Friday, January 18, 2013

അനിതയ്ക്ക് ആശ്വാസമായി സാന്ത്വനശയ്യ



കരള്‍ പകുത്ത കനിവിന്റെ ഓര്‍മയില്‍ കാരുണ്യദീപമായ് സ്വാതിയെത്തി

തൃപ്പൂണിത്തുറ: സമൂഹത്തിന്റെ കാരുണ്യത്തില്‍ ജീവിതം തിരിച്ചെടുത്ത സ്വാതികൃഷ്ണ, കരള്‍ പകുത്തുകിട്ടിയ കനിവിന്റെ ഓര്‍മയില്‍ രോഗക്കിടക്കയിലുള്ളവര്‍ക്ക് സാന്ത്വനവുമായെത്തി. സിപിഐ എം മുളന്തുരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സാന്ത്വന പരിചരണ യൂണിറ്റുകളുടെ ഏരിയതല ഉദ്ഘാടനത്തിനാണ് സാന്ത്വനസന്ദേശവുമായി സ്വാതികൃഷ്ണ എത്തിയത്. വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ പേരില്‍ രൂപീകരിച്ച സാന്ത്വനപരിചരണ യൂണിറ്റിന്റെ ഉദ്ഘാടനം സ്വാതികൃഷ്ണ നിര്‍വഹിച്ചു. എടയ്ക്കാട്ടുവയലില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഏറെ സന്തോഷത്തോടെയാണ് സ്വാതിയെത്തിയത്. മരണക്കിടക്കയില്‍നിന്ന് ജീവിതത്തിലേക്കുള്ള വഴിയില്‍ തന്നെ സഹായിച്ചവരെയെല്ലാം നന്ദിയോടെ സ്മരിച്ചുകൊണ്ടാണ് സ്വാതികൃഷ്ണ ചടങ്ങില്‍ പങ്കെടുത്തത്.

"രോഗം ബാധിച്ച് ചികിത്സയ്ക്ക് വഴിമുട്ടിയ തന്നെ ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ ഒരു സമൂഹം ഒറ്റക്കെട്ടായി സഹായിച്ചതിനാലാണ് ഇന്നിവിടെ നില്‍ക്കാന്‍ കഴിയുന്നതെന്ന് സ്വാതികൃഷ്ണ പറഞ്ഞു. ജനകീയ കൂട്ടായ്മകളുടെ ഏറ്റവും നല്ല ഉദാഹരണമാണ് തന്റെ ജീവിതം. സമൂഹത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ കൂടുതല്‍ പേര്‍ രംഗത്തേയ്ക്കു വരണം. സാന്ത്വനപരിചരണ യൂണിറ്റുകള്‍ അതിനു സഹായകമാകും. ഇതിനായി പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കുന്നുവെന്നും സ്വാതി പറഞ്ഞു. സ്വാതികൃഷ്ണയുടെ കരളില്‍ത്തൊട്ട വാക്കുകള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.

മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് 2012 ജൂലൈ 15നായിരുന്നു സ്വാതിക്ക് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്. ചെറിയമ്മ റെയ്നിയാണ് കരള്‍ നല്‍കിയത്. നാടിന്റെ നാനാഭാഗത്തുനിന്നുമുള്ളവരുടെ സാമ്പത്തികസഹായവും സ്വാതികൃഷ്ണയ്ക്കുലഭിച്ചു. ഹ്യൂഗോ ഷാവേസിന്റെ പേരില്‍ രൂപീകരിച്ചിട്ടുള്ള സാന്ത്വനപരിചരണ യൂണിറ്റ് അംഗങ്ങള്‍ തുപ്പംപടിയിലെ ക്യാന്‍സര്‍രോഗിയായ രാജേന്ദ്രനെ വ്യാഴാഴ്ച സന്ദര്‍ശിക്കും. ഇവരോടൊപ്പം ഡോക്ടര്‍മാരുടെ ഒരു സംഘവുമുണ്ടാകും. ചടങ്ങില്‍ കെ എ ജോഷി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി ആര്‍ ഗോപിനാഥ്, ഡോ. പി എ കൃഷ്ണന്‍, ഡോ. ബാബു തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി സി ഷിബു, വളന്റിയര്‍ ക്യാപ്റ്റന്‍ പി കെ രാജു എന്നിവര്‍ സംസാരിച്ചു. സിപിഐ എം ലോക്കല്‍ സെക്രട്ടറി സി കെ റെജി സ്വാഗതവും ടി വി സനല്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment