കിളിമാനൂര്‍/നെടുമങ്ങാട്: "ഞങ്ങളുടെ ജീവിതസമരത്തിന് തണലായി നിന്നവര്‍ക്കും സമരസഹായസമിതി നേതാക്കള്‍ക്കും നന്ദി". ഈ വാക്കുകളില്‍ നിറയുന്നത് ഒരു നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നമാണ്. പിറന്നുവീണനാള്‍ മുതല്‍ ഭൂരഹിതരായ അബാലവൃദ്ധം ജനങ്ങളാണ് നീണ്ട സമരത്തില്‍ അണിനിരന്നത്. തലചായ്ക്കാന്‍ ഒരു കൂരയും ഒരുപിടി മണ്ണും എന്ന ചിരകാല സ്വപ്നത്തിനായുള്ള ഐതിഹാസിക പോരാട്ടം ലക്ഷ്യം കാണുമ്പോള്‍ നന്ദി വാക്കുകളില്‍ ഒതുക്കാനാകില്ല. സമരത്തെ തള്ളിപ്പറഞ്ഞവര്‍ക്കും പ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കും സമരവിജയത്തെക്കുറിച്ച് മിണ്ടാട്ടമില്ല. ചെങ്കൊടിക്ക് കീഴില്‍ അണിനിരന്ന മണ്ണിന്റെ മക്കളുടെ പോരാട്ടം ജയിച്ചപ്പോള്‍ സമരചരിത്രത്തിന്റെ താളുകളില്‍ അത് രേഖപ്പെടുത്തുക തങ്കലിപികളിലാണ്.
തുമ്പോട്ടും പോതുപാറയിലും ആനാട് പഞ്ചായത്തിലെ കല്ലിയോട്ടും മിച്ചഭൂമികളില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ച കുടുംബങ്ങളാണ് സമരം വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ വ്യാഴാഴ്ച രാവിലെ മടങ്ങിപ്പോയത്. സമരം വിജയിച്ചതറിഞ്ഞ് സമരഭടന്മാരും കുടില്‍കെട്ടി പാര്‍ത്ത കുടുംബങ്ങളും ആര്‍ത്തുവിളിച്ച് ആഹ്ലാദിച്ചു. വിജയഭേരിമുഴക്കി ബുധനാഴ്ച ഭൂമി വിട്ടിറങ്ങിയ കുടുംബങ്ങള്‍ക്ക് യാത്രയയപ്പുനല്‍കാന്‍ പ്രദേശവാസികള്‍ എത്തി. കല്ലിയോട്ട് നടന്ന സമരസമാപനയോഗം സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ചെറ്റച്ചല്‍ സഹദേവന്‍ ഉദ്ഘാടനംചെയ്തു. കെ രാജേന്ദ്രന്‍ അധ്യക്ഷനായി. തലസ്ഥാനജില്ലയിലെ പ്രധാന സമരകേന്ദ്രമായ മടവൂര്‍ പഞ്ചായത്തിലെ തുമ്പോട് സമരഭൂമിയില്‍ 16 ദിവസം ചെങ്കൊടിക്കുകീഴില്‍ പ്രതിഷേധാഗ്നിയാണ് ആളിക്കത്തിയതെങ്കില്‍ വ്യാഴാഴ്ച തുമ്പോട് സമരഭൂമിയില്‍ മുഴങ്ങിയത് ചെങ്കൊടിക്കുകീഴിലെ വിജയാരവമായിരുന്നു.
വ്യാഴാഴ്ച രാവിലെതന്നെ ഭൂസമരം വിജയിച്ചതിന്റെ ആഹ്ലാദത്തോടെ ജില്ലയുടെ വിവിധ ഏരിയകളില്‍നിന്ന് കുടില്‍കെട്ടി അവകാശം സ്ഥാപിച്ച കുടുംബങ്ങളും അവരുടെ ബന്ധുക്കളുമെല്ലാം സമരഭൂമിയിലെത്തിയിരുന്നു. ഇവരുടെ ആഹ്ലാദത്തില്‍ പങ്കുചേരാന്‍ വിവിധ സംഘടനകളുടെയും സമരസഹായ സമിതിയുടെയും നേതാക്കളും ഒപ്പമെത്തി. തുമ്പോട് ജങ്ഷനില്‍നിന്ന് ഭൂരഹിതകുടുംബങ്ങളും സമരനേതാക്കന്മാരും സമരഭൂമിയിലേക്ക് ആഹ്ലാദപ്രകടനം നടത്തി. സമരവിജയത്തിന്റെ മധുരവുമായി സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ ഭൂസമരത്തിന്റെ ആവേശം കെട്ടണയാതെ ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് പ്രതിജ്ഞചൊല്ലി സമരഭൂമിയില്‍നിന്നിറങ്ങി.
ഭൂസംരക്ഷണ സമരം: വിജയഭേരി മുഴക്കി മണ്ണിന്റെ മക്കള്‍
കൊല്ലം: കയറിക്കിടക്കാന്‍ ഒരു തുണ്ടു ഭൂമിക്കും മരിച്ചാല്‍ കുഴിച്ചിടാന്‍ ആറടി മണ്ണിനുംവേണ്ടി ഭൂരഹിതര്‍ നടത്തിയ സമരം ചരിത്രവിജയമായി. കുളത്തൂപ്പുഴയിലെ അരിപ്പയില്‍, ആര്യങ്കാവിലെ നാഗമലയില്‍, ചിതറയില്‍ ഒക്കെ മണ്ണിന്റെ നേരവകാശികള്‍ നടത്തിവന്ന സമരം വീറുറ്റ ചരിത്രമെഴുതി. മണ്ണിന്റെ മക്കള്‍ നടത്തിയ സമരത്തെ അപഹസിച്ചവര്‍ക്കു ചുട്ടമറുപടി നല്‍കി ഭൂസംരക്ഷണ സമരസമിതി നടത്തിയ സമരം ഐതിഹാസിക വിജയം കണ്ടു. കേരള കര്‍ഷകസംഘം, കെഎസ്കെടിയു, ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമരം. അരിപ്പയില്‍ ജനുവരി ഒന്നിനും നാഗമലയില്‍ 13നും ചിതറയില്‍ രണ്ടുദിവസം മുമ്പുമാണ് സമരം തുടങ്ങിയത്. അരിപ്പയില്‍ കഴിഞ്ഞ 17 ദിവസമായി നടന്നുവന്ന സമരം വ്യാഴാഴ്ച സമാപിച്ചു. ജനുവരി ഒന്നു മുതല്‍ പത്തു വരെ നൂറുകണക്കിന് വളന്റിയര്‍മാര്‍ സര്‍ക്കാര്‍ ഭൂമിയില്‍ പ്രവേശിച്ച് അറസ്റ്റ് വരിക്കുന്നതിനായും അവരെ അനുഗമിച്ച് ആയിരക്കണക്കിന് ഭൂസംരക്ഷണസമിതി പ്രവര്‍ത്തകരും ജില്ലയുടെ വിവിധ ഏരിയകളില്‍നിന്ന് എത്തിയിരുന്നു. പതിനൊന്നു മുതല്‍ സമരഭൂമിയില്‍ കുടില്‍കെട്ടല്‍ സമരം ആരംഭിച്ചു. ഇവിടെ സ്വകാര്യ വ്യക്തിയുടെ കൈയില്‍നിന്നു പിടിച്ചെടുത്ത 54 ഏക്കര്‍ സര്‍ക്കാര്‍ഭൂമി നിറയെ 750 കുടുംബങ്ങള്‍ കുടില്‍കെട്ടി താമസമാക്കുകയുണ്ടായി. കഴിഞ്ഞ ദിവസം സമരം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുകൂലമായി നിലപാടു സ്വീകരിച്ചതിനാല്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
സമാപനയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ജോര്‍ജ് മാത്യു ഉദ്ഘാടനംചെയ്തു. സിപിഐ എം അഞ്ചല്‍ ഏരിയസെക്രട്ടറി കെ ബാബുപണിക്കര്‍ അധ്യക്ഷനായി. നാഗമലയിലെ മിച്ചഭൂമിയില്‍ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയിരുന്ന 270 കുടിലുകളും സമരക്കാര്‍ നീക്കംചെയ്തു. സര്‍ക്കാരും ഭൂസംരക്ഷണസമിതി നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുലഭിച്ചതോടെയാണ് മലയോരനാട് കണ്ട മറ്റൊരു ചരിത്രപോരാട്ടത്തിന് വിരാമമിട്ടത്. എന്നാല്‍, സമരം ഒത്തുതീര്‍ന്നതറിയാതെ നാഗമലയിലെ സമരകേന്ദ്രത്തിലേക്ക് കുടില്‍കെട്ടാനായി 50 കുടുംബങ്ങള്‍ വ്യാഴാഴ്ച രാവിലെ എത്തിയിരുന്നു. ഭൂരഹിതരുടെ പേരുവിവരം ഫെബ്രുവരി 15വരെ എല്ലാ വില്ലേജ് ഓഫീസുകളിലും നല്‍കാന്‍ ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ എല്ലാവരെയും അറിയിച്ചു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സമരകേന്ദ്രത്തില്‍ കേരള കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോര്‍ജ്മാത്യു വിശദീകരിച്ചു. തുടര്‍ന്നാണ് കുടിലുകള്‍ നീക്കംചെയ്തശേഷം സമരഭടന്മാര്‍ മുദ്രാവാക്യം മുഴക്കി നാഗമലയിലെ മിച്ചഭൂമിയില്‍ ആഹ്ലാദപ്രകടനം നടത്തിയത്. നെടുമ്പാറയില്‍ പ്രകടനം സമാപിച്ചു.
ഭൂസമരം; ജില്ലയിലെമ്പാടും ആഹ്ലാദപ്രകടനം
തൃശൂര്‍: പിറന്ന മണ്ണില്‍ ഒരു പിടി മണ്ണിനായി നടത്തിയ ഐതിഹാസിക സമരം വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിലെമ്പാടും പ്രകടനങ്ങള്‍ നടന്നു. ഭൂസംരക്ഷണസമിതി മുന്നോട്ട് വച്ച ആവശ്യങ്ങള്‍ മിക്കതും അംഗീകരിച്ചതില്‍ സമരവളണ്ടിയര്‍മാരടക്കമുള്ളവര്‍ വന്‍ ആഹ്ലാദത്തിലാണ്. വ്യാഴാഴ്ച രാവിലെയും സമരകേന്ദ്രത്തിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു നൂറ് കണക്കിന് സമരവളണ്ടിയര്‍മാര്‍. അതിനിടെയാണ് സമരം വിജയിച്ചതായുള്ള പ്രഖ്യാപനം വന്നത്. ഒന്നു മുതല്‍ പത്ത് വരെ വടക്കാഞ്ചേരി വടക്കേക്കളം എസ്റ്റേറ്റിലും 11 മുതല്‍ ജില്ലയിലെ 14 കേന്ദ്രങ്ങളിലും നടന്ന സമരത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കാളികളായത്. ജയിലില്‍ പോകാന്‍ തയ്യാറായി നടത്തിയ സമരം ജില്ലയുടെ പ്രക്ഷോഭ ചരിത്രത്തിലെ പുതിയ ഏടായിരുന്നു. ആദിവാസികളടക്കമുള്ളവരുടെ പങ്കാളിത്തം ആവേശം ജനിപ്പിക്കുന്നതായി.
ജനുവരി ഒന്നിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ജില്ലയിലെ സമരം ഉദ്ഘാടനം ചെയ്തത്. സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഭൂരഹിതരായ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഭൂമി നല്‍കുന്ന നടപടി ത്വരിതപ്പെടുത്താന്‍ ധാരണയായി. ഭൂരഹിതര്‍ക്ക് കുറഞ്ഞത് മൂന്ന് സെന്റ് ഭൂമി നല്‍കും. ഫെബ്രുവരി 15നകം ഇതിനായി അപേക്ഷ നല്‍കണം. ആഗസ്തിനകം ഒരു ലക്ഷം പേര്‍ക്കെങ്കിലും ഭൂമി നല്‍കും, അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും, ഭൂസമരവുമായി ബന്ധപ്പെട്ടെടുത്ത കേസുകള്‍ പിന്‍വലിക്കും തുടങ്ങിയവയാണ് ചര്‍ച്ചയിലെ ധാരണകള്‍. സമരം വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തൃശൂര്‍, ചേലക്കര, പുഴയ്ക്കല്‍, കുന്നംകുളം, കാഞ്ഞാണി, പടിയൂര്‍, പാലപ്പിള്ളി, പൊയ്യ, ചാലക്കുടി, ഒല്ലൂര്‍, മാടക്കത്തറ തേറമ്പം, ചാവക്കാട് എന്നിവിടങ്ങളില്‍ നടന്ന പ്രകടനങ്ങള്‍ക്ക് ഭൂസംരക്ഷണസമിതി നേതാക്കള്‍ നേതൃത്വം നല്‍കി. തൃശൂര്‍ ടൗണില്‍ നടന്ന പ്രകടനത്തിന് ഭൂസംരക്ഷണസമിതി ജില്ലാ കണ്‍വീനര്‍ എന്‍ ആര്‍ ബാലന്‍, ചെയര്‍മാന്‍ മുരളി പെരുനെല്ലി എന്നിവര്‍ നേതൃത്വം നല്‍കി.
deshabhimani 180113
No comments:
Post a Comment