്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിന് മുഖ്യമന്ത്രിയുടെ ഒരു വാക്കുമാത്രം മതിയാകും. പിന്നെ എല്ലാം ശുഭം.

ചരിത്രമായ് ഭൂസമരം

പത്തനംതിട്ട: സമരചരിത്രത്തില്‍ സമാനതകളില്ലാത്ത ഭൂസമരവും ചരിത്രമായി. സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍ക്കപ്പുറം ഭൂരഹിതരുടെ ദുരിതങ്ങള്‍ വെളിവാക്കുന്നതായിരുന്നു സമരവേദികള്‍. ജില്ലയില്‍ നാല് സമരകേന്ദ്രങ്ങളായിരുന്നു. ഇതില്‍ തട്ടാക്കുടി, കല്ലേലി, കൂനങ്കര എന്നിവിടങ്ങളിലെ സമരങ്ങളാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചത്. പ്രത്യേക സാഹചര്യത്തില്‍ ആറന്മുളവിമാനത്താവള ഭൂമിയിലെ സമരം തുടരും. സമരം അവസാനിച്ച കേന്ദ്രങ്ങളില്‍ ഇതുവരെ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഭൂരഹിതരുടെയും അപേക്ഷകള്‍ ഭൂസംരക്ഷണസമിതി തന്നെ വാങ്ങി സര്‍ക്കാരില്‍ ഏല്‍പ്പിക്കും. പുതുതായി അപേക്ഷ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണിത്. മൂന്ന് കേന്ദ്രങ്ങളിലും ഭൂസംരക്ഷണസമിതി നേതാക്കളെത്തി ഭൂരഹിതരുടെ യോഗം വിളിച്ചുചേര്‍ത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളിലെ തീരുമാനങ്ങളും വ്യവസ്ഥകളും വിശദീകരിച്ചു. ഏതായാലും പുതിയ സമരമുഖം തുറന്നതിലൂടെ മുഴുവന്‍ ഭൂരഹിതരും ഭൂമികിട്ടുമെന്ന പ്രതീക്ഷയിലാണ്.

അതിനിടെ സകല മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി ആറന്മുളയില്‍ ഭൂമാഫിയ നടത്തുന്ന കച്ചവട താല്‍പര്യങ്ങളെ ചെറുക്കാന്‍ അവിടെ സമരം തുടരും. വയലും ജലസ്രോതസ്സും നഷ്ടപ്പെടുത്തി വിമാനത്താവളം നിര്‍മിക്കാന്‍ ശ്രമിക്കുന്ന ഭൂമിയില്‍ ഇനി പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുകയാണ്. ഒരു സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ പത്ത് ശതമാനം ഓഹരിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ യുഡിഎഫ് സര്‍ക്കാരിന്റെ തനിനിറം കൂടുതല്‍ വെളിവായ സാഹചര്യത്തില്‍ കൂടുതല്‍ സംഘടനകളും വ്യക്തികളും പ്രക്ഷോഭത്തില്‍ അണിചേരുകയാണ്. വ്യാഴാഴ്ച പള്ളിയോടപള്ളിവിളക്ക് സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ഭക്ഷ്യവസ്തുക്കളുമായാണ് സമരഭൂമിയില്‍ എത്തിയത്. കണ്‍വീനര്‍ പി ഇന്ദുചൂഢന്‍ അവ സഹായസമിതിക്ക് കൈമാറി. അവര്‍ ഓരോ കുടിലിലും ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു. അരി, പഞ്ചസാര, കപ്പ, കാച്ചില്‍, ചേന, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയാണ് നല്‍കിയത്. സഹായസമിതി നേതാക്കളായ കെ എം ഗോപി, ആര്‍ അജയകുമാര്‍, പി ഡി മോഹനന്‍, കെ കെ ശിവാനന്ദന്‍, പി കെ സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ഭൂരഹിതര്‍, അവരെ സഹായിക്കാനെത്തിയ സഹായസമിതി പ്രവര്‍ത്തകര്‍, ബഹുജനങ്ങള്‍, സംഘടനകള്‍ തുടങ്ങി എല്ലാവര്‍ക്കും ഭൂസംരക്ഷണസമിതി ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരനും കണ്‍വീനര്‍ കെ പി ഉദയഭാനുവും നന്ദി അറിയിച്ചു.

deshabhimani 180113

No comments:

Post a Comment