Friday, January 11, 2013

കടമേരിയിലും താമരശേരിയിലും എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു


താമരശേരി: എസ്എഫ്ഐ പഠിപ്പുമുടക്കിന്റെ ഭാഗമായി കോരങ്ങാട് ഐഎച്ച്ആര്‍ഡി കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം വി ലിജു ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ എംഎസ്എഫ്-കെഎസ്യു സംഘം ആക്രമിച്ചു. മുസ്ലിംലീഗ് താമരശേരി പഞ്ചായത്ത് സെക്രട്ടറി അഷറഫ് കോരങ്ങാടിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. സ്ഥലത്തെത്തിയ പൊലീസും എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. വ്യാഴാഴ്ച പകല്‍ 12.30 ഓടെയാണ് സംഭവം. താമരശേരി പുതിയബസ്സ്റ്റാന്റ് പരിസരത്തും കെഎസ്യു-എംഎസ്എഫ് സംഘം നടത്തിയ അക്രമത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എസ്എഫ്ഐ താമരശേരി ഏരിയാകമ്മറ്റി പ്രതിഷേധിച്ചു. നാദാപുരം: കടമേരി ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് എസ്എഫ്ഐ പ്രകടനത്തെ എംഎസ്എഫ്- യൂത്ത്ലീഗ് സംഘം അക്രമിച്ചു. എസ്എഫ്ഐ നാദാപുരം ഏരിയാ കമ്മിറ്റി അംഗം എം കെ സനല്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ സ്കൂളില്‍ പഠിപ്പ് മുടക്കി പ്രകടനം നടത്തുകയായിരുന്ന വിദ്യാര്‍ഥികളെയാണ് മുപ്പതോളം ക്രിമിനല്‍ സംഘം ആക്രമിച്ചത്. എസ്എഫ്ഐ പതാക വലിച്ച് കീറി. പരിക്കേറ്റ വിദ്യാര്‍ഥികളായ ഒ വിഷ്ണു, കെ കെ ജിഷ്ണു എന്നിവരെ നാദാപുരം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ എസ്എഫ്ഐ നാദാപുരം, വടകര ഏരിയാ കമ്മിറ്റികള്‍ പ്രതിഷേധിച്ചു.

എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം

കുറ്റ്യാടി: എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ആറ് പ്രവര്‍ത്തകരെ പൈക്കളങ്ങാടിയില്‍ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് സംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കുന്നുമ്മല്‍ മേഖലയിലെ ഏഴു പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ജില്ലയില്‍ എസ്എഫ്ഐ നടത്തിയ വിദ്യാഭ്യാസ ബന്ദും പൂര്‍ണമായി. അക്രമത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. പൈക്കളങ്ങാടിയില്‍ നടന്ന അക്രമത്തില്‍ 30 പേര്‍ക്കെതിരെ തൊട്ടില്‍പ്പാലം പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി കുന്നുമ്മല്‍ ഏരിയാ സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി വി കെ കിരണ്‍രാജ്, ജോ. സെക്രട്ടറി എന്‍ കെ നികേഷ്, കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി വി ആര്‍ വിജിത്ത്, പ്രസിഡന്റ് എം പി ഷാരോണ്‍, കുറ്റ്യാടി ലോക്കല്‍ സെക്രട്ടറി രാഹുല്‍, ഏരിയാ ജോ. സെക്രട്ടറി ടി കെ രഖില്‍ എന്നിവരെ ആക്രമിച്ചത്. എല്‍ഡിഎഫ് നേതൃത്വത്തില്‍ കായക്കൊടി, കാവിലുംപാറ, മരുതോങ്കര, കുറ്റ്യാടി, വേളം, കുന്നുമ്മല്‍, നരിപ്പറ്റ എന്നീ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. കുറ്റ്യാടിയില്‍ പൊതുയോഗത്തില്‍ എല്‍ഡിഎഫ് നേതാക്കളായ കെ പി കുഞ്ഞമ്മദ്കുട്ടി, പി സുരേഷ് ബാബു, കെ കെ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. വി ബാലന്‍ അധ്യക്ഷനായി. ടി കെ മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.

എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ അക്രമം: വ്യാപക പ്രതിഷേധം

കോഴിക്കോട്: എസ്എഫ്ഐ കുന്നുമ്മല്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കെഎസ്യു യൂത്ത്കോണ്‍ഗ്രസ് നടത്തിയ ആക്രമണത്തില്‍ ജില്ലയില്‍ വന്‍ പ്രതിഷേധം. എസ്എഫ്ഐ ജില്ലയില്‍ നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂര്‍ണമായിരുന്നു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വി കെ കിരണ്‍രാജ്, ജോയിന്റ് സെക്രട്ടറി എം കെ നികേഷ്, കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി വി ആര്‍ വിജിത്ത്, പ്രസിഡന്റ് എം പി ഷാരോണ്‍, ഏരിയാ ജോയിന്റ് സെക്രട്ടറി പി കെ രഗില്‍, കുറ്റ്യാടി ലോക്കല്‍ സെക്രട്ടറി രാഹുല്‍ എന്നിവരെയാണ് കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചത്. കോഴിക്കോട്ട് നടന്ന പ്രതിഷേധ പ്രകടനത്തിലും പരിപാടിയിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്, ജില്ലാ പ്രസിഡന്റ് ടി കെ സുമേഷ്, സംസ്ഥാനകമ്മറ്റിയംഗം എം സമീഷ്, ജില്ലാ വൈസ്പ്രസിഡന്റ് ഇ അനൂപ് എന്നിവര്‍ സംസാരിച്ചു. വടകര ഏരിയയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് കെ എം രജീഷ്, കെ എം നിനു എന്നിവരും, ഒഞ്ചിയത്ത് നിധിന്‍, വിബിന്‍, പേരാമ്പ്രയില്‍ അര്‍ച്ചന, സുബീഷ്, നാദാപുരത്ത് എ കെ വിജിത്ത്, രാഹുല്‍രാജ്, കുന്നുമ്മല്‍ ഷഹനാസ്, ബവിജിത്ത്, കൊയിലാണ്ടിയില്‍ സനേഷ്, ഷിജോയ്, സൗത്തില്‍ സക്കറിയ, സിറ്റിയില്‍ വൈശാഖ്, സിനുഷ, ഫറോക്കില്‍ ജിതിന്‍, അഭിജിത്ത്, സാജിത, ബാലുശേരിയില്‍ അതുല്യ എന്നിവര്‍ നേതൃത്വം നല്‍കി.

കെഎസ്യു-എംഎസ്എഫ് ആക്രമണത്തെ പ്രതിരോധിക്കും: എസ്എഫ്ഐ

കണ്ണൂര്‍: പങ്കാളിത്ത പെന്‍ഷനും വിദ്യാഭ്യാസക്കച്ചവടത്തിനും എതിരായി ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് സമരം അലങ്കോലമാക്കാനും ക്യാമ്പസുകളില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള കെഎസ്യു-എംഎസ്എഫ് സഖ്യത്തിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. ഒരു കാരണവുമില്ലാതെ അരഡസനിലധികം തവണ പഠിപ്പ്പുടക്ക് സമരം നടത്തിയവരാണ് കെഎസ്യുക്കാര്‍. അന്നൊന്നുമില്ലാത്ത "പഠനസ്നേഹം" ഇന്ന് കാണിക്കുന്നത് പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ രക്ഷിക്കാനും അധ്യാപക -വിദ്യാര്‍ഥി സമരത്തെ കരിതേച്ച് കാണിക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണ്. വിദ്യാര്‍ഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇത്തരക്കാരെ പ്രതിരോധിക്കാന്‍ എസ്എഫ്ഐ അമാന്തിക്കില്ല. സംഘര്‍ഷം സൃഷ്ടിക്കാനുള്ള കെഎസ്യു-എംഎസ്എഫ് നീക്കത്തിനെതിരെ മുഴുവന്‍ വിദ്യാര്‍ഥികളും കരുതിയിരിക്കണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani 110113

No comments:

Post a Comment